കലാസിപ്പാളയം
പുലർച്ചെ,
മുടി വാരിക്കെട്ടി
വിളക്കുകാലിൽ ചാരി
ചായ ഊതി കുടിക്കുന്നു
ഉദ്യാന നഗരം.
സിറ്റി മാർക്കറ്റിനെ പൊതിഞ്ഞ്
*ഹൂവേ... വിളികൾ
മണ്ണു മണക്കുന്ന ചീര,
വഴുതന, വെണ്ട...
എല്ലാം പരത്തിയിട്ടിരിക്കുന്നു.
പണ്ടത്തെ *പടനിലമാണ്
രാവിലെ,
ടിപ്പു സുൽത്താന്റെ
വേനല്‍ക്കാല കൊട്ടാരത്തിലേക്ക്
പ്രവേശനം തുടങ്ങി.
ഇരുപത് രൂപ ടിക്കറ്റിലൊരാൾ
ഉള്ളിൽ കയറുന്നു,
ഒന്നാം നിലയിലെ
സിംഹാസനത്തിലിരുന്നു നോക്കുന്നു
പഴയ ദർബാർ ആയിരുന്നല്ലോ
കൊത്തുപണികൾ നിറഞ്ഞ തൂണുകളിലെ,
ചുവരുകളിലെ
മാഞ്ഞു തുടങ്ങുന്ന അക്ഷരങ്ങളിലേക്ക്
ഉറ്റുനോക്കുന്നു
പഴയ പൊരുളുകൾ തന്നെയോ
പിന്നിലെ ചരിത്രം
പലരുടെയും സെൽഫികളിൽ
പതിയാൻ
പാടുപെടുന്നപോലെ...
നട്ടുച്ച,
കേണും
കയർത്തും
കിതച്ചും
വിയർപ്പാറ്റി
കൊട്ടാര
മതിലിനു പുറത്ത്
ചാഞ്ഞിരിക്കുന്നു
സിലിക്കോൺ നഗരം
അയാൾ തൊട്ടപ്പുറത്ത്
ടിപ്പുവിന്റെ
കൂറ്റൻ
കോട്ടക്കുള്ളിൽ.
പഴയ കെട്ടുറപ്പ് തന്നെ
സന്ധ്യ,
നടന്നു തളർന്ന നാവുമായ്
വിൽപനകൾ
നിർത്താനൊരുങ്ങുന്നു
സൈബർ നഗരം
അയാൾ
അടുത്തുള്ള
വെങ്കട്ടരമണ ക്ഷേത്രത്തിനു സമീപം.
അവിടത്തെ അഷ്ടഭുജ സ്തംഭമായിരുന്നത്രേ,
ഒരു *യുദ്ധത്തിൽ ടിപ്പുവിനെ
ബ്രിട്ടീഷ് പീരങ്കികളിൽ
നിന്ന് പൊതിഞ്ഞു പിടിച്ചത്
ആ പഴയ സ്തംഭം
അവിടെ കാണുമോ
രാത്രി,
പിറ്റേന്നത്തേക്കുള്ള
പൂക്കൾ കെട്ടിത്തുടങ്ങുമ്പോൾ
വീട്ടകങ്ങളിൽ
ഉറങ്ങിവീഴുന്നു
സിലിക്കോൺ നഗരം
പഴയ പാളയം കണ്ടയാൾ
തിരികെ പോകാനൊരുങ്ങുമ്പോൾ
മായാത്തൊരോർമയിൽ
തിളങ്ങുന്നു
പറുദീസാ നഗരം
===========
1. പൂവേ
2. ടിപ്പു സുൽത്താന്റെ ഭരണകാലത്ത് ബംഗളൂരുവിലെ സൈനിക താവളമായിരുന്നു കലാസിപ്പാളയം
3. മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം