കടലാസു മരം
കഴിഞ്ഞ ജന്മത്തിൽ നമ്മൾ ജീവിച്ചത് ഇരുനില കെട്ടിടത്തിൽ ഇരുമുറികളിൽ ആണ്. താഴെയും മുകളിലുമാണെങ്കിലും നമ്മുടെ മുറികൾക്ക് ഒരേ ദിശയിൽ തുറക്കാവുന്ന ജനലും വാതിലുമുണ്ടായിരുന്നു. അതിനാൽ ജനൽപാളിക്കപ്പുറം ഒരേയാകാശം ഒരേ വെയിൽ ഒരേ കാറ്റ് ദൂരെയും അടുത്തുമുള്ള അനേക പഴഞ്ചൻ കെട്ടിടങ്ങൾ നമ്മൾ ഒരുമിച്ച് കണ്ടു. ഒരേ ദിശയിലേക്ക്...
Your Subscription Supports Independent Journalism
View Plansകഴിഞ്ഞ ജന്മത്തിൽ
നമ്മൾ ജീവിച്ചത്
ഇരുനില കെട്ടിടത്തിൽ
ഇരുമുറികളിൽ ആണ്.
താഴെയും മുകളിലുമാണെങ്കിലും
നമ്മുടെ മുറികൾക്ക്
ഒരേ ദിശയിൽ
തുറക്കാവുന്ന ജനലും
വാതിലുമുണ്ടായിരുന്നു.
അതിനാൽ ജനൽപാളിക്കപ്പുറം
ഒരേയാകാശം
ഒരേ വെയിൽ
ഒരേ കാറ്റ്
ദൂരെയും അടുത്തുമുള്ള
അനേക പഴഞ്ചൻ കെട്ടിടങ്ങൾ
നമ്മൾ ഒരുമിച്ച് കണ്ടു.
ഒരേ ദിശയിലേക്ക് തുറക്കാവുന്ന
ജനൽ
വാതിലെന്നിവ
നമ്മളെ ഒരേയനുഭവങ്ങൾ
പങ്കിടുന്നവരാക്കി.
എല്ലാ ദിവസവും
ഒരു പൂവെങ്കിലും
വിടർന്ന് നിൽക്കുന്ന
കടലാസുമരത്തിന്റെ ചില്ലകൾ
രണ്ടാളുടെയും
ജനലരികിൽ വസന്തം ചമച്ചിരുന്നു.
നൊമ്പരത്തോടെയതിന്റെ
മുള്ളുകളിൽ നീ തൊടുമ്പോഴും
പ്രണയത്തോടെ പൂവിലുമ്മ വെക്കുമ്പോഴും
അതിന്റെയിലയിൽ ചെവി ചേർത്ത്
ഞാനറിയുന്നുണ്ടായിരുന്നു.
ഈ ജന്മത്തിൽ
ഒരേ കാഴ്ചയിലേക്ക് തുറക്കുന്ന
ജനലും
നിത്യം പൂവിടുമൊരു
കടലാസുമരവും
നമുക്കില്ലാതെ പോയി.