ഏകാന്തത
ഏകാന്തത ചോരപോലെ
ഒഴുകുന്നു
അത് വഴുവഴുത്ത് ഒട്ടിപ്പിടിക്കുന്നു
അതിൽ വേദനയുടെ
നേർത്ത നാരുകളുണ്ട്.
തരിതരിയായി കാണും
ഓർമയുടെ വിത്തുകളുണ്ട്
എവിടെ വേരാഴ്ത്തും
എവിടെ പടരും
എന്നറിയാതെ
അങ്ങനെ കെട്ടിക്കിടക്കുന്നു.
എല്ലാ മണ്ണും എന്റേതല്ലല്ലോ
എന്ന് വെറുതെ കാലുകൊണ്ട് പരതുന്നു.
വീശുന്ന കാറ്റിലൊന്നും
എനിക്കാരുമൊന്നും
കരുതിയിട്ടില്ലല്ലോ
എന്ന് പരാതി ചെരുകിവക്കുന്നു.
ചുവയ്ക്കുന്ന വെള്ളം രുചിച്ചു
ഇനിയിതേയുള്ളൂ
എന്ന് തന്നോടുതന്നെ തലയാട്ടുന്നു.
ഏകാന്തതയ്ക്ക്
ഒരു രുചിയും പിടിക്കുന്നില്ല.
അത്
ഒന്നുമെഴുതാത്ത ചുവരുപോലെ
ആരോടുമൊന്നും
മിണ്ടാതെ നിൽക്കുന്നു.
തലയാട്ടുന്ന മരങ്ങളെ നോക്കി
തിളയ്ക്കുന്ന നീലാകാശം നോക്കി
താനിരിക്കുന്നിടം
അടയാളക്കല്ല് വെയ്ക്കാനായി
സ്വന്തം ഉടൽതന്നെ പെറുക്കുന്നു.
ഏകാന്തത
കറുത്തു
കട്ട പിടിച്ച്
ഉടയ്ക്കാനാകാത്തൊരു
കല്ലുപോലെ
മുട്ടുന്നിടമെല്ലാം മുറിച്ചു
ചോര വീഴ്ത്തുന്നു.