രണ്ടു കവിതകൾ
1. അലിവ്
ഊരും പേരുമറിയാത്ത
അലഞ്ഞു തിരിയുന്ന ഒരാൾ
വീട്ടിൽ വന്നു
‘‘അമ്മാ ചോറ്.’’
കല്ല് പാറ്റി വേവിച്ച
റേഷനരി ചോറ്
പഴയപാത്രത്തിൽ
വിളമ്പി അമ്മ
ഒരുരുള അയാൾ ഉണ്ടു
ഒരുരുള വാരി വിതറി
ഒരുരുള വീണ്ടുമുണ്ടു
ഒരുരുള വിതറി
കൂട്ടം കൂട്ടമായി കാക്കകൾ പറന്നടുത്തു
കരച്ചിലും കലമ്പലുമായി തിന്നു
‘‘കാക്കകൾക്ക് ചോറ് കൊടുത്താൽ പുണ്യം
അതുങ്ങൾക്ക് വിശന്നതുകൊണ്ടാണ്
ഞാൻ എരന്നത്.
എനിക്ക് വിശന്നാൽ അവരും തരും’’
അപ്പറഞ്ഞ മാത്രയിൽ
കാക്കകളുടെ ഒച്ചയിൽ
അലിഞ്ഞു ചേർന്നു
അയാളുടെ ഒച്ച.
2. മരണശേഷം
എല്ലാ മനുഷ്യരും ഭൂമിയിൽനിന്ന് പോകുന്നു
വൈകാതെ നമ്മളും പോകും
അപ്പോൾ നമ്മൾ കണ്ട സ്വപ്നങ്ങളെ
മാത്രമായിരിക്കുമോ കൊണ്ടുപോവുക?
കുട്ടിക്കാലത്തെ ഓർമ
ആരിൽനിന്നെങ്കിലും കേട്ട വഴക്ക്
അപകീർത്തിപ്പെട്ടപ്പോൾ ഉണ്ടായ വേദന?
കിളിയെപ്പോലെ പറക്കുകയും
പന്നിയെപ്പോലെ പെരളുകയും ചെയ്യുന്ന
എന്റെ കാര്യം മാത്രം പറയാം.
മൂന്നു നേരവും വീട്ടിൽ ചോറിനായി വരുന്ന
ഒരു പൂച്ചയുടെ ആത്മാവിനെ മാത്രം
ഞാൻ കൊണ്ടുപോകും
അവനൊപ്പം ആനന്ദതുന്ദിലനായി ജീവിക്കും.