ഫ്ലാറ്റിലെ പട്ടി
കുത്തനെ പൊന്തും ടെറസ്സി,ലേകാന്തത
ഒറ്റയ്ക്കു നിൽപായ നേരം
ഞെട്ടറ്റു വീഴുന്ന പിഞ്ചില കാറ്റത്ത്
വെട്ടിവിറച്ചതു പോലെ
അറ്റത്തിരിപ്പാണു പാൽമണം മാറാത്ത
കൊച്ചുനായക്കുട്ടി പാവം
പേടികിടുങ്ങുമാ കുഞ്ഞിന്റെയോരിയിൽ
നാലുപാടും വിളറുന്നു
കാലനെത്തുന്നടയാളമാണീ മൃഗം
ഓലിയിടുന്നതിനൊച്ച
ദൂരത്തുനിന്നു വിളിച്ചുവരുത്തിയോ
നീ മൃത്യു, വെന്ന ശകാരം
ഫ്ലാറ്റിലും ചുറ്റിലുമുന്നതർ വാഴുമി
പാർപ്പിടങ്ങൾ മഹാകേമം
രാഹു ദംശിക്കും മുഹൂർത്തമളക്കുവാൻ
ഹോരശാസ്ത്രം പഠിക്കുന്നു.
ആരോരുമില്ലാ മൃഗത്തിന്റെ കുഞ്ഞിനെ
ഞാനീയെടുപ്പിൽ വളർത്തും
കാണാം നിനക്കെന്റെ കാരുണ്യമെന്നതാ-
ണാദ്യത്തെ വാശിയും വീറും
ആറിത്തണുത്തുപോയീവിധം, രോദനം
തീരെസ്സഹിക്കാത്ത ലോകം
കൊണ്ടുവിടാം തെരുവിൻ പ്രിയസന്തതി
തെണ്ടിനടക്കട്ടെ ചുറ്റും
തെല്ലലിവില്ലാതെ ശബ്ദ,മിടയ്ക്കൊരു
കുഞ്ഞിൻ മിഴി നനയുന്നു
തൻ ചിറകേറ്റിപ്പറത്താമിവളുടെ
അമ്മയെ കണ്ടെത്തി നൽകാം,
'പൊന്നേ കരയേണ്ട, കൂട്ടിനു ഞാനെ'ന്നു
ചൊന്നു നിശാശലഭങ്ങൾ
കല്ലൻ ടെറസ്സ്, പരുക്കൻ വിരിച്ചിട്ട്
വന്നുറങ്ങെന്നു വിളിക്കെ
പഞ്ഞിത്തുണിക്കെട്ടുപോലുള്ളൊരോർമ വ -
ന്നിങ്കുനൽകുന്നതിനപ്പോൾ
അന്നൊക്കെ നമ്മളൊന്നായിരിക്കുന്ന നാൾ
എങ്ങുപോയെങ്ങുപോയെന്നൊ
ചുറ്റും പകച്ചുനോക്കും, ചെവി കൂർപ്പിച്ചു
നിൽക്കും മറുക്കൂക്ക് കേൾക്കാൻ
മുറ്റുമിരമ്പുന്ന വാഹനഘർഘരം
ശബ്ദസൗമ്യങ്ങളമർത്തും
മണ്ണിന്റെ, അമ്മമണത്തിൻ കണങ്ങളെ
ഘ്രാണിക്കുവാൻ ശ്രമിക്കുമ്പോൾ
തുള്ളി വീഴ്ത്തും കീടനാശിനി മൂക്കിന്റെ
ഗന്ധകോശങ്ങളടച്ചു
പ്രാകൃതം നീട്ടി വിതുമ്പുമാ ഭാഷയിൽ
ചൂളിച്ചുരുങ്ങുന്നു ദൈവം
ആരുമില്ലാത്തവനാക്കുന്ന കുറ്റത്തി -
ലാരോപിതൻ പ്രതിക്കൂട്ടിൽ
രാത്രി, വിരൽത്താളമിട്ടുറക്കും ഭൂത-
ധാത്രിയായ് താരാട്ട് മൂളി
പെട്ടിയിലിട്ടടയ്ക്കുംപോലെ നിദ്രയി-
ലൽപവും ശ്വാസമില്ലാതെ
താഴെ നിലയിലുറങ്ങാൻ കിടപ്പവർ
കാലിട്ടടിച്ചു കുടയുന്നോർ
മുക്കറയിട്ടു, മുരണ്ട ദേഹത്തിന്റെ
കഷ്ടമാം ഗാ (ഗുൽത്ത കേറ്റം!
അത്രയ്ക്കശാന്തം കിടക്കയിൽനിന്നൊരു
കൊക്കയിലേക്കെറിയുന്ന
പേക്കിനാവിന്റെ താഴ്വാരത്തു നിന്നതി -
ദീർഘമാം സ്ഥായിയിൽ മീട്ടും
നിർഭരദുഃഖത്തിൻ നീളൻ വിളി കേട്ട്
പെെട്ടന്നുണർന്നു പോകില്ലേ
തന്റേടമാർന്നൊരു സങ്കടമപ്പൊഴും
തൻമുഖം മേലേയ്ക്കുയർത്തി
കുഞ്ഞുദേഹത്തിന്റെയുള്ളം പിളർന്നപോൽ
നെഞ്ചുവിലങ്ങുന്ന ചോദ്യം
പട്ടുമേഘക്കീറിനുള്ളിൽ അനീതിമാൻ
പൊത്തുന്നിരുകാതുമപ്പോൾ
ഉച്ചത്തിലാ ജന്തുജീവന്റെ ശോകമൊ-
രൊച്ചയായ് മാത്രം പലർക്കും
തട്ടിപ്പറിക്കുന്ന മണ്ണിന്റെ ഒസ്യത്തി-
ലൊപ്പു ചേർത്തുള്ളവർ പണ്ടേ
സ്വത്തവകാശിയ്ക്കെറിഞ്ഞു തരുന്ന നിൻ
ഭിക്ഷയുമപ്പവും വേണ്ട
ഒപ്പത്തിനൊപ്പമാണെന്നറിയാ ഭയം
കട്ടിത്തുടൽകൊണ്ടു പൂട്ടും
നിസ്സഹായത്വം നിലവിളിച്ചും കുര-
ച്ചറ്റമില്ലാതെ ചോദ്യങ്ങൾ
ആരുമില്ലാത്തിടം, ദൂരമൈതാനങ്ങൾ.
ആകുമോ നൽകാൻ തിരിച്ച്
നാടും നഗരം വിഴുങ്ങുമിടങ്ങളും
ആവാസഭൂമിയെനിക്ക്
ആയുധംവച്ചടങ്ങുന്നു വാചാലത
വായടയ്ക്കുന്നു വാഗ്വാദം
ധൂളിച്ചു പോകുന്നു ഗ്രന്ഥാവലികളിൽ
കാലഹരണപ്പെട്ട സത്യം!
l