പേടിഫാക്ടറി ബാംഗ്ലൂർ യൂണിറ്റ്
വീടുകളിൽ പണ്ടേക്കാളുണ്ട്
പേടിപ്പുക
പേടിമൂല
പേടി മൂളൽ
വായ കൂട്ടാനാവാതെ, പല
പ്രായക്കാരായ വിള്ളലുകൾ.
പാഠപുസ്തകത്തിൽ സവർണ-
പ്രേതസഞ്ചാരമുണ്ടെന്ന്
ആട്ടിയോടിക്കണമവയെ എന്ന്
അനന്തമൂർത്തിയും ഡി.ആർ നാഗരാജും
അംബേദ്കറും അയ്യൻകാളിയും
ആശാനും ഗംഗാധർ മെഹറും.
ഗർഭയന്ത്രമായ നഞ്ചപ്പ റായൻ
ദാസിയിൽ നിർമിച്ച പേടിപ്പെരുവയർ
ഭ്രാന്തായ് അവളിലും
ക്ഷോഭമായ് നാട്ടിലും
പ്രേതമായ് ഇരുട്ടിലും ഭാരിച്ചു.
ബി.ബി.സിയിലും അൽജസീറയിലും
യുദ്ധവാർത്തകൾ നിറയെ
യുദ്ധം ദുരന്തക്കൂമ്പാരമാക്കിയ വീടുകൾ.
എല്ലും കല്ലും കണ്ണും കമ്പിയും തുറിച്ച
കൂരബാക്കിയോരോന്നും ക്രൂരബാക്കി.
പേടിക്കൂടാരം,
യാചനക്കൂപ്പുകൈ.
എന്നത്തേക്കാളുമുയരുന്നു
ഏത് ഫാഷിസ്റ്റിന്റെയും കീർത്തി.
ആഗോള പേടിഫാക്ടറിയുടെ
ബാംഗ്ലൂർ യൂണിറ്റ്
തകൃതിയിൽ നിർമിക്കുന്നു
ദേശി വിദേശി ഹിംസപ്പേടികൾ;
സ്മാൾ, മീഡിയം, ലാർജ്, ഹൈപ്പർ ടെൻഷൻ
എന്നത്തേക്കാളുമിരട്ടി.
പേടിച്ചുവരുകൾക്കപ്പുറം മക്കൾ
കൂടുതൽ കേട്ടേനേ കവിതയിൽ
ഉൾപ്പൊരുളിന്റെ മുഴക്കം;
അച്ഛനും അമ്മയുമിങ്ങനെ
അന്യോന്യം ഉന്നംവെ-
ച്ചവരവരെ തോൽപിക്കാതിരുന്നെങ്കിൽ.