ജീവിതം സംഗീതാത്മകം
ഗിത്താറു വായിക്കയാണെന്റെ സ്നേഹിത
കട്ടിലിൽ ചാരിക്കിടന്നു കേൾക്കുന്നു ഞാൻ
അജ്ഞാതമാണിനിക്കീ തന്ത്രിവാദ്യത്തിൽ
സുപ്തികൊള്ളുന്ന നാദങ്ങളുണർത്തുന്ന
വിദ്യ, വിചിത്ര കഥാപാത്രമെൻ കൂടെ
യെപ്പൊഴും സഞ്ചരിക്കുന്നൊരു ഗായിക
ഞങ്ങൾ വസിക്കുന്ന ഫ്ലാറ്റ് അറബിക്കടൽ
തീര,ത്തതിലും ഗിത്താറിന്റെ മർമരം.
സ്നേഹിതയില്ലാതിരുന്നൊരു സായാഹ്ന
നേരം മുറിയിലിരിക്കേ ഞാൻ കാണുന്നു
മൂലക്കിരിക്കുന്ന ഗിത്താർ, നിശ്ശബ്ദത
യ്ക്കാഭരണംപോലെ, എൻ പ്രിയ സ്നേഹിത
വേണമീ ഗിത്താറുമിണ്ടുവാനെന്നു ഞാൻ
ഓർത്തു, കാറ്റില്ലാതനങ്ങില്ലൊരു മരം.
രണ്ടുപേർ ചേരുമ്പോൾ പ്രേമം, കടലിനു
പേരിട്ടറബിക്കടലെന്നു മാനുഷർ.
ചാരിക്കിടക്കുന്ന വാതിൽ തുറന്നെന്റെ
സ്നേഹിതയെത്തവേ ഞാനെന്റെ ചുംബനം
നീട്ടിവെക്കാതെ പതിച്ചവൾ ചുണ്ടിലായ്
അപ്പോൾ മുഴങ്ങി ഗിത്താറിന്റെ തന്ത്രികൾ
എത്ര സംഗീതാത്മകെമന്റെ ജീവിതം!