Begin typing your search above and press return to search.
proflie-avatar
Login

ക്രോണിക്കിൾസ് ഓഫ് നാർണിയ

poem
cancel

ഒന്ന്

ജോസഫ്, ഐസക്, ജേക്കബ്, തോമസ്...

വേനൽദിവസങ്ങളിൽ

വിഷാദമെന്ന തോട്ടക്കാരൻ

എന്റെ നെഞ്ചിൽ പാവിയിടാറുള്ള വിത്തുകൾ

ആർത്തിയോടെ മുള പൊട്ടി

പൊന്തിവന്ന മഴക്കാലത്ത്

ഇ​െക്കാല്ലം അതിലെത്ര പൂക്കൾ

വിരിയുമെന്ന് ഭയപ്പെട്ട്

പുതച്ചുമൂടിയിരുന്ന ഒരു വൈകുന്നേരത്തിൽ

അലമാരത്തട്ടിൽനിന്ന് വലിച്ചെടുത്ത്

വെറുതേ തുറന്നൊരു പുസ്തകത്തിൽനിന്ന്

എനിക്കു നിങ്ങളെ വീണ്ടും കിട്ടി.

‘ക്രോണിക്കിൾസ് ഓഫ് നാർണിയ’-

രണ്ടു വർഷം മുമ്പ്

പഴയ പുസ്തകക്കടയിൽനിന്ന്

ആഹ്ലാദത്തിന്റെ അലർച്ചകളോടെ

മക്കൾ തപ്പിയെടുത്ത

രണ്ടായിരാമാണ്ട് കോപ്പിയുടെ

ഉൾച്ചട്ടയുടെ വെളിമ്പുറത്ത്

നിങ്ങൾ

ഇങ്ങനെ എഴുതപ്പെട്ടു കിടന്നിരുന്നു-

To dear Joseph, Isaac, Jacob, and Thomas

Happy Christmas!

All our Love,

Mummy and Daddy ××××

അവസാനത്തെ ഗുണനചിഹ്നങ്ങൾ

തൊട്ടിലിൽ ഒന്നിച്ചുറങ്ങുന്ന

നാലു കുഞ്ഞുങ്ങളെപ്പോലെ ഉടൽ നീണ്ട്..!

ഉപേക്ഷിക്കപ്പെട്ട ഒരു വീടിന്റെ,

അല്ലെങ്കിൽ

ഉടമകൾക്ക് തിരിച്ചുവരാനാകാതെപോയ

ഒരു വീടിന്റെ

താക്കോൽ കളഞ്ഞുകിട്ടിയവരെപ്പോലെ

അഞ്ഞൂറ്റിമുപ്പത് പുറങ്ങളുടെ ഭാരം

ഞങ്ങളുടെ കണ്ണിൽ തൂങ്ങി...

നിങ്ങളുറങ്ങിക്കിടക്കുന്ന

മൂന്നാംപുറം മറിച്ചുണർത്താതെ

മക്കളാവേനൽപ്പൂട്ടു ദിനങ്ങളിൽ

ഒന്നിച്ചുമൊറ്റയായും പല നേരങ്ങളിൽ

നാർണിയാദേശമലഞ്ഞു.

ആരാവും, എങ്ങനെയാവും,

ഇപ്പോളെവിടെയാവുമെന്ന്

ഇടക്കാലോചനപ്പെട്ട്

വിറ്റതാരെന്നറിഞ്ഞുകൂടായെന്ന

കടക്കാരൻവാക്കും ചിരിയും കേട്ട്

പുത്തൻപഠിപ്പു കൊല്ലത്തിപ്പെയ്ത്തിലേക്ക്

പിന്നെ നാം കുട ചൂടിയിറങ്ങിയപ്പോൾ

നിന്റെ മാന്ത്രികലോകം മറവിയിൽ മങ്ങി.

