കളിമണ്ണ്
വിവാഹിതയായി
വലതുകാൽ െവച്ച്,
വീട്ടിൽ കയറിയ ദിവസം
അയാൾ കാതിൽ പറഞ്ഞു:
‘‘ഞാനല്ലാതെ
മറ്റൊരു ദൈവം
നിനക്കുണ്ടാകരുത്.’’
‘‘ഉം...’’
പിെന്നയൊരാജ്ഞ:
‘‘ഞാൻ കുശവനും
നീ കളിമണ്ണും.’’
അതിനും അവൾ മൂളി.
അവൾക്ക്
നടുക്കമൊന്നുമുണ്ടായില്ല.
‘‘മാനപാത്രങ്ങളും
ഹീനപാത്രങ്ങളും
എന്‍റെ ഇഷ്ടത്തിനൊത്ത്
ഞാനുണ്ടാക്കും.’’
അതിനും മൂളി.
സംശയത്തോടെ
ചോദിച്ചു:
‘‘അപ്പോൾ നിങ്ങളെന്നിലുണ്ടാക്കുന്നത് ഏതു
പാത്രമായിരിക്കും?
ഹീന*പാത്രമോ,
അതോ പൂപ്പാത്രമോ?’’
അയാൾ കടുത്ത നോട്ടം
നോക്കിയിട്ട്:
‘‘അതെന്‍റെ വിരലുകൾ
തീരുമാനിക്കും...’’
അവൾ ശരിക്കും വിധേയ ഭാര്യയായി.
വിനയത്തിന്‍റെ സ്വരവും കേട്ടു.
‘‘ആയിക്കോട്ടേ.’’
പതിവ് ആദ്യ രാത്രി.
കളിമണ്ണ് കുഴക്കുംപോലെ
അവളുടെ ശരീരവും
മനസ്സും അയാളുടെ
ഇഷ്ടത്തിനും
വൈകൃതത്തിനും
കുഴച്ചു.
പിന്നെ ശാന്തമായുറങ്ങി.
വിവാഹശേഷം
പടിയിറങ്ങിയപ്പോൾ
അമ്മ കരഞ്ഞല്ല അവളെ യാത്രയാക്കിയത്. പകരം
മകൾക്കൊരു സമ്മാനവും
കൊടുത്തിരുന്നു.
രതിഭ്രാന്തിനു ശേഷം
തളർന്നുറങ്ങുന്ന
അയാളുടെ മുഖത്ത്
പിടച്ചിൽ വരാതെ, തലയിണ
മുട്ടുകാലുകൊണ്ടമർത്തിയവൾ
അമ്മയുടെ സമ്മാന കത്രികകൊണ്ട്
പൂച്ചെടി വെട്ടുംപോലെ
ഭർത്താവിന്റെ വിരലുകൾ വെട്ടി,
അവൾ പറഞ്ഞു:
‘‘ഒച്ച പുറത്ത് കേൾക്കരുത്.
ഇനി ഞാൻ കുശവൻ.
താൻ കളിമണ്ണ്.’’
=======
* ഹീനപാത്രം: വിസർജന പാത്രം - ക്ലോസറ്റ്