ചായ
കുറെ നാൾക്കുശേഷം ഒരുദിവസം
സോഷ്യൽ മീഡിയ യൂനിവേഴ്സിറ്റിയിൽനിന്ന്
ഇറങ്ങിനടന്നു
തോമസേട്ടന്റെ
ചായപ്പീടികയിൽ
മുപ്പാലക്കണ്ടി മെസ്സി കുടിച്ച ചായക്കാശ്
ചേനക്കാട്ടുപടി റൊണാൾഡോ
കൊടുക്കുന്നു
വിത്തൗട്ട് ചായ കുടിച്ച് ചായപ്പീടികക്ക്
പുറത്തുനിന്നിരുന്ന സാർത്ര് സേവ്യറിന്റെ
കാതിലെ കുറ്റി ബീഡി ബ്രഹ്ത് ഭരതന്റെ
നെടുങ്കൻ വിരലുകളുടെ
ഇടയിലിരുന്ന് നിമിഷനേരംകൊണ്ട് തീ പിടിക്കുന്നു
വെള്ളക്കദറുകാരൻ
കാദറിന്റെ ചായയിൽ വീണ
ഉറുമ്പിനെയെടുക്കാൻ സഹായിക്കുന്നു
സുക്കർണ്ണോ
പുത്തൻവീട്ടിൽ
നോമ്പുതുറക്കുള്ള എണ്ണപ്പലഹാരത്തിന്
ഓർഡർ ചെയ്ത് പാഞ്ഞുപോകുന്നു ജമാലും
സുബൈദയും സ്കൂട്ടറും
ബാക്കിയുള്ള ബഞ്ചിൽ
കുശലം പറഞ്ഞിരിക്കുന്നു
കുറച്ചുപേർ
താന്നിയത്തമ്പലത്തിൽ ഉത്സവത്തിന് വന്നോർ
കൗതുകമാർന്ന് എല്ലാം പകർത്തി ഫോൺ കേമറയിൽ
ഫേസ്ബുക്കിൽ അപ് ലോഡു ചെയ്യുവാൻ
ചായപ്പീടിക പൂട്ടി സഞ്ചിയിലിട്ട് വീട്ടിലേക്ക് പോകവേ
തടയുന്നു തോമസേട്ടൻ, എന്നിട്ടു പറയുന്നു
ഇടക്ക് ഇങ്ങോട്ടൊക്കെ
യൊന്നിറങ്ങടോ ഒരു ചായ കുടിക്കാനെങ്കിലും.,
ഈ പതിവുകാഴ്ചകളൊക്കെക്കാണാമല്ലോ...
=========
* മുപ്പാലക്കണ്ടി മെസ്സി*: നാട്ടിൽ ഇരട്ടപ്പേരിൽ അറിയപ്പെടുന്നവരും,
ഫേക്ക് ഐഡിയിൽ ഉള്ളവരും.