രണ്ട് കവിതകൾ
1. കടൽ
കടൽത്തീരത്തൊരു വീടു പണിയുന്നു.
കാറ്റ് സമ്മതിക്കുന്നില്ല.
മേശിരി
സിമിന്റു കൂട്ടുന്നവനെ വിളിച്ചു.
മൂന്നിനൊന്ന് ചരലും സിമിന്റും
ഇട്ടില്ലേയെന്ന് ചോദിച്ചു.
ഇട്ടെന്ന് പറഞ്ഞു!
പിന്നെന്താ ഇങ്ങനെ?
‘‘കാറ്റിനൊരു വീടില്ലല്ലോ,
നിങ്ങളുടെ വീട്ടിൽ പാർപ്പിക്കുമോ?
മേശിരി തിരിച്ചു ചോദിച്ചു.
കൊലശ്ശേരിയും സിമിന്റും
ഒന്നിച്ചു തെറിക്കുന്നു.
കാറ്റിനെ അതിന്റെ തള്ളയ്ക്ക് വിളിച്ചിട്ടും
കലിയടങ്ങാതെ മേശിരി
സ്വന്തം തള്ളയ്ക്ക് വിളിക്കുന്നു.
കടലിലേക്ക് തള്ളി തിരിഞ്ഞുനിൽക്കുന്ന
പാവം കരിമ്പാറ.
അതിനു മോളിൽനിന്ന്
കടലിൽ വീണു ചത്ത എന്റെ അമ്മ.
കടലിനെക്കുറിച്ച് എല്ലാം അറിയാവുന്ന
എന്റെ പാവം അമ്മ.
മീൻ തിന്നുതീർത്ത എന്റെ അമ്മ...
കടലമ്മ.
ജീവിച്ചിരിപ്പുള്ള കാലത്ത് മത്സ്യങ്ങൾ
കടലിൽ എന്തെങ്കിലും പണികഴിപ്പിച്ചിട്ടുണ്ടോ?
വീതം ചോദിക്കാൻ ഞാൻ ചെന്നപ്പോൾ
അമ്മ ചോദിച്ചു.
ശരിയാണ്.
താജ് മഹൽ ഒക്കെ കരയിൽ അല്ലേ.
അമ്മയ്ക്ക് നല്ല അറിവും
ആഴത്തിൽ ഉള്ള മണ്ടത്തരവും ഉണ്ടെന്ന്
ഞാൻ മനസ്സിലാക്കി.
കടലിൽ പോയി ചത്തത് നന്നായല്ലോ എന്നും തോന്നി.
താജ് മഹൽ എനിക്കു വേണ്ട.
തള്ളയും എനിക്ക് വേണ്ട...
ഈ വീടിന് ഞാൻ കടൽ എന്നു പേരിടും.
2. ബുള്ളറ്റ്
ഭാര്യവീട്ടുകാരെ പേടിപ്പിക്കാൻ ബുള്ളറ്റാ നല്ലത്.
കെട്ടുകഴിഞ്ഞ് പിറ്റേന്നുതന്നെ പുതിയൊരു
ബുള്ളറ്റ് വാങ്ങി.
തെക്കോട്ടും വടക്കോട്ടും പാഞ്ഞു.
നാട്ടുകാർ ചെവിപൊത്തി കണ്ണിറുക്കി നടന്നു.
പടികടന്നു വരുമ്പൊഴേ
അമ്മായിയപ്പൻ എഴുന്നേറ്റ് സലാം വെച്ചു.
ഭാര്യമാത്രം അകത്തിരുന്നു ചിരിച്ചു.
ബുള്ളറ്റ് എടുത്തതിന്റെ മൂന്നാം ദിവസം
അവളുടെ അപ്പൻ,
പിരിച്ചു കേറ്റിയ മീശ മുറിച്ചു.
അവളുടെ ആങ്ങള കൃത്യമായി പണിക്കു
പോകാൻ തുടങ്ങി...
‘‘പണിക്കൊന്നും പോകുന്നില്ലേ മോനേ...’’
എന്ന് അമ്മായിയമ്മ വന്നു ചോദിച്ചാൽ
ഞാൻ അപ്പോൾതന്നെ ബുള്ളറ്റ് എടുക്കും.
വീടിന് മൂന്നാല് വലത്ത് വെക്കും.
അപ്പോൾ അമ്മായിയമ്മ തന്നെ
വന്നുവിളിക്കും
‘‘മോനേ ചോറ് വിളമ്പിയിട്ടുണ്ട്...’’
ഞാനിപ്പോൾ രാവും പകലും
ബുള്ളറ്റിൽത്തന്നാ..
ഊണും ഉറക്കവും
ബുള്ളറ്റിൽത്തന്നാ...