പൊടിഞ്ഞു പോയ ഒരു പേപ്പർക്കഷണത്തിന്റെ ആത്മകഥ
ജൂലൈയുടെ ഹൃദയത്തിൽനിന്ന് ഒരു ഇലകൂടി അടർന്നുവീഴുന്നു ലോകത്തിന് മാറ്റമൊന്നും വരുന്നില്ല ഞാൻ അതിന്റെ മാറിലേക്ക് പൊടിപൊടിയായി വീഴുന്നു ഏതോ കാട്ടുപക്ഷിയുടെ ഹൃദയത്തിൽനിന്ന് വീഴുന്ന അമരത്വമില്ലാത്ത പാട്ട് ഞാൻ കേൾക്കുന്നു പക്ഷിയുടെ ചുണ്ടിൽനിന്ന് അത് ഇലകളിലേക്ക് മണ്ണിരയുടെ വിവർത്തനം ചെയ്യാനാവാത്ത ചുരുളുകളിലേക്ക് കുഴഞ്ഞ മണ്ണിലേക്ക് ഒച്ചുകളുടെ കണ്ണുകളിലേക്ക് ഇറ്റിറ്റു വീഴുന്നു ഞാനിരുന്ന ഇരിപ്പിടം തീരെ...
Your Subscription Supports Independent Journalism
View Plansജൂലൈയുടെ ഹൃദയത്തിൽനിന്ന്
ഒരു ഇലകൂടി അടർന്നുവീഴുന്നു
ലോകത്തിന് മാറ്റമൊന്നും വരുന്നില്ല
ഞാൻ അതിന്റെ മാറിലേക്ക്
പൊടിപൊടിയായി വീഴുന്നു
ഏതോ കാട്ടുപക്ഷിയുടെ
ഹൃദയത്തിൽനിന്ന് വീഴുന്ന
അമരത്വമില്ലാത്ത പാട്ട്
ഞാൻ കേൾക്കുന്നു
പക്ഷിയുടെ ചുണ്ടിൽനിന്ന്
അത്
ഇലകളിലേക്ക്
മണ്ണിരയുടെ വിവർത്തനം
ചെയ്യാനാവാത്ത ചുരുളുകളിലേക്ക്
കുഴഞ്ഞ മണ്ണിലേക്ക്
ഒച്ചുകളുടെ കണ്ണുകളിലേക്ക്
ഇറ്റിറ്റു വീഴുന്നു
ഞാനിരുന്ന ഇരിപ്പിടം
തീരെ ദുർബലമായൊരു തടിയിൽ
തീർത്തതായിരുന്നു
അതിന്റെ ദ്രവിച്ച കാലുകൾ
തകർന്നിരിക്കുന്നു
കവിതയുടെ തണുത്ത
അതിർത്തികളിലേക്ക്
വീഴുന്നു എന്റെ രക്തം
പാമ്പുകൾ ഊരിയിട്ട പഴയ തൊലി
പോലെ അതിലെയസംഖ്യം
ജീനുകളിലെ ഹരിതകം, സ്മൃതികളുടെ
നഖപ്പോറലുകൾ
വേരുകളുടെ ചുറ്റിപ്പിടിത്തം,
അമർഷങ്ങളുടെ ഞെരിഞ്ഞമരൽ,
നിശ്ശബ്ദതയുടെ
ശബ്ദം എല്ലാമെല്ലാം
അജ്ഞാതരായ മനുഷ്യരുടെ
കാലൊച്ചയും
കാത്തുകിടക്കുന്നു
എനിക്ക് മീതേ വീഴുന്നു
പൊള്ളയായ തലയോട്ടികൾ
കബന്ധങ്ങൾ
തകർന്ന അസ്ഥികളുടെ ഉരസൽ
മൺമറഞ്ഞ നഗരങ്ങളുടെയും
ചരിത്രങ്ങളുടെയും
കോശങ്ങളിൽനിന്ന്
അടർത്തി മാറ്റിയ
എല്ലിൻ കഷണങ്ങൾ
മനുഷ്യന് മാത്രം സാധ്യമാകുന്ന
ചില ശൂന്യതകൾക്ക് മുകളിൽ
സൂര്യനുദിക്കുന്നു
കറകളുടെ നിറത്തിൽ വെയിൽ
സൂര്യവൃത്തങ്ങൾ വരക്കുന്നു,
ശൂന്യമായ ഹൃദയവുമായി
വാക്കുകൾ ഛർദിക്കുന്ന മനുഷ്യരുടെ
ഘോഷയാത്ര ഞാൻ കാണുന്നു
അവർ ചെറുമീനുകളെ വായുവിലെറിഞ്ഞ്
ആകാശത്തുനിന്നും
തിമിംഗലങ്ങളെ പിടിക്കുന്നു
കടലുപോലെ പരന്ന ആകാശം
അതിന്റെ കണ്ണുനീർ
എന്റെ ദ്രവിച്ച ഹൃദയത്തിലേക്ക് ഒഴുക്കുന്നു
അവർ കൂട്ടംകൂടുന്നു
രഹസ്യമായി
മണ്ണു മണപ്പിക്കുന്നു
മണ്ണിലുണ്ട് ഉപ്പിന്റെ മണം
മണ്ണിലുണ്ട് രക്തത്തിന്റെ മണം
എന്റെ ജീർണിച്ച ശരീരത്തിന്റെ ശേഷിപ്പുകൾ
തകർന്ന കടലാസുകളിലും
മുനയൊടിഞ്ഞ പെൻസിലുകളിലും
പറ്റിപ്പിടിച്ച എന്റെ കോശം
കിളച്ചു മൂടിയാലും വീണ്ടും വീണ്ടും
കുരുത്തുവരുന്ന മുയൽച്ചെവിയന്റെ
വേരുകൾ.