ആത്മ(ഹത്യാ)രഹസ്യം
കാക്കകൾ കരയുന്നൂ ചീർത്തതാം– ജഡത്തിൽനിന്നാർത്തമായൊരു പ്രാണൻ മെല്ലെയൂർന്നിറങ്ങുമ്പോൾ. അരയാൽപ്പൊത്തിൽ മൗനം നെടുതാം നിശ്വാസത്താൽപ്പറയാൻ തുനിഞ്ഞെന്തോ കാറ്റതു മായ്ക്കുന്നുവോ? വന്നുചേർന്നേയ്ക്കാമേതോ നാഴിക കഴിയുമ്പോൾ, ഒന്നു രണ്ടാൾക്കാർ, പിന്നെയൊഴുകും പുരുഷാരം! എങ്കിലും കുരുക്കഴിച്ചീടുവാൻ കഴിയാത്ത സങ്കടം ചോദ്യങ്ങളായിച്ചുറ്റിലും വളർന്നീടും. ചെന്നിണം പുരണ്ടതാം അന്നത്തെയാകാശവും, വെള്ളില ചിതറിയ രാത്രിതൻ വിളർച്ചയും; എങ്ങനെ പറയുവാൻ, മങ്ങിയും തെളിഞ്ഞുമായ്– പിന്നെയും നിഗൂഢത ചുറ്റിലും വളരുന്നു. അരയാൽ പതുക്കെയൊന്നുലഞ്ഞു നിവരുമ്പോൾ, ഇരുളൻ വാവൽക്കൂട്ടം...
Your Subscription Supports Independent Journalism
View Plansകാക്കകൾ കരയുന്നൂ ചീർത്തതാം–
ജഡത്തിൽനിന്നാർത്തമായൊരു
പ്രാണൻ മെല്ലെയൂർന്നിറങ്ങുമ്പോൾ.
അരയാൽപ്പൊത്തിൽ മൗനം നെടുതാം
നിശ്വാസത്താൽപ്പറയാൻ തുനിഞ്ഞെന്തോ
കാറ്റതു മായ്ക്കുന്നുവോ?
വന്നുചേർന്നേയ്ക്കാമേതോ നാഴിക
കഴിയുമ്പോൾ, ഒന്നു രണ്ടാൾക്കാർ,
പിന്നെയൊഴുകും പുരുഷാരം!
എങ്കിലും കുരുക്കഴിച്ചീടുവാൻ കഴിയാത്ത സങ്കടം
ചോദ്യങ്ങളായിച്ചുറ്റിലും വളർന്നീടും.
ചെന്നിണം പുരണ്ടതാം അന്നത്തെയാകാശവും,
വെള്ളില ചിതറിയ രാത്രിതൻ വിളർച്ചയും;
എങ്ങനെ പറയുവാൻ, മങ്ങിയും തെളിഞ്ഞുമായ്–
പിന്നെയും നിഗൂഢത ചുറ്റിലും വളരുന്നു.
അരയാൽ പതുക്കെയൊന്നുലഞ്ഞു നിവരുമ്പോൾ,
ഇരുളൻ വാവൽക്കൂട്ടം ചിറകുപൊന്തിക്കുന്നു!
കൊമ്പുകൾ കുടഞ്ഞിടാനെത്രയോ
തുനിഞ്ഞിട്ടുണ്ടെങ്കിലും മരണത്തിൻ
മുറുക്കം ചുമക്കുന്നു.
പിന്തിരിഞ്ഞോടുന്നൊരാളരയാലുടൽ–
ച്ചോട്ടിൽ തന്നിടം കണ്ടെന്നപോൽ–
ത്തറഞ്ഞു നിന്നീടുന്നു.
രാത്രികൾ ഒളിപ്പിക്കും രഹസ്യം,
സമുദ്രത്തിൽ ആർത്തലയ്ക്കാനായ്
വിങ്ങും ആയിരം തിരക്കൈകൾ!
മങ്ങിയും തെളിഞ്ഞും
രാവിങ്ങനെയൊഴുകുമ്പോൾ,
പൊങ്ങിയും താണും ജീവൻ
ഉഴിഞ്ഞാൽപ്പറക്കുന്നൂ.
അരയാൽ പുണരുന്നൂ,
അരുതെന്നൊരു വിരലവൾ തൻ–
ചുണ്ടിൽച്ചേർത്തു സങ്കടം പകുക്കുന്നു.
ആരാരുമറിയല്ലെയെന്നവൾ പറഞ്ഞതാ–
ണാനോവിൻ കടൽ
പേറിയരയാലിരമ്പുന്നു.
ഒറ്റയ്ക്കു വിട്ടീടുവാൻ വയ്യാതെയവൾക്കൊപ്പം,
മറ്റേതോയിടം തേടിയരയാൽ പറക്കുന്നു.
അപ്പൊഴും പുലരുവാൻ
ബാക്കിയുണ്ടത്രെ,
ദൂരെയൽപവും കൺചിമ്മാതെ
നിൽക്കുന്നു നക്ഷത്രങ്ങൾ!