ഒരു പേരില്‍ എന്തൊക്കെയോ ഇരിക്കുന്നുണ്ട്..!
കഞ്ഞിക്കരിയിട്ട് അടുപ്പിൻ തിണ്ണമേൽ അന്തിച്ചിരുന്നവളോട് ‘‘പുക തിന്നോണ്ടിരിക്കാതെ ഇങ്ങോട്ടൊന്നു വന്നേടിയേ’’ന്ന് പുറത്തുനിന്നൊരു സ്നേഹസ്വരം. വർഷങ്ങളുടെ തഴമ്പ് ബാധിക്കാത്ത ‘‘എടിയേ’’ വിളികളിൽ അവളങ്ങേരുടെ കാമുകിയും ഭാര്യയും കുഞ്ഞും അമ്മയും കൂട്ടുകാരിയുമാകും. ‘‘ങ്ങളെന്തിനാ മനുഷ്യാ വിളിച്ചുകൂവുന്നേ’’ന്നവൾ ദേഷ്യം നടിച്ചു മുഖംചുളിക്കുമ്പോൾ ഒറ്റമുറിക്കകത്തെ കൊന്തയും നിസ്കാരപ്പായയും പരസ്പരം കണ്ണിറുക്കും. മഗ് രിബ് ബാങ്ക് നേരത്ത്, പെറ്റെണീറ്റ പെണ്ണിനേം കുഞ്ഞിനേം എണ്ണതേച്ചു കുളിപ്പിക്കുന്ന അവനിലെ മാതൃത്വത്തിനു മുന്നില്‍ ഉണ്ണീശോയുടെ കണ്ണു...
Your Subscription Supports Independent Journalism
View Plansകഞ്ഞിക്കരിയിട്ട്
അടുപ്പിൻ തിണ്ണമേൽ
അന്തിച്ചിരുന്നവളോട്
‘‘പുക തിന്നോണ്ടിരിക്കാതെ
ഇങ്ങോട്ടൊന്നു വന്നേടിയേ’’ന്ന്
പുറത്തുനിന്നൊരു സ്നേഹസ്വരം.
വർഷങ്ങളുടെ തഴമ്പ് ബാധിക്കാത്ത
‘‘എടിയേ’’ വിളികളിൽ
അവളങ്ങേരുടെ
കാമുകിയും ഭാര്യയും
കുഞ്ഞും അമ്മയും
കൂട്ടുകാരിയുമാകും.
‘‘ങ്ങളെന്തിനാ മനുഷ്യാ
വിളിച്ചുകൂവുന്നേ’’ന്നവൾ
ദേഷ്യം നടിച്ചു മുഖംചുളിക്കുമ്പോൾ
ഒറ്റമുറിക്കകത്തെ
കൊന്തയും നിസ്കാരപ്പായയും
പരസ്പരം കണ്ണിറുക്കും.
മഗ് രിബ് ബാങ്ക് നേരത്ത്,
പെറ്റെണീറ്റ പെണ്ണിനേം കുഞ്ഞിനേം
എണ്ണതേച്ചു കുളിപ്പിക്കുന്ന
അവനിലെ മാതൃത്വത്തിനു മുന്നില്‍
ഉണ്ണീശോയുടെ കണ്ണു നിറയും.
‘‘പ്രേമക്കൂത്താടുന്ന
അച്ചായനും മാപ്ലച്ചിയു’’മെന്ന്
ഇരുകാലി മൃഗങ്ങൾ
അടക്കംപറഞ്ഞു ചിരിക്കും,
പ്രാക്കിന്റെ കെട്ടുപൊട്ടിക്കും.
പുതുപുലരികളിൽ ഊർജം നിറച്ച്,
മോണകാട്ടിയുള്ള
പാൽപ്പുഞ്ചിരി നോക്കി
‘പ്രതീക്ഷ’യെന്നുറക്കെ വിളിച്ചപ്പോള്‍
നാലുദിക്കുമതാവർത്തിച്ചു.
‘‘ജോസപ്പിന്റെ കൂട്ടരെ പേരോ
ആമിനാന്റെ കൂട്ടരെ പേരോ ഇടാതെ
ഞങ്ങളെ കൂട്ടരെ പേരുമിട്ട്
നാണംകെടുത്തുന്നോ നായ്ക്കളേ’’യെന്ന
ദിക്കുലയ്ക്കുന്ന ആക്രോശങ്ങൾക്കു മുന്നില്‍
‘പ്രതീക്ഷ’ എന്ന പദം
അപമാനഭാരത്താൽ
അർഥമഴിച്ചുവച്ച്
ശൂന്യതയുടെ പടവുകളിറങ്ങി.