സകല ചോദ്യങ്ങൾക്കുമുത്തരകാരി,

ഒഴിയാ ബാധകൾക്കുച്ചാടനകാരി

സമ്പൂർണ ഷെർലക്ഹോം വാള്യത്തിന്റെ

ഏഴിലം പാലത്തണ്ടിൽ ചാരി

നിന്നെ ഞാൻ കുത്തിനിർത്തി

നിനക്കുള്ളിൽ, എനിക്കുള്ളിലങ്ങനെ

മൂന്നാംപുറത്തിന്റെ മായ മയങ്ങി.

രണ്ട്

രണ്ടാം വരവിൽ നീയെന്നെ

തിരിച്ചു പോകാതെ കോർത്തു നിന്നു.

രണ്ടു വർഷംകൊണ്ട് പലതായിരട്ടിച്ച

രഹസ്യഭാരത്താൽ നെഞ്ചിൽ കനത്തു വന്നു

ലോകം മുഴുവനുമിരുന്ന്

നിന്നെ വായിച്ച കുഞ്ഞുങ്ങളിൽനിന്ന്

നാലേ നാലുപേർക്കായി

വീതംവെച്ചൊരു പുസ്തകം

വീണ്ടും തുറന്നു കേറുമ്പോൾ

ജോസഫ്, ഐസക്, ജേക്കബ് തോമസ്

നിങ്ങളിൽ തപ്പിത്തടഞ്ഞ് ഞാൻ വീഴുന്നു...

നാർണിയാ താഴ്‌വരയുടെ

അത്ഭുത വിഭ്രമങ്ങളിലേക്കാണ്ടുപോയ

കഥാപുസ്തകത്തിലെ

നാലു സഹോദരപാത്രങ്ങളെപ്പോലെ.

ലോക മഹായുദ്ധകാലം, കിടാങ്ങളെ പാർപ്പിച്ച

ദൂര ഗ്രാമങ്ങളിലെ ബന്ധുഗേഹങ്ങൾ

അതിലൊന്നിലെത്തിയ നാൽവർ സഹോദരർ-

പീറ്റർ, സൂസൻ, എഡ്മണ്ട്, ലൂസി...

വിരുന്നുവീട്ടിലെ വിലക്കപ്പെട്ട മുറിയിൽ

ചുവരലമാരക്കുള്ളിൽ

ഒളിച്ചു കേറിപ്പോയ കുരുന്നു ലൂസി,

നിരന്നു തൂങ്ങും കോട്ടുകൾ വകഞ്ഞുപോയ്

അവരെത്തിച്ചേർന്ന നാർണിയാ താഴ്‌വര.

മഞ്ഞുറാണി, ദുർമന്ത്രവാദിനി

മായകാട്ടി ഹിമദേഹമാക്കിയ

മൃഗ, മനുഷ്യ പുരവാസികൾ...

നാലു കുഞ്ഞുങ്ങളും നീതിയുമായ്ച്ചേർന്ന്

നാർണിയാദേശം വീണ്ടുമുയിർപ്പിച്ച

സിംഹരാജൻ, യേശുവിനെപ്പോൽ

സുഭാഷിതൻ അസ്‌ലാൻ!

തിരിച്ചിറങ്ങുന്ന കുട്ടികൾ

മുതിർന്നു മൂപ്പെത്തവേ

ഓർമയിൽനിന്ന് മാഞ്ഞുപോകുന്ന നാർണിയ.

വായന തീർന്നിട്ടും കഥയൊടുങ്ങാതെ ഞാൻ

മൂന്നാം പുറത്തിലേക്കൂളിയിടുന്നു.

പീറ്റർ, സൂസൻ, എഡ്മണ്ട്, ലൂസി/

ജോസഫ്, ഐസക്, ജേക്കബ്, തോമസ്.

മറവിയുടെ

നൂറ്റാണ്ടുകൾ നീളമുള്ള മഞ്ഞുവര വന്ന്

ഭൂഖണ്ഡങ്ങൾക്കപ്പുറത്ത്

നിങ്ങളെ പരസ്പരം കൂട്ടിമുട്ടിച്ചിരിക്കുന്നു.

