അൺറിസേർവ്ഡ് ട്രെയിൻ
അവളോടൊപ്പം തന്നെയാണ്
ആ വീടും ഉണരുന്നത്
മിക്ക വീടുകൾക്കും
പെൺമണമാണെന്നും
മിക്ക പെണ്ണുങ്ങൾക്കും
അടുക്കള മണമാണെന്നും
അവളോർക്കും.
അയാളും മോളും
പോയതിനുശേഷം
ഒറ്റയായി പോകുന്ന
തന്റെ പകലാകാശത്ത്
അവൾ നിറയെ
നക്ഷത്രങ്ങളെ കുടഞ്ഞിടും
പകലിൽ നക്ഷത്രങ്ങൾ തിളങ്ങാറില്ല
അവളുടെ നക്ഷത്രങ്ങൾ രാത്രിയിലും തിളങ്ങാറില്ല
ഒറ്റയായി ഇരിക്കുമ്പോഴൊക്കെ
അവളൊരു ശലഭമാകും
പറക്കാനായി രണ്ട്
ചിറകുകൾ തുന്നും.
അപ്പോൾ വീട് അവൾ
മാത്രമുള്ളൊരു പൂന്തോട്ടമാകും
പാത്രങ്ങൾ തുണികൾ എല്ലാം
പൂക്കളായി പരിണമിക്കും.
ആ വീട്ടിൽനിന്ന്
അവളുടെ വീട്ടിലേക്ക്
ഒരു നീളൻ തീവണ്ടിയുണ്ട്
/അവൾക്കതിന് സ്വന്തമായി വീടുണ്ടോ?/
ബോഗികൾ നിറയെ സ്വപ്‌നങ്ങൾ
കുത്തിനിറച്ച് തീവണ്ടി
അവളെയുംകൊണ്ട്
ചൂളം വിളിച്ചോടും.
മഴ ചാറുമ്പോൾ
അവളോർക്കുന്നത്
വെയിലത്തിട്ട മല്ലിയേയും
മുളകിനെയും തുണികളെയും
കുറിച്ചാണ്
സ്വപ്‌നങ്ങളെ മറന്ന്
റിസർവേഷൻ ഇല്ലാത്ത
കിട്ടുന്ന വണ്ടിക്ക് അവൾ
തിരികെയോടും
രാത്രി തുണികളോടൊപ്പം
അവൾ മടക്കിവെക്കുന്നത്
ഓർമകളെ കൂടിയാണ്.