ധൂളി
ഒരാളും അതിലൂടെ
കടന്നുപോയില്ല.
തൊട്ടാൽ പൊടിഞ്ഞുപോകുന്ന
പാലമായിരുന്നു അത്.
ദുരൂഹ മന്ദഹാസംപോലെ
അതങ്ങനെ നിന്നു.
അവൾ അതിനടുത്തുനിന്നു.
വിജന വിപിനങ്ങളിലേക്ക്
കയറിപ്പോകുന്ന പടവുകൾ...
ഭയം തോന്നി
കാറ്റിനു നേരേ നിന്നു.
ഒരു നെൽക്കതിരിനെയെന്നോണം
കാറ്റവളെ ഊർന്നെടുത്ത്
പാറ്റിക്കൊഴിച്ചു.
അവളിപ്പോൾ പാലത്തിനു മീതേ
പാറി നീങ്ങുകയാണ്.
ഒരു തൂവലിനെയെന്നോണം
പാലം അവളെ ഉള്ളംകൈയാൽ
താങ്ങി.
അതിനിപ്പോൾ
ദംഷ്ട്രയും നഖങ്ങളുമില്ല.
എത്ര നടന്നിട്ടും
മറുകരയെത്തിയില്ല.
പാലത്തിന്റെ മറ്റേയറ്റം
ആകാശത്തിന്റെ
ഉള്ളുകള്ളികളിലെവിടെയോ
മറഞ്ഞിരിക്കുന്നു.
ആകാശചാരികൾ, ക്ഷീരപഥങ്ങൾ
എല്ലാം
ദൂരക്കാഴ്ചയിൽ...
അവയ്ക്കപ്പുറം
ഭൂമി
തൊട്ടാൽ പൊടിഞ്ഞു പോകുന്നത്.