മൂന്ന്

ഇടവകയച്ചൻ പറഞ്ഞു-

ഇങ്ങനെ നാൽവർ പേരുകളൊന്നിച്ച്

കുടുംബ പേരേടുകളിലില്ല-

തൃശൂരങ്ങാടിയിൽ പുരാതന

പൊൻമുതലാളിത്തറവാട്ടിലെ

രണ്ടു പേരുകാരിതിലുണ്ടെന്ന്

ഉച്ചവർത്തമാനത്തിനിടയിൽ

ഷീബ ടീച്ചറോർമിച്ചെടുത്തു.

മേയ് മാസമവസാനം ഞാനിട്ട

മുഖപുസ്തകപ്പോസ്റ്റിനടിയിൽ

മിത്രങ്ങൾ മറുപടിയില്ലാതെ

വെറുതെയിഷ്ടം വെച്ചു പോയി.

രാഖിമാധവനെന്ന പഴയ കൂട്ടുകാരി മാത്രം

രണ്ടു പേരുകളുള്ളൊരു

അയൽവീടിലേക്കറിവു ചൂണ്ടി...

പിടിച്ചുകേറാനൊരു തുമ്പു തേടി

ഞാൻ പുസ്തകം മുഴുവൻ വേട്ടയാടി.

-നാൽപത്തിനാലാം പേജിൽ

ഒമ്പതാമധ്യായത്തിൽ

നടു മടങ്ങിയൊരു വാരാന്തപ്പതിപ്പിന്റെ

നാട പോലുള്ള തുണ്ടു കീറുകൊണ്ട്

അടയാളംവെച്ചിടത്ത്

‘ദ ഫൗണ്ടിങ് ഓഫ് നാർണിയ’-

എഴുതപ്പെട്ടു കിടന്നു.

ഒരറ്റത്ത് സിനിമാപ്പേജിൽനിന്ന്

‘2020ലെ ബാലതാരത്തിനുള്ള’ എന്ന

വരി മുറിഞ്ഞു കിടന്നു.

താഴേ മൂലയിൽ ഗുണഫലദിനത്തിൽ

പൂരൂട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർ തിളങ്ങിനിന്നു.

ഉൾപ്പേജിൽ

മുക്കാലും കീറിയ ചിത്രത്തിനു ചുവട്ടിൽ

‘മൺറോ തു’ എന്നു കാണായി.

നടുത്തുണ്ടു കീറിയടയാളംവെച്ച

അവസാന വായനക്കാരൻ/കാരി

ആരായിരിക്കാം?!

ഹോംസില്ലാത്ത ദിവസം

കേസിനു തുമ്പുകാണാൻ വിധിക്കപ്പെട്ട

വാട്സണെപ്പോലെ

രണ്ടായിരത്തി ഇരുപതാം കൊല്ലത്തിലേക്ക്

ഞാൻ ലെൻസു പിടിച്ചു..!

നാല്

അതിസാധാരണമായൊരു വസ്തു

അപസർപ്പകമാവുന്നപോലെ

പല മണങ്ങളിൽനിന്നെന്റെ മൂക്ക്

നാർണിയാപ്പേജിന്റെ

വിയർപ്പുവഴി തേടുന്നു-

-ഒരിക്കലും പിറന്നിട്ടില്ലാത്ത

ഒരുപാടു നാൾ കാത്തിരുന്ന

നാലു കുഞ്ഞുങ്ങൾക്കായി

അപ്പനുമമ്മയുമായ് മാറിയ രണ്ടുപേർ

ക്രിസ്മസ്ദിനത്തിൽ പരസ്പരമെത്തിച്ച

സങ്കട സമ്മാനമായിരിക്കാം..!

അല്ലെങ്കിൽ

മൂത്തവൻ ജേക്കബ്, നീ

പുത്തൻ വീടുവെച്ച് മാറിപ്പോംകാലത്ത്

ഏറ്റവും വിലപ്പെട്ടതായൊപ്പം കൂട്ടിയവയിൽനിന്ന്

പണിക്കാരിലാരോ പിഴ പറ്റി

പഴങ്കടലാസുകൂട്ടത്തിലിട്ടതോ?!

