രണ്ട് കവിതകൾ
പേരൻ
കസേരയിൽ ചുരുണ്ടുറങ്ങും പേരൻ
പെട്ടെന്ന് ഉറക്കമുണർന്ന്
തേനൂർന്ന വായോടെ
അക്ഷരംപെറുക്കിയെടുത്ത് ചിരിച്ച്
‘‘സർപ്പശുദ്ധി വരുത്തിയപോലൊരു മുത്തശ്ശി’’
എന്ന്
എന്റെ
കവിളിൽ നുള്ളിക്കൊണ്ടു പറഞ്ഞു.
ഉറക്കമുണർന്ന്
നുണക്കുഴിയിൽ
ഞാനവനെ
തിരഞ്ഞുകൊണ്ടിരിക്കുന്നു.
വീണ്ടും കാണൽ
മരിച്ചു പോയവരെല്ലാം ജീവിച്ചിരിക്കുന്നവരുടെ
കൺപോളകളിലിരുന്ന് ധ്യാനിക്കുന്നത്
മിന്നൽപോലെ വെളിപ്പെട്ടു.
പൊടുന്നനെ
നാളുകളായ്
വരാതിരുന്ന
പതിവു ഭിക്ഷക്കാരി
മുറ്റത്തു വന്നു നിന്നു ചിരിച്ചു
കിണ്ണം നിറയെ ചോറു കൊടുത്തു.
എനിക്കും
അവർക്കും
കണ്ണു നിറഞ്ഞു.
മുന്നേ
മരിച്ചുപോയവർ
കൺപോളയിലിരുന്ന് ചിരിച്ചു.
പുനർജന്മമെന്നാൽ
വീണ്ടും
കാണൽ തന്നെ!