കുട്ടോത്ത് കുളം
ഞങ്ങടെ നാട്ടിലെ കുളമാണത്. നിർമിതി കഴിഞ്ഞ് മറന്നുവെച്ച, ഉളി തുരുമ്പിച്ച കൽച്ചുമരിൽ പെരുന്തച്ചൻ തീർത്ത വട്ട ശ്രീകോവിലിൽ കുട്ടോത്തപ്പൻ കുടിയിരുന്നു... കുട്ടനെന്നാൽ ബുദ്ധഭിക്ഷുവെന്നും കുട്ടനോത്തു നടത്തിയ സ്ഥലമായതിനാൽ കുട്ടോത്തായെന്നും ജ്ഞാനിയായ മാധവൻ മാഷ്... പഴമയുടെ പൂപ്പൽ പുറ്റുകളിൽ പടുതയുടെ കല്ലറ്റത്തുനിന്നും ഒരു കാലം മെയ്യഭ്യാസികളുടെ കുളച്ചാട്ടം അയവിറക്കി... വെറ്റിലത്തരിയോർമകളിൽ കരിമ്പൻ മുണ്ടു തച്ചു വെളുപ്പിച്ചുണർന്ന പഴയ...
Your Subscription Supports Independent Journalism
View Plansഞങ്ങടെ നാട്ടിലെ
കുളമാണത്.
നിർമിതി കഴിഞ്ഞ് മറന്നുവെച്ച,
ഉളി തുരുമ്പിച്ച കൽച്ചുമരിൽ
പെരുന്തച്ചൻ തീർത്ത വട്ട ശ്രീകോവിലിൽ
കുട്ടോത്തപ്പൻ കുടിയിരുന്നു...
കുട്ടനെന്നാൽ ബുദ്ധഭിക്ഷുവെന്നും
കുട്ടനോത്തു നടത്തിയ സ്ഥലമായതിനാൽ
കുട്ടോത്തായെന്നും ജ്ഞാനിയായ മാധവൻ മാഷ്...
പഴമയുടെ പൂപ്പൽ പുറ്റുകളിൽ
പടുതയുടെ കല്ലറ്റത്തുനിന്നും
ഒരു കാലം മെയ്യഭ്യാസികളുടെ
കുളച്ചാട്ടം അയവിറക്കി...
വെറ്റിലത്തരിയോർമകളിൽ
കരിമ്പൻ മുണ്ടു തച്ചു വെളുപ്പിച്ചുണർന്ന
പഴയ സോഷ്യൽ മീഡിയകളായ കുളക്കടവുകൾ.
വെള്ളിലയും കരിയും തേച്ചുമിനുക്കിയ
ഓലപ്പുരക്കോലായയിൽ
പ്രാത സൂര്യൻ കാൽ നീട്ടിയിരുന്ന്
മുറ്റത്തേക്ക് നീട്ടിത്തുപ്പി.
കല്ലുകൊത്തുന്ന രാമേട്ടനാണ്
ഒരുനാൾ പിക്കാസിനറ്റംകൊണ്ട്
ഒരു യുഗത്തിന്റെ അറ തുറന്നത്...
മൺഗുഹാമുഖത്തെ ബുദ്ധവിഹാരത്തിന്റെ
ശേഷിപ്പുകൾ
നാട്ടുകാരിൽ പലർക്കും
രാമേട്ടനോടു നീരസം...
കൗതുകംപൂണ്ടെത്തിയ സ്കൂൾ കുട്ടികളെ
അമ്പലസേവക്കാർ തുരത്തി.
സത്യാന്വേഷിയായ മാധവൻ മാഷ് മൗനിയായി
വെള്ളത്തിന്റെ വില്ലീസു പാളികളിലേക്ക്
അവധൂതരായ, ഒരിക്കലും തിരിച്ചുവരാത്ത ആത്മാക്കൾ
സത്യം വെളിപ്പെടുത്താനാവാതെ സഹതപിച്ചു-
കുളം നവീകരണത്തിന്റെ
സേവനവാരത്തിൽ
പായൽ ചല്ലികളടരു നീങ്ങി...
നീർവറ്റിപ്പോവുമെന്ന് പേടിച്ച്
പലായനംചെയ്ത
ഉഭയന്മാരും മീനുകളും
അതിർത്തികൾ താണ്ടി
കുളത്തിലേക്ക് തിരിച്ചു.
അങ്ങനെയിരിക്കെയാണ്
അലക്കിയാലും വെളുക്കാത്ത
ജാതി മുണ്ടുമായി
കുറേ പേർ എങ്ങുനിന്നോ വന്നത്
ജാതി മുണ്ടലക്കിയലക്കി
കലങ്ങിയ വെള്ളത്തിൽ
മീൻ പിടിച്ചു രസിച്ചു കൊഴുത്തവരേറെ.
ശുദ്ധാശുദ്ധ തർക്കത്തിനിടയിൽ
കുളംചുറ്റി കൂറ്റൻ കന്മതിലുയർന്നു.
മതിലുകൾക്ക് മോളിലിരുന്ന്
വെള്ളത്തിന്റെ ചളിയാഴങ്ങളിലേക്ക്
പരുന്തുകൾ കണ്ണുചെരിച്ചെത്തി നോക്കി
പതിവുപോലെ ബാലകൃഷ്ണേട്ടന്റെ
ചായപ്പീടികയിൽ കയറാതെ
പള്ളിയിലേക്ക് പോയ
പ്രിയ ചങ്ങാതി അബ്ദു മുസ്ല്യാർ
വിളിച്ചിട്ടും തിരിഞ്ഞു നോക്കാത്തതിന്
ഉത്കണ്ഠപ്പെട്ട മാധവൻ മാഷ്
സമാധാനിച്ചു; കേൾക്കാഞ്ഞിട്ടാവും.
ആളില്ലാപ്പാതിരയിൽ
കുളക്കരയിലിരുന്ന് ചിലർ
ലഹരിച്ചൂണ്ടകളെറിഞ്ഞു...
കറുത്ത ദൈവത്തിന്റെ പിറന്നാളിന്റന്ന്
പുലർച്ചെ
ഒരു കശപിശയിൽ
പ്രഭാതഭേരിയിൽനിന്നും പാഞ്ഞുവന്ന
ശിവദാസേട്ടനും അഭിമന്യുവും
തലനാരിഴക്ക് രക്ഷപ്പെട്ടു.
വെട്ടും തടയും വടിയുമേറ്റ്
കുട്ടോത്തപ്പൻ ശൂലമുനയിൽ പിടഞ്ഞു...
അപ്പോഴും
തൊട്ടടുത്ത പറമ്പിൽ
മൈലാഞ്ചിക്കാട്ടിലെ മീസാൻ കല്ലുകൾ
സുബ്ഹി ബാങ്ക് കാതോർത്തു കിടന്നു...
കല്ലുകൊത്തു രാമേട്ടൻ തുറന്നു വെട്ടിയ
വിഹാരത്തിലെ ദൈവമില്ലാത്ത മതം
ശരണമന്ത്രങ്ങളുരുവിട്ടു.
ഇതിങ്ങനെയായാപ്പറ്റില്ലാലോ...
ഒറ്റക്കും തെറ്റക്കും മനുഷ്യപക്ഷത്ത്
ചില ആത്മഗതമുയർന്നെങ്കിലും
നവീകരണമിപ്പോഴും
ചല്ലി പായൽ അളിഞ്ഞു
കെട്ടു മൂടിയിട്ടാണ് കൂട്ടരേ.