കോർമ്പെ
മഴയുടെ മകൾ
മരങ്ങളുടെ കാറ്റുകൾ
കല്ലുകളുടെ മിന്നൽ
കാടിന്റെ വിത്ത്
ആ ഒരു കണ്ണാടി.
പോയ ചന്ദ്രൻ ആദ്യം നോക്കി
തെളിഞ്ഞ സൂര്യനും നോക്കി
വിരിഞ്ഞ പൂവുകളും വെയിലും
തണലുമെല്ലാം കണ്ണാടിയായി.
ഞാനന്ന് ഇര കോർത്ത്
ചൂണ്ടയിട്ടപ്പോൾ
ആദ്യം ഒരു ചൊട്ടവാളയെ കിട്ടി.
അതിനെ കോർമ്പയിൽ കോർത്തപ്പോൾ
എന്നോടൊരു കഥ പറഞ്ഞു.
നീ മഴ നനഞ്ഞെങ്കിൽ വേഗം
തോർത്തെടുത്ത് തല തോർക്ക്ന്ന്.
രണ്ടാമത് ചൊട്ടവാളയെ ചൊട്ടിയപ്പോൾ
ചൊട്ടവാള രണ്ടുവാക്ക് പറഞ്ഞു.
നീയിപ്പുഴയിൽ നീന്തരുത്
വല്ല്യ കുഴികളാണെന്ന്.
മൂന്നാമത് ആരലിനെ ചൊട്ടിയതും
മൂന്നാമത്തെ വാക്കു പറഞ്ഞു.
മുള്ളുകൾ വാളുപോലെ നിറഞ്ഞതാണ്
സൂക്ഷിക്കണമെന്ന്.
നാലാമത് ചീപ്പത്തിയെ കോർത്തപ്പോൾ
നാലാമത്തെ വാക്കു പറഞ്ഞു.
പച്ചനിറമാണ് ശ്രദ്ധിക്കണം
വഴുക്കലുണ്ടെന്ന്.
അഞ്ചാമത് ഏട്ടയെ കോർത്തപ്പോൾ
അഞ്ചാം വാക്കു പറഞ്ഞു.
പുഴക്ക് നല്ല സ്വർണനിറമാണ്
അധികം മുങ്ങരുതെന്ന്.
ആറാമത് ചില്ലക്കൂരിയെ കോർത്തപ്പോൾ
ആറാം വാക്കു പറഞ്ഞു.
നീയൊന്ന് മുങ്ങിനോക്കി
ഒരു കല്ലെടുക്കണമെന്ന്.
പറഞ്ഞപ്പോലെ ഞാൻ മുങ്ങിട്ട്
കല്ലെടുത്തു നോക്കുമ്പോൾ
ഒരു സൂര്യവല എന്നെ വീശിയെടുത്ത്
കരയിലേക്കെറിഞ്ഞു.
കരയിൽ വീണതും
കര കരയാൻ തുടങ്ങി.
എന്റെ തുടയും മുട്ടും
വീങ്ങാൻ തുടങ്ങി.
ഇലകൾ ചിരിക്കുന്നു
മരത്തടിയുടെ മൂക്കിൽനിന്നും
കാറ്റുകൾ ഓടിപ്പോവാൻ
മെല്ലെ മെല്ലെ മൂളുന്നു.
നീർക്കാക്കയും പൊൻമാനും
പാറകളിൽ പായവിരിച്ച്
കിടന്നുറങ്ങാൻ തുടങ്ങുമ്പോൾ
കോർമ്പയിൽ കോർത്ത മീനുകളുടെ
കണ്ണുകളെല്ലാം ആ ഒഴുക്കിൽ വീടായി.
ചട്ടിയെത്തി മക്കളെത്തി ഭാര്യയെത്തി
വറുവറുത്തെടുക്കാൻ തുടങ്ങിയ നേരത്ത്
ഏഴാമത്തെ ഭാഷ പറഞ്ഞപ്പോൾ
മാവേലി എങ്ങോട്ടോ ഒളിച്ചോടിപ്പോയപ്പോൾ
പിടിച്ചുകെട്ടി കുഴഞ്ഞു ചങ്ങല
തേൻപിടിച്ച മരത്തിലെ ഓണപ്പൂവിൽ
ഓർമിക്കാൻ ഓമനിക്കാൻ മാത്രം
മാവേലി തോട്ടത്തിൽ വേലിയായി.