അക്വേറിയം
കിണറ്റിൻ പടവിലിരുന്ന് കടലിനെ കുറിച്ച് കവിതയെഴുതിത്തീരുമ്പോൾ ആഴം പോരെന്ന തോന്നൽ എന്നെ വേദനയുടെ കരക്കടുപ്പിക്കും. എത്ര വിളക്കുവെച്ചിട്ടും വെളിച്ചമെത്താതെ പോയ മുറിയുടെ മൂലയിൽ ചാരിവെച്ചിരിക്കുന്ന ഒന്നു രണ്ടു പ്രാർഥനകൾ ഞാനപ്പോൾ എടുത്തുകൊണ്ടുവരും. അപ്പന്റെ നിഴലിൽ കേറി വെയിലു മുറിച്ചു കടക്കുന്ന കുട്ടിയെ അവന്റെ...
Your Subscription Supports Independent Journalism
View Plansകിണറ്റിൻ
പടവിലിരുന്ന്
കടലിനെ കുറിച്ച്
കവിതയെഴുതിത്തീരുമ്പോൾ
ആഴം പോരെന്ന തോന്നൽ
എന്നെ
വേദനയുടെ കരക്കടുപ്പിക്കും.
എത്ര വിളക്കുവെച്ചിട്ടും
വെളിച്ചമെത്താതെ പോയ
മുറിയുടെ മൂലയിൽ
ചാരിവെച്ചിരിക്കുന്ന ഒന്നു രണ്ടു പ്രാർഥനകൾ
ഞാനപ്പോൾ എടുത്തുകൊണ്ടുവരും.
അപ്പന്റെ നിഴലിൽ കേറി
വെയിലു മുറിച്ചു കടക്കുന്ന കുട്ടിയെ
അവന്റെ അമ്മാമ്മയേൽപ്പിച്ച
ചില സൂത്രവാക്യങ്ങളാണത്.
ദൈവമെന്ന അപരനാമത്തിൽ
തന്നെയുമ്മവെച്ച
പ്രേമങ്ങൾക്കെല്ലാം മുമ്പ്.
ഇപ്പോൾ,
ഒന്നു രണ്ടു വാക്യങ്ങൾ വിട്ടുപോന്നിട്ടുണ്ട്.
വർഷങ്ങളുടെ വലച്ചിലിൽ
നിരതെറ്റി നിൽക്കുകയാണ്.
ദൂരെയുള്ളോരെ വിളിക്കാനുള്ള കെൽപൊന്നുമില്ല.
വടക്കിനിയിൽനിന്ന് ഹാളിലേക്ക്
ഒറ്റക്ക് നടന്ന് വരാൻപോലും
അതിനാവുന്നില്ല.
ഉടുത്തിട്ടുമുടുത്തിട്ടും തീരാത്ത സാരിപോലെ
താമരശ്ശേരി ചുരം,
ഒരിക്കലെന്റോളെ
ചുറ്റിപ്പിടിച്ചൊരേറ് കൊടുത്തപ്പോ
തൊണ്ടയിൽ
അമ്മമ്മ തന്ന പഴയ രണ്ടു വാക്കുകൾ മാത്രം വന്ന്
‘എന്റെ പൊന്നുങ്കുടമേ’ന്ന് കാത്തത്
എനിക്കോർമ വരുന്നുണ്ട്.
അവളിപ്പോൾ
മറ്റാരെയും തിരിഞ്ഞു നോക്കാതെ
തന്റെ കട്ടിലിൽ
മലർന്നുകിടന്ന് കാറ്റു കൊള്ളുകയാണ്.
ശോഷിച്ച
പ്രാർഥനകളുമായി പടവിലിരിക്കുമ്പോൾ
കിണറ്റിലിതാ
ദുഃഖങ്ങളുടെ ആഴത്തിൽനിന്നു പിടിച്ച
രണ്ടു മീനുകൾ.
അവൾ വരുവോളം
നിറഞ്ഞുകിടക്കുന്ന കണ്ണുകളിൽ
ഞാനതുങ്ങളെ
ഇട്ടുവളർത്തുന്നു.
അവൾ നൽകിയ ജീവിതത്തിന്
നന്ദി പറഞ്ഞുകൊണ്ട്
എന്റെ മീനുകളുടെ അക്വേറിയം
തുളുമ്പുന്നു.
l