മൂന്നു കവിതകൾ
1 കവിത ഇരുട്ടിൽ
തീവണ്ടിയാപ്പീസിലെ വിളക്കുകൾ
പൊടുന്നനെ അണഞ്ഞു:
കുറ്റാക്കുറ്റിരുട്ട്.
യാത്രക്കാർ തറഞ്ഞുനിന്നു,
ഇരിക്കുന്നവർ അനങ്ങിയില്ല,
ഒച്ചയും നിലച്ചു.
തീവണ്ടികളൊന്നും വന്നില്ല,
സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽനിന്ന്
ഒരു ഞരക്കം കേട്ടു.
സ്റ്റേഷൻ ഒരു വലിയ
കാനനംപോലെ തോന്നിച്ചു:
കാതടപ്പിക്കുന്ന ചീവീടിന്റെ ശബ്ദം,
വന്യമൃഗങ്ങളുടെ മുരൾച്ച,
വെള്ളച്ചാട്ടത്തിന്റെ ആരവം,
വേട്ടനായ്ക്കളുടെ കുര;
ഇരുട്ടിൽ ആരൊക്കെയോ പതുങ്ങുന്നു.
വെളിച്ചം വന്നപ്പോൾ
എല്ലാം പഴയപടി!
2 എരുമയും ഒരുമയും
ആൺകുട്ടി പെൺകുട്ടിയെ
‘‘എടി എരുമേ’’ എന്നു വിളിക്കും;
അനുസരണയോടെ അവൾ
വിളി കേൾക്കും!
അവർ വിവാഹിതരായി
ഒരുമയോടെ ജീവിക്കുന്നു!
ഞാനും ഭാര്യയും
വഴക്കിടാത്ത നേരമില്ല!
‘‘എരുമേ’’ എന്നു
വിളിക്കാതിരുന്നതോർത്ത്
ഇന്ന് സ്വകാര്യമായി
ദുഃഖിക്കുന്നു!
3 വെളിപാട്
യൗവനകാലത്ത്
ഉദ്യോഗാർഥം
കുഗ്രാമത്തിൽ വാഴുമ്പോൾ
വയലുകൾ
ജലാശയങ്ങൾ
ചളിക്കുണ്ടുകൾ
അയവെട്ടും പോത്തുകൾ
വൃക്ഷമുത്തശ്ശിമാർ
പനയക്ഷികൾ
പൊന്തക്കാടുകൾ
കുളക്കോഴികൾ -എല്ലാം
രാത്രിയിൽ വെളിച്ചപ്പെടുമായിരുന്നു!
-അന്നതൊന്നും വകവെച്ചില്ല.
അമ്പതാണ്ടിനിപ്പുറം
നഗരഫ്ലാറ്റിൽ
വാർധക്യം താണ്ടുമ്പോൾ
പകലും രാത്രിയും
അതേ വെളിച്ചപ്പെടലുകൾക്ക്
തിടംവെക്കുന്നു!