രഥചക്രങ്ങളുടെ ഹുങ്കാരം
അപ്പോൾ
ഉന്മാദിയായ യാദവൻ
പരിക്ഷീണനായ
ക്ഷത്രിയനോട് പരിതപിച്ചു,
അവരുടെ ആവനാഴിയിലെ
അർജുനനായുള്ള
അവസാനയസ്ത്രം
അപരനാമസുരനിൽ
പൊലിഞ്ഞതിൽ
ആഘോഷമരുതോ?
ആത്മഹർഷമരുതോ?
ക്ഷത്രിയൻ മിഴി തുടച്ചു,
അപരനസുരനാകിലും
അപരിഷ്കൃതനാകിലും
ആപത്ത് ആത്മജനെങ്കിൽ
അഹം ക്ഷാത്രേയമെന്നത്
ആകുലതക്ക് അപരാധമല്ല!
അഭിമന്യുവിൽ
അർജുനനെന്നപോലെ,
ലക്ഷ്മണകുമാരനിൽ
ദുര്യോധനനെന്നപോലെ,
വൃഷസേനനിൽ
കർണനെന്നപോലെ,
ഇപ്പോൾ ഘടോൽക്കചനിൽ
ഞാനെന്ന അച്ഛനും!
അവിടത്തെ
ആകുലതകൾക്ക്
കലിയുടെ
കന്ദരങ്ങളിൽ,
കാലാന്തരങ്ങളോളം
പ്രസക്തി,
കരയുകയെന്നത്
മനുഷ്യധർമം
കരവാളമെന്നത്
ഗോത്രധർമം.
മഹതേ മടങ്ങി പോക!
അനന്തരം
കാളിന്ദിയുടെ
എക്കൽപ്പുറങ്ങളിൽ
രഥചക്രങ്ങളുടെ
നിലയ്ക്കാത്ത ഹുങ്കാരം,
വെന്ത കബന്ധങ്ങളുടെ
രൂക്ഷ ഗന്ധം!