Begin typing your search above and press return to search.
proflie-avatar
Login

കർഷകൻ പാടിത്തീർത്തത്

Malayalam poem
cancel

മകരത്തിൽ കൊയ്തവർ

മറയുന്നു.

ഏലായുടെ തലയ്ക്കൽ

ചില രാത്രികളിൽ

ഒരാൾ പാടാറുണ്ട്.

ഇന്നലെ രാത്രി

അതിങ്ങനെ പൂർണമായി.

പകലെല്ലാം വെയിലേറ്റിട്ടും

പണിയെല്ലാം തീർത്തേ പോന്നു.

ചെളികഴുകിക്കരകേറുമ്പോൾ

പുതുനെല്ലിൻ മണമായ് നാളെ.

കാടിന്റെയൊഴുക്കിന്നൊടുവിൽ

മടവീണ വയലോർക്കുന്നേ.

പനിയെത്തും, പണിയില്ലാതെ

വയറിൽ തീ പുകയും കാലം.

തെളിയുന്ന മാനം വീണ്ടും

വയൽനീളേ മഴവിൽ പൂക്കും.

അതുകണ്ടു വരമ്പിൽ നീളേ

ദ്രുതകാലം മേളമൊരുക്കും.

കിളിയെല്ലാം പാറിനടക്കും.

കതിരെല്ലാം കാത്തുകിടക്കും.

കിഴക്കത്തെ ചരിവിൽനിന്നും

ധനുമാസം കാറ്റായ് വന്നു.

പുലർകാലത്തണുവിൽ നേരം–

കളയാതെ കളനീക്കുമ്പോൾ

മകരത്തിനു വഴികാട്ടാനായ്

മലമുകളിൽ തേവരുറഞ്ഞു.

മകരക്കൊയ്ത്തെത്ര കഴിഞ്ഞു

പദമെണ്ണിയ നാളുകൾ മാഞ്ഞു.

കൊടുവേനൽ ഋതുവായ് മാറി

കുടിയൊക്കെയൊഴിഞ്ഞും പോയി.

വഴിതിങ്ങിയ കൈതക്കാടിൻ

മണമെന്നേ വറ്റിപ്പോയി.

ചെളിയെല്ലാം കട്ടകളായി

ഇനിയുള്ളതു കണ്ണീർപ്പാടം.

മഴയില്ലാക്കാലം, തേവാൻ

കുളമില്ലാതായേ തോറ്റേ.

മറവിക്കു തോറ്റം പാടാൻ

നനവില്ലാതായേയീണം.

തൊഴിയില്ലാ വയലിൻമേലിൽ

കരിയില്ലാക്കാളക്കോലം.

കരുതൽ നാം കാത്തെന്നാലും

കരിവാവിൻ കൊയ്ത്തായ് മാറി.

ഇനിയില്ലാ മെതിയും പാട്ടും

ഇനിയില്ലാ തുറുവിൻ രൂപം.

അറിയാപ്പണി ചെയ്യാൻ വയ്യ

അറിയാപ്പദമെണ്ണാൻ വയ്യ.

പുകതിങ്ങും കട്ടയടുക്കിൽ

മറുകൊള്ളികൾ വയ്ക്കാൻ വയ്യ.

മരണത്തിൻ വഴിയിൽ കച്ചി–

ത്തിരിയെന്നേ കരുതിപ്പോന്നൂ

അതുമൂടിച്ചിത കൂട്ടുമ്പോൾ

എരിയാതൊരു പാട്ടിൻകാലം.


Show More expand_more
News Summary - weekly literature poem