വെള്ളത്തിൽ ലയിച്ച സമയം
പലദിനം പോലെ ഒരുദിനമവൾ
പെരിയ മാളിന്റെയരികിൽ നിൽക്കുന്നു.
എന്തോ തിരഞ്ഞവൾ ആകാശം നോക്കുമ്പോൾ
സമയം ക്ലോക്കിൽനിന്നിറങ്ങിയോടുന്നു.
പൊടുന്നനെയവൾ സ്റ്റെപ്പിൽക്കയറുവാൻ
ശ്രമിക്കുമ്പോൾ ക്ഷണം സ്റ്റക്കായി നിൽക്കുന്നു.
നഗരശബ്ദങ്ങൾ നേർത്തുനേർത്തുപോയി
കരയിലുണ്ടായി കടൽനിശ്ശബ്ദത.
മരങ്ങൾ, വണ്ടികൾ, മനുഷ്യരൊക്കയും
പെയിന്റിങ്ങോ അതോ ഫോട്ടോകണക്കെയോ!
ഇവിടെയെന്നല്ല എവിടെയുമെല്ലാം
നിശ്ചലം. കാറ്റ് നിശ്ചലം പുഴ, കാടുകൾ.
ഇരപിടിക്കാനായി ചാടിയ പുലി-
വായുവിൽതന്നെ തങ്ങി നിൽപതായി.
സമയം പോയപ്പോൾ ഇരുട്ടുമാത്രമായ്,
പലേതരമിരുൾ പതുങ്ങി നിൽക്കുന്നു.
സമയമെപ്പൊഴോ കടലിലെത്തുന്നു.
തിരകളങ്ങനെ ഉയർന്നുപൊന്തുന്നു.
തിരകളിൽനിന്നു തിരകളിലേക്കു-
പായുമൊരു മത്സ്യം പറക്കുവാനായി
ചിറകെടുക്കവേ, കടലിലേക്കതു-
പതിച്ചു വേഗത്തിൽ കുതിച്ചു പായുന്നു.
കടലിലെപ്പൊഴോ കുളിച്ചുനിന്നവർ
പലകാലങ്ങൾക്കു മുന്നിലാണ്ടുപോയി.
കരയിൽ ജീവിച്ച ഓർമയെവിടെയോ -
മറഞ്ഞുപോയപ്പോൾ, കടലു മാത്രമായ്.
ജലത്തിനുമീതെ നടന്നുപോകാനും
ജലജീവിയെപ്പോൽ പറന്നു നീന്താനും.
തോന്നുമ്പോൾ ക്ഷണം മറഞ്ഞു പാർക്കാനും
പുതിയൊരു കഴി,വവർക്കുണ്ടാകുന്നു.
കപ്പലിലൊരു കാടുണ്ടാക്കുന്നു.
ആ കാട്ടിൽ ഒരു മാൻ ഉയർന്നുചാടുന്നു.
അനേകം വീടുകൾ ഒഴുകിയങ്ങനെ
കടലിരുട്ടിലെ വെളിച്ചമാകുന്നു.
കരയിലപ്പൊഴും സമയം നിശ്ചലം.
വിമാനം വായുവിൽ പറന്നുനിൽക്കുന്നു.
ചെടികളിൽനിന്നു പൊഴിഞ്ഞ പൂവുകൾ
വായുവിൽതന്നെ തങ്ങിനിൽക്കുന്നു.