നഗരം
കെട്ടിടങ്ങൾ വാഹനങ്ങൾ അപശബ്ദങ്ങൾ തിരക്ക് ബഹളം ഒച്ചപ്പാട്. പെട്ടെന്ന് ഒരു നഗരമായി. അതിലെ മനുഷ്യർ ഓരോ തെരുവാണ് വളവാണ്. നഗരത്തിൽ നഗരം കണ്ടുപിടിക്കാൻ എളുപ്പമല്ല. അതിനെവിടെ സമയം? കന്നുകാലികൾക്കും നഗരമുണ്ട്. അലച്ചിലുണ്ട്. തടവറയുണ്ട് അമ്പലമുണ്ട് പള്ളിയുണ്ട്. അയാൾ കച്ചവടക്കാരനും ഭാര്യ ഉദ്യോഗസ്ഥയുമാണ്. മക്കളില്ല. അതിനവർക്ക് സമയമില്ല. രാത്രിയില്ല പകലില്ല. നഗരം എന്നും ഒരേ പ്രകാശത്തിൽ ഒരേ ദൂരത്തിൽ. നഗരത്തിൽ നിഴലുകൾ...
Your Subscription Supports Independent Journalism
View Plansകെട്ടിടങ്ങൾ
വാഹനങ്ങൾ
അപശബ്ദങ്ങൾ
തിരക്ക്
ബഹളം
ഒച്ചപ്പാട്.
പെട്ടെന്ന് ഒരു നഗരമായി.
അതിലെ മനുഷ്യർ
ഓരോ തെരുവാണ്
വളവാണ്.
നഗരത്തിൽ
നഗരം കണ്ടുപിടിക്കാൻ
എളുപ്പമല്ല.
അതിനെവിടെ സമയം?
കന്നുകാലികൾക്കും
നഗരമുണ്ട്.
അലച്ചിലുണ്ട്.
തടവറയുണ്ട്
അമ്പലമുണ്ട്
പള്ളിയുണ്ട്.
അയാൾ കച്ചവടക്കാരനും
ഭാര്യ ഉദ്യോഗസ്ഥയുമാണ്.
മക്കളില്ല.
അതിനവർക്ക് സമയമില്ല.
രാത്രിയില്ല
പകലില്ല.
നഗരം എന്നും
ഒരേ പ്രകാശത്തിൽ
ഒരേ ദൂരത്തിൽ.
നഗരത്തിൽ
നിഴലുകൾ പെരുകുന്നു.
ഭാര്യ ഭർത്താവിനെ
ചവിട്ടി നടക്കുന്നു.
ഭർത്താവ് മറ്റു നിഴലുകളെയും.
ഉത്സവം അടുത്തു.
നഗരം വർണമയൂരമായി.
തത്തകളും പക്ഷികളും
പറന്നുവന്നു.
ആട്ടക്കാരും പാട്ടും ഒന്നായി.
മനുഷ്യർ മുഖംമൂടി മാറ്റിയണിഞ്ഞു.
ഭാര്യ തിരക്കി
ഭർത്താവ് മറ്റൊരാളായി.
തിരിച്ചറിവില്ല.
നഗരത്തിൽ എല്ലാം ഒന്നാണ്.
എല്ലായിപ്പോഴും ഒരുപോലെയാണ്
ആര് വന്നാലും പോയാലും.
ഒരാൾ നഗരം വിടുമ്പോൾ
അയാൾക്കു പിറകെ
നഗരം വരും.
ഒറ്റയ്ക്കു ജീവിക്കാനാവില്ല.
ഒറ്റപ്പെടാനും.
ഓരോ മനുഷ്യനും
ഓരോ നഗരമാണ്.
ഒരു ലോകം
ഒരു നഗരം
ഒരു മനുഷ്യൻ.