ബുദ്ധനും ചായയും
സ്വപ്‌നത്തില്‍ കണ്ട വീട്ടില്‍
ഞാനിപ്പോഴും അതിഥിയായി തുടരുന്നു
ആ വീട്ടിലെ കാരണവര്‍
അടുപ്പില്‍ െവച്ചിരിക്കുന്ന ചായയിലേക്ക് ഒരേറുകണ്ണിട്ട്,
ഒന്നുനോക്കിയേക്കണേയെന്ന് പറഞ്ഞ്
കുളിമുറിയില്‍ കയറി വാതിലടയ്ക്കുന്നു
വീട്ടിലെ കൊച്ചുകാന്താരി
ചൂണ്ടുവിരല്‍ ചുണ്ടില്‍വച്ച്
വാതിലിന് പിന്നില്‍ മറഞ്ഞിരിക്കുന്നു.
അടുപ്പില്‍ ചായ ചൂടാകുന്നു
തിളച്ച് മറിയുന്നു
കുളിമുറിയിലെ നിശ്ശബ്ദതയും
ബക്കറ്റിലേക്ക് തിളച്ചിറങ്ങുന്നു
വാതിലിന് മറവിലെ കുസൃതിക്ക്
ചിരിയടക്കാനാകാത്ത ജിജ്ഞാസ
ജനല്‍ കര്‍ട്ടന് പിന്നിലെ ബുദ്ധന്‍
എന്നെ നോക്കി ചിരിക്കുന്നു, ഞാനും
ഞാന്‍ ചായ പകരുമ്പോഴേക്കും
കാരണവര്‍ പുറത്തേക്ക് വരുന്നു
ചായയൂതി മൊത്തിക്കൊണ്ട്
അയാള്‍ കുട്ടിയെ തിരക്കുന്നു
എന്റെ കണ്ണുകള്‍ അവളെ ഒറ്റിക്കൊടുക്കുന്നു
വാതിലിന് പുറത്തുനിന്നും
വിജയിയെപ്പോലെ തോറ്റകുട്ടി പുറത്തുവരുന്നു
ഞാനും അവളും ഉമ്മറപ്പടിയിലാണ്
അവളിപ്പോള്‍ ടീച്ചര്‍,
ഒരു കമ്പെടുത്ത് ചെടികളെ തല്ലി
അമ്പ, അമ്പ എന്ന് പഠിപ്പിക്കുന്നു
ചെടികളിലൊരാളായി ഞാനും
ഇതുകണ്ട് ചില്‍ ചില്‍ എന്നൊരണ്ണാന്‍
കളി മതിയാക്കി
അവള്‍ അകത്തേക്കോടുന്നു
ചിരിക്കുന്ന ബുദ്ധനും
ചിലയ്ക്കുന്ന അണ്ണാനും
മുറ്റമിറങ്ങി പോകുന്നു
ഉറക്കമുണര്‍ന്ന എന്റെ മുറിയില്‍
കുട്ടിയില്ല, കാരണവരില്ല
കാലില്‍ അമ്പ പഠിച്ചതിന്റെ തിണര്‍പ്പും
നാവില്‍ ചായയുടെ ചവര്‍പ്പും
ജനലരികിലിരുന്ന്
ബുദ്ധന്‍ അപ്പോഴും ചിരിക്കുന്നു
പുറത്തെവിടെയോ
ഒരണ്ണാന്‍ ചിലയ്ക്കുന്നു.