സ്വപ്നം കാണൽ
ഞാനുമെന്റെയോളും
മൂന്നു കിടാങ്ങളും താമസിക്കുന്ന
വാടകവീട്ടിൽ നാലു മുറികളുണ്ട്,
അടുക്കളയിൽനിന്നുമവൾ
അരിമണിമുത്തുകൾ
തിളച്ചവെള്ളത്തിൽ കോർത്തു കഴിഞ്ഞാൽ നാലാമത്തെ
മുറിയിലേക്ക് വന്ന്
വെളുത്ത ചാർട്ട് പേപ്പറിൽ
ഞാനെന്നും വരയ്ക്കുന്ന
പുതിയ വീടിന്റെ
ചിത്രത്തിലേക്ക് എത്തിനോക്കും,
എന്നും ഇതിയാന്
ഇതുതന്നെയാണൊ
പണിയെന്ന് ചിലക്കുന്ന
പല്ലികളോട് പോടാ പുല്ലുകളെയെന്നും
പറഞ്ഞു ഞാൻ സ്വപ്നത്തിന്റെ
അടിയൊഴുക്കുകളിൽ
നീന്തൽ പഠിക്കുമ്പോളവൾ
കാർപോർച്ചിലേക്ക് നോക്കി
പുതിയ കാറുകൊണ്ട്
H വരക്കുകയായിരിക്കും,
രണ്ടാമത്തെ മകനുണ്ട്
വികൃതിക്കാരൻ,
ഞാനവനു വേണ്ടി
പോർച്ചിൽ വരച്ചുവച്ച
സൈക്കിളിന്റെ കാറ്റഴിക്കുവാൻ നോക്കുന്നവൻ,
ഇടയ്ക്ക് തലമണ്ടയ്ക്കൊന്ന്
തന്നവൻ ചോദിക്കും
എവിടെ പപ്പാ എനിക്ക്
സൈക്കിളെന്ന്..?
പ്ലാൻ വരയ്ക്കൽ
നിർത്തിവച്ച് ഞാനവനെ ആന
കളിക്കുവാൻ വിളിക്കുമ്പോൾ
കിണികിണി ബെല്ലടിച്ചു കൊണ്ടവൻ
ഒറ്റപ്പോക്കാണ്,
ബാക്കി രണ്ടെണ്ണമെവിടെ?
രണ്ടിലൊന്ന് തൊട്ടിലിലും
മറ്റൊന്ന് ചുമരിൽ
ചിത്രം വരയ്ക്കുന്ന തിരക്കിലുമായിരിക്കും,
കടം വാങ്ങിയ ചുമരിലെ
ചിത്രങ്ങളെല്ലാം മായ്ച്ചുകളയാൻ
പറന്നുവരുന്ന പാറ്റകളെയൊന്നും
നമ്മളെ പുതിയ വീടിന്റെ
പടി കടത്തരുതപ്പായെന്നവൻ
പറയുമ്പോൾ കാടുപിടിച്ച
കുന്നിൻ മുകളിലെ
മൂന്നു സെന്റ് സ്ഥലം
എന്നെ നോക്കി ചിരിക്കും...
കഞ്ഞിവെന്തോടീ...
കറിയെന്തുവാടീ...
എന്തേലുമാവട്ടെ,
പ്രതീക്ഷകളോടെയുള്ള
ചെറിയ സ്വപ്നങ്ങളുടെ
മുത്തുമാലകളണിഞ്ഞ്
കിനാവ് കണ്ടുറങ്ങതുമൊരു
സുന്ദര ജീവിതമാണല്ലോ...
ഹേയ്... അങ്ങനെയല്ലേ?