Begin typing your search above and press return to search.
proflie-avatar
Login

കുറ്റപ്പെടുത്തൽ എന്ന അതേ പക്ഷി

Malayalam poem
cancel

തലമൂടി ജനുവരിയുറങ്ങുന്ന

ഒരു ശനിയാഴ്ച

ചെവിയിലൊരു കൊത്തുകൊണ്ട്

ഞെട്ടിയുണർന്നു:

കുറ്റപ്പെടുത്തൽ എന്ന അതേ പക്ഷി!

ഇംഗ്ലണ്ടിൽ ഇതിനെ കാണാൻ സാധ്യതയില്ലല്ലോ

എന്നല്ലേ നിങ്ങളുടെ വിചാരം?

നിങ്ങൾക്ക് തെറ്റിപ്പോയി എന്ന്

എന്റെ മുറിവേറ്റ ചെവി സാക്ഷ്യം പറയും

ഹീറ്റർ പണിമുടക്കിലാണ്!

വീടിനകം ഒരു ധ്രുവപ്രദേശം.

ഞങ്ങൾ അവിടെ എക്സിമോകളായി

ആനുവൽ സർവീസിങ്ങും

അതു മുടങ്ങിയാലുള്ള പ്രതിഷേധവും

യന്ത്രഹൃദയങ്ങളുടെ

ജന്മാവകാശമാണത്രേ

വർഗബോധത്തിന്റെ ആ കൂട്

അടുക്കളയിലാണെന്നു തോന്നുന്നു

അവിടെനിന്നാണ് കിളിയുടെ വരവ്

ഞങ്ങൾ ബൂർഷ്വാസികൾ പൊതുവേ

തോൽവി ഇഷ്ടപ്പെടാത്തവരായതുകൊണ്ട്

‘സമയത്ത് ഓർമിപ്പിച്ചില്ലല്ലോ’

എന്നൊരു ടാഗ് കഴുത്തിലിടുവിച്ച്

അടുക്കള ഭാഗത്തേക്കുതന്നെ

പതിവുപോലെ ഞാൻ അതിനെ പറത്തിവിട്ടു

പക്ഷേ,

ഒരുദിവസം ഇത് ഞങ്ങളിരുവരെയും

തിരിഞ്ഞുകൊത്തും

സ്നേഹം സ്നേഹത്തെ കണ്ടെത്താൻ

നടത്തുന്ന ഈ മഹായാത്രയിൽ

ആ ദിവസമെങ്കിലും ഈ പക്ഷി

ഒരു രൂപകം

മാത്രമായിരുന്നുവെന്ന്

ഞങ്ങൾ തിരിച്ചറിയുമോ?

Show More expand_more
News Summary - weekly literature poem