നാലാമൻ അരുമക്കുഞ്ഞൻ തോമസ്

നാട്ടിലൊപ്പം നിന്ന് വീട്ടുതുണയായവൻ

നീയില്ലാ നേരംനോക്കി കേറിയ കള്ളൻ കയ്യിൽ

കൂട്ടിയ കോളിന്നൊപ്പം വന്നതോ?!

ദൈവമേ ദൈവമേ, യിപ്പോൾ

കൂട്ടയാത്മഹത്യ ചെയ്തൊരു കുടുംബത്തിന്റെ

അന്യംനിന്നു പോയ വീട്ടിലെ

അവസാന ബാക്കികളിൽനിന്ന്

ബന്ധുക്കളിലാരോ പെറുക്കി വിറ്റതോയെന്ന

അതിക്രൂരമായൊരു സാധ്യതയുടെ മൂർച്ചയിൽ

ഞാൻ പലതായി മുറിയുന്നു...

അഞ്ച്

ജോസഫ് ഐസക്ക് ജേക്കബ് തോമസ്...

ഇപ്പോൾ

നിങ്ങളിലേക്ക് എത്തിപ്പെടരുതേയെന്ന്

ഞാൻ പ്രാർഥിക്കുന്നു.

തേടിയെത്തിയാൽ

കെട്ടുപോയ നക്ഷത്രവെളിച്ചങ്ങൾപോലെ

ഒരപ്പനുമമ്മയും എവിടെയോ ഇരുന്ന്

ഇരുണ്ടുപോയേക്കും.

നാലു പേരിലൊരാൾപോലും

പൊടിതട്ടിയെടുത്തുവെക്കാനില്ലാതെ

ഇടയ്ക്കൊന്നു വായിച്ച് മുതിർച്ചകൾ മറന്ന്

വെറും കുട്ടിയാവാതെ

വഴിയോര പുസ്തകശാലയിലുപേക്ഷിച്ച

പഴയ ക്രിസ്മസ് സമ്മാനം

കുരിശായവരിൽ തറയും...

മരിച്ചു പോയവരെങ്കിൽ

പടിയിറക്കി വിട്ട ഓർമകൾ ചെന്ന്

കുഴിമാടങ്ങളിൽ മുട്ടിവിളിക്കും.

അതിനാൽ

തിരസ്കാര വഴികളെയെല്ലാം വെടിഞ്ഞ്

നാർണിയാനഷ്ടത്തിലുരുകുന്ന നാലു ഹൃദയങ്ങളെന്ന്

ഞാൻ നിങ്ങളെ, (എന്നെയും!) രക്ഷപ്പെടുത്തുന്നു...

കട്ടെടുത്തോ കളഞ്ഞോ കൈവിട്ടുപോയ

ക്രിസ്മസ് സമ്മാനപുസ്തകം തേടി

ഓർമയുടെ അലമാരവാതിൽ തുറന്ന്

ഒറ്റയായുമൊന്നിച്ചും നിങ്ങൾ

നാർണിയാ താഴ്‌വരയെത്താറുണ്ടെന്ന്

ഉള്ളിൽ സാക്ഷ്യപ്പെടുന്നു...

അമ്മയുമപ്പനും മക്കൾ നാൽവരുംകൂടി

ചിരിച്ചുറങ്ങും മൂന്നാംപുറം തലോടി

നിന്നെ ഞാൻ തിരിച്ചുവെക്കുന്നു.

മന്ത്രവടിയുമായ് കാത്തുനിൽക്കട്ടെയെന്നെ

മറവിയെന്ന മഞ്ഞു മായാവിനി.

‘മക്കളായിപ്പിറക്കുന്നു മുജ്ജന്മശത്രുക്കളെ’ന്ന്

പുസ്തകത്തട്ടിൽ

നാർണിയാപുരാവൃത്തം തൊട്ടിരുന്ന്

വാക്കിൽ ഞങ്ങൾക്കു പെരുംതച്ചനായവൻ

എഴുത്തച്ഛനപ്പോൾ കിളിപ്പാട്ടിലൂടെ

വീതുളി നീട്ടുന്നു...


Show More expand_more
News Summary - weekly literature poem