ദുഃസ്വപ്നത്തിന് തൊട്ടുമുമ്പ്
പകൽ ഒടുങ്ങി തീർന്നു നിഴലിഴയും നീലനിലാവിനെ പുൽകാൻ രാത്രിയും മടങ്ങിവന്നു അവസാന വണ്ടിയുടെ ഇരമ്പലും കടന്നുപോയി തലതല്ലി അകലുന്ന തീവണ്ടിയൊച്ചയ്ക്കൊപ്പം നഗരം നഗ്നമാക്കപ്പെട്ട നേരത്ത് രാത്രി തന്റെ ജീവിതം തുറന്നെഴുതി. ശാന്തമായുറങ്ങുന്ന നഗരം പട്ടടയിൽ എന്നപോലെ വിമൂകമായി. ശീതക്കാറ്റിൽ പൂവിൻ ദളങ്ങൾ കൂമ്പി അടഞ്ഞുപോയൊരു ശിഖരങ്ങളിലെല്ലാം നക്തൻചരൻമാർ കാവൽനിന്നു. ഒച്ചയും അനക്കവും ഓടിയോളിച്ചൊരു മൂലയിൽ ശ്വാനൻമാർ മാണ്ടുകിടന്നു. മിച്ചംവന്ന...
Your Subscription Supports Independent Journalism
View Plansപകൽ ഒടുങ്ങി തീർന്നു നിഴലിഴയും
നീലനിലാവിനെ പുൽകാൻ രാത്രിയും മടങ്ങിവന്നു
അവസാന വണ്ടിയുടെ ഇരമ്പലും കടന്നുപോയി
തലതല്ലി അകലുന്ന
തീവണ്ടിയൊച്ചയ്ക്കൊപ്പം
നഗരം നഗ്നമാക്കപ്പെട്ട നേരത്ത്
രാത്രി തന്റെ ജീവിതം തുറന്നെഴുതി.
ശാന്തമായുറങ്ങുന്ന നഗരം
പട്ടടയിൽ എന്നപോലെ വിമൂകമായി.
ശീതക്കാറ്റിൽ പൂവിൻ ദളങ്ങൾ കൂമ്പി
അടഞ്ഞുപോയൊരു
ശിഖരങ്ങളിലെല്ലാം നക്തൻചരൻമാർ കാവൽനിന്നു.
ഒച്ചയും അനക്കവും ഓടിയോളിച്ചൊരു
മൂലയിൽ ശ്വാനൻമാർ മാണ്ടുകിടന്നു.
മിച്ചംവന്ന തുട്ടിനെ കിഴികെട്ടി കക്ഷത്തിലാക്കി
പട്ടണ തെണ്ടികൾ ഉറക്കമായി.
അസ്ഥി ഉരുകുന്ന കാമത്താൽ തിളച്ചുമറിയുന്നു
ഭോഗാസക്തർ
വരണ്ട ചുണ്ടിനെ നക്കിതുടക്കുന്നു.
പാതിയുറക്കത്തിൻ ആലസ്യക്കണ്ണുമായ്
നഗരവധു നാണം മറന്നു.
അവരുടെ നിറംമങ്ങിയ ചേല
കടുംചായ നിറമുള്ള കടലിലേക്ക് ആഴ്ന്നുപോയി
പാനപാത്രങ്ങൾ ഉടഞ്ഞുചിതറിയ
നൃത്തശാലയുടെ പൊട്ടി അടർന്ന ചുവരിൽ
മുപ്പതു വെള്ളികാശിന്റെ കറ പടർന്നുകിടന്നു.
ഇണചേർന്ന പുരുഷന്റെ ബീജരസം
ഇരുൾ മറകെട്ടി മൂടി
തണുത്ത രാ, കാറ്റിലൽപ്പം ചൂടിനായി
ഈച്ചയാർക്കുന്ന കുപ്പവണ്ടിയിൽ പൂച്ചകൾ
കുമ്പിട്ടുറങ്ങുന്നു
ഖനികളിൽനിന്നുയരുന്ന പുകക്കുഴലുകളിൽ
ചുടു വാതകം
വിഷത്തീ തുപ്പി,
അത് പടർന്ന കാളിമയിലെവിടേയോ
രാപ്പുള്ളു ചിലച്ചതറിയാതെ പോയി.
ഒട്ടിപ്പോയൊരു വയറിനെ പിടിച്ചൊതുക്കി
വിരലുണ്ണുന്ന കുഞ്ഞനെ നുള്ളിയും താളംപിടിച്ചും
മൂളിയുറക്കുന്നു ഒരമ്മ.
ചാവ് പുതച്ചു ഉറങ്ങിയ
ആത്മാവിന്റെ മുഗ്ധ സ്വപ്നങ്ങളിൽ മധുരം
നുണയാനായി ഒരുപറ്റം ഉറുമ്പുകളരിച്ചിറങ്ങി.
നാറുന്നു രാഷ്ട്രീയ
കൂറയിൽ വെട്ടിത്തിളങ്ങുന്ന ചിത്രം
രക്തമൂറ്റി കുടിക്കുന്ന ശ്വാവിന്റെ നാവുപോൽ
ഭീകരം.
പുകഴ്ത്തലിൽ പുളകംകൊണ്ട
ചൈതന്യക്കോട്ടകൾ ഭയന്നിട്ടെന്നപോൽ
ഒറ്റ വെളിച്ചത്തിൽ നിദ്രകൊണ്ടു.
പ്രകാശം തീറ് വാങ്ങിയ മൂളയിൽ
ദുഃസ്വപ്നങ്ങളുടെ അത്താഴം വിളമ്പി
ഞാനും ഉറക്കം നടിക്കുന്നു വെറുതെ...