പൊത്ത്
പറക്കമുറ്റാ കിളിയായി വാപിളര്ത്തിയിരിപ്പാണ്.
ശരീരത്തിലെ ചിലതെല്ലാം മുറിക്കണം
തുന്നിക്കെട്ടണം
മാഞ്ഞ ഓര്‍മകളെ തിരിച്ചുപിടിക്കണം.
ശരീരത്തില്‍ കത്തിയാഴ്ത്തും മുമ്പ്
രോമങ്ങളെല്ലാം വടിച്ചുവെടിപ്പാക്കാന്
നഴ്സിങ് അസിസ്റ്റന്റെത്തി
മൂന്നു മക്കളുടെ വാടകപ്പൊത്തില്
കഷ്ടിയാണ് പാര്പ്പെന്നു പറഞ്ഞ്
വൃഷണച്ചോട്ടിലെ രോമം
അയാള്‍ ചുരണ്ടിമാറ്റുന്നു.
അയാളുടെ കുഴിഞ്ഞ കണ്ണുകള്‍, രണ്ടു പൊത്തുകള്‍.
തുള്ളിവെള്ളം ഇനി കുടിച്ചേക്കരുതെന്ന്
നേഴ്സ് വന്ന് പറയുന്നു
നീരുവറ്റി വരണ്ട വയലില്‍
കലപ്പമുന എങ്ങനെ എളുപ്പം മുന്നേറും?
കുടലില്‍ നിറച്ച ആസക്തികളുടെ ഉരുളകളെല്ലാം
പുറത്തേക്കു പോയി
വെള്ളം ചോര്‍ന്ന ദേഹം
പൊള്ളയായി ഏതോ തീരത്ത്
അടിഞ്ഞുകൂടിക്കിടക്കുന്നു.
ഇളംനീല കുപ്പായം
ആരോ ഇടുവിച്ചിരിക്കുന്നു.
കടലില്നിന്നുവന്നവന് കടലിലേക്ക്
തന്നെ മടങ്ങണമെന്നാണോ?
കൈയിലെ നീലഞരമ്പുകളിലൊന്നിനെ പൊട്ടിച്ച്
കനുല കടത്തിയപ്പോള്‍
ജീവജലം മെല്ലേ ഇറ്റാന്തുടങ്ങി.
മിടിക്കുന്ന ജീവന്റെ ചൂടേന്തി
ഇപ്പോള്‍ വീല്‍ചെയര്‍ ഇടനാഴിയിലൂടെ നീങ്ങുന്നു
എന്തേ, വെളിച്ചം വാടിനില്‍ക്കുന്നു?
മറുകരയിലേക്ക് ആരാണ്
തിരപ്പുറത്ത് തള്ളിക്കൊണ്ടുപോകുന്നത്?
ഇടനാഴികളെല്ലാം ഭൂതകാല സഞ്ചാരമാണ്
പിന്നിടുന്നതെല്ലാം അവയുടെ കനംപേറുന്നവയും.
ഓപ്പറേഷന് തീയേറ്ററിലെ
ചിലന്തിക്കൈകളില് വെളിച്ചം പരക്കുന്നു
ആരിലാണാദ്യം കത്തി താഴുക എന്ന വെപ്രാളത്തില്‍
അവയവങ്ങള്‍ കണ്ണു കൂര്‍പ്പിക്കുന്നു
തവിട്ടുതൊലിക്കടിയിലെ
ദുര്‍ബലമായ എല്ലുകള്‍
നാരുറപ്പില്ലാത്ത ഈ പൊത്തില്‍ ജനിച്ചുപോയതിന്
സ്വയം പഴിക്കുന്നത് കേള്‍ക്കാം.
കാല്‍നഖം വരെ
നട്ടെല്ലിലൂടെ
മയക്കത്തിന്റെ അടിതെറ്റിയ സഞ്ചാരം.
മഞ്ഞുകട്ടകള്‍ മൂടിയ ശരീരത്തിലെ പൊത്തില്‍
തട്ടും മുട്ടും
കത്തികള്‍, കത്രികകള്‍.
ഓര്‍മകളെ കൂട്ടിച്ചേര്‍ക്കാന്‍
ഇഷ്ടമില്ലാത്തവയെ മുറിച്ചുമാറ്റാന്‍
മാഞ്ഞതിനെ തെളിച്ചെടുക്കാന്‍
അവര്‍ക്കാകുമോ?