ഫിസ്ക്വിന്ന
ഇരിക്കയാണൊരു
മുഴുത്ത മീൻകാരി
വെളുത്ത മേഘത്തിൻ
നനുത്ത തട്ടമി-
ട്ടുറക്കെയാർക്കുന്നു,
ണ്ടിടയ്ക്ക് ഹോയ് വിളി..!
അവൾക്ക് ചാകര
ദിവസവും കുട്ട
നിറച്ചും മീനുകൾ!
അറിയാപ്പേരുകൾ!
അറച്ചറച്ചു ചെന്നടുക്കും
തോണികൾ നിറച്ച്
മീനുമായ് മടങ്ങുമ്പോൾ
പിമ്പേ തെറുത്തു ചേലയെ
ക്കയറ്റി വച്ചവൾ
കുതിക്കുമെപ്പൊഴും
കരയ്ക്കലോളവും...
കണക്കുതീർക്കാത്ത
കലിപ്പിൽ കേൾക്കുവാ
നറയ്ക്കും വൻ തെറി
തെറിച്ചനാവുമായ്….
കരയ്ക്കലെ കൂര
യ്ക്കകത്തടു-പ്പിലെ
ക്കറുത്ത മീൻചട്ടി
ക്കുളത്തിൽ നീന്തുമാ
കൊഴുത്ത ചാളയും
പിടയ്ക്കും കേൾക്കുകിൽ..!
കലിപ്പടങ്ങവേ
മുഴുത്ത സൂര്യനെ
പ്പിടിച്ചുവായിലി-
ട്ടടയ്ക്കയാക്കി ദേ!
മുറുക്കിടുന്നവൾ!
മുറുക്കിത്തുപ്പലാൽ
നിറച്ചു ചോപ്പിച്ച
പടിഞ്ഞാറൻ വാനിൽ
കുലുക്കുഴിഞ്ഞൊഴി
ച്ചൊഴുക്കിവെണ്ണിലാ-
വിനിക്കയാണതിൽ
വിയർപ്പിൻ തൂമണം!
നനുത്ത പാൽനുര
പ്പുതപ്പുമൂടി വീ-
ണുറക്കമായവൾ,
ഇരുട്ടിലൂടതാ
കറുത്ത നൗകയിൽ,
കൊതുമ്പുതോണിയിൽ,
പെരുത്തബോട്ടിലായ്
അടുത്തു കുട്ടയിൽ
പിടച്ചിടും മത്സ്യം
കവർന്നുപോകുന്നു
കണക്കുതീർക്കാതെ
പതിവു കള്ളന്മാർ!
ഉറക്കുഞെട്ടിയി
ട്ടറിയാഭാവത്തിൽ
കിടക്കയാണവൾ,
അവർക്കനുകൂലം!
ചിരിക്കയാണുള്ളിൽ
പിണക്കമില്ലവൾ
ക്കൊരിക്കലും കര,
യണയാ ത്തോണിയിൽ
തിരക്കരുത്തു
കൾക്കെതിരെ നീന്തു
വോരവർക്ക് നൽകുവാൻ
മനസ്സവൾക്കെന്തും!
അതൊക്കെയെങ്കിലും
കിഴക്കിൻ പാൽക്കുടം
ചുരക്കുമ്പോൾ സ്വയം
എടുത്തു ചാർത്തുന്നൂ
കടുത്ത കാർക്കശ്യ
മുഖപടം! നീല
ക്കറുപ്പ് പൂഞ്ചായൽ
അഴിച്ചു നീർത്തുന്നൂ
മുറുക്കുന്നൂ കച്ച,
പടയ്ക്കിറങ്ങുവാൻ!
തെറുത്തു കേറ്റുന്നൂ
വെളുത്ത പട്ട്യാല,
തരത്തിൽപിന്നാക്കം
മറിഞ്ഞതി ദ്രുതം!
എടുത്ത മീനിന്റെ
കണക്കു ചോദിച്ചു
കരയ്ക്കലേക്ക് പാ-
ഞ്ഞടുക്കുന്നൂ വീണ്ടും..!
========
ഫിസ്ക്വിന്ന – മീൻകാരി [സ്വീഡിഷ് പദം]