നാല് വർണങ്ങൾ
എന്റേതെന്ന് തോന്നുമെങ്കിലും,
വെള്ളയിൽ കുളിച്ചുനിൽക്കുന്ന
ആ വീട് എന്റേതായിരുന്നില്ല.
സ്വന്തമെന്നു കരുതി ഞാനതിൽ ഉറങ്ങി.
ഉണർന്നു. പുസ്തകങ്ങൾ വായിച്ചു.
ഒരിക്കൽ വീടെന്നോടു ചോദിച്ചു.
ഹേ മനുഷ്യാ;
ഞാൻ ആരെന്ന് നിനക്കറിയാമോ..?
ഞാൻ ഏഴു ലോകവും
പന്തലിച്ചു നിൽക്കുന്ന ഒരു മഹാവൃക്ഷം.
എന്റെ പാദത്തിനടിയിൽ പാതാളം.
എന്റെ ശിരസ്സിൽ സത്യലോകം.
എന്റെ നാഭിയിൽ ഭൂവർലോകം.
എന്റെ മാറിടത്തിൽ സ്വർഗം.
നീയെന്റെ വീട്ടാവശ്യങ്ങൾക്കായി,
ഞാൻ സൃഷ്ടിച്ച ജലാശയങ്ങളിൽ ഒന്ന്.
വീട് തുടർന്നു...
അടുക്കള കിണർ;
എന്റെ ശിരസ്സു പിളർന്നുണ്ടായ ജലം.
മുറ്റത്തെ കിണർ;
എന്റെ നെഞ്ചു പിളർന്നുണ്ടായ ജലം.
വിരുന്നെത്തുന്ന ഉറവ;
എന്റെ തുട പിളർന്നുണ്ടായ ജലം.
പുരയിടത്തിലെ കുളം;
എന്റെ പാദം പിളർന്നുണ്ടായ ജലം.
സഹികെട്ട് ഞാൻ ചോദിച്ചു.
ഹേ വീടേ... ഏഴു ലോകവും
പന്തലിച്ചു നിൽക്കുന്ന
മഹാവൃക്ഷമേ... പറയൂ...
ഒരു മരം പിളർന്നാലെങ്ങനെ
നാലുതരം മരമുണ്ടാകും?
ഒരു ചില്ലയിൽനിന്നെങ്ങനെ
നാലുതരം ഇലയുണ്ടാകും?
ഒരു മൊട്ടിൽനിന്നെങ്ങനെ
നാലു ജാതി ദളങ്ങളുണ്ടാകും?
നോക്കൂ:
ഞാനിതാ ഒരു മൊന്തജലത്തെ
നാലു കോപ്പകളിലായി നിറക്കുന്നു.
പറയൂ; ഈ കോപ്പകളിൽ എവിടെയാണ്
നീ സൃഷ്ടിച്ച ആ വ്യത്യസ്ത ജലം?
ഞാനിതാ എന്റെ കൈക്കുമ്പിളിലെ
ഒരുപിടി ജലത്തെ
ഈ അന്തരീക്ഷത്തിലെറിയുന്നു
നോക്കൂ...
വായുവിൽച്ചിതറുന്ന
ആ ജലകണങ്ങൾക്കെല്ലാം ഒരേ വലിപ്പം ഒരേ നിറം
ഇനി പറയൂ...
നീ സൃഷ്ടിച്ച ആ നാലു വർണങ്ങൾ
എവിടെ ഈ ജലകണങ്ങളിൽ?
വീട് നിശ്ശബ്ദമായി. തീർത്തും മൗനത്തിലായി.
പക്ഷേ
അപ്പോഴേക്കും വീടിന്റെ
ഓരോരോ വാതിലും ജനലുകളും,
എനിക്കു മുന്നിൽ
എെന്നന്നേക്കുമായി മെല്ലെമെല്ലെ
അടയാൻ തുടങ്ങിയിരുന്നു.