ആ കുറുമ്പിപ്പൂച്ചയെവിടെ?
ആ വഴിയില്‍ നിത്യം പൂപൊഴിക്കുന്ന ഒരു മരമുണ്ടായിരുന്നു,
ആ വഴിയില്‍ ഒരു കല്ലുവെട്ടാംകുഴിയുണ്ടായിരുന്നു,
ആ വഴിയില്‍ ഒരു അമ്മൂമ്മയും
ആമിന എന്ന പെണ്ണും ഉണ്ടായിരുന്നു,
ആ വഴിയില്‍ ഒരു പുഴയുണ്ടായിരുന്നു.
ആ പുഴയില്‍ ഒരു കയമുണ്ടായിരുന്നു.
കയത്തില്‍
മുങ്ങി
പൊങ്ങി
മുങ്ങി
മുങ്ങി!
കയത്തിന്റെ...
കയത്തിന്റെ
കയത്തിന്റെ അഗാധമായ
പതിനഞ്ചാംപടിയില്
ആടിയുലയുമ്പോള്‍
ഒരു പാട്ട് കേട്ടു.
പാട്ടില്‍
പാട്ടില്‍
പൂപൊഴിക്കുന്ന മരം,
കല്ലുവെട്ടാംകുഴി,
അമ്മൂമ്മ,
ആമിനയെന്ന പെണ്ണ്...
പാട്ടില്‍
പൂപൊഴിക്കുന്ന ആ മരം,
ആ കല്ലുവെട്ടാംകുഴി,
ആ അമ്മൂമ്മയും
ആമിനയെന്ന ആ പെണ്ണും...
ആ കുറുമ്പി എന്ന പൂച്ചയെവിടെ?
പാട്ടില്‍
ആ കുറുമ്പിപ്പൂച്ചയെവിടെ?
എവിടെ?
കയത്തിന്റെ അഗാധമായ
പതിനഞ്ചാംപടിയില്നിന്ന്
മുകളിലേക്കുയര്‍ന്നു ചാടി,
ഉല്‍ക്കടമായ സ്നേഹത്തോടെ
‘‘പാട്ടില്‍ കുറുമ്പിപ്പൂച്ചയെ ചേര്‍ക്കൂ’’
എന്നുറക്കെ വിളിച്ചുപറഞ്ഞു.
എന്നിട്ട്, ആശ്വാസത്തോടെ,
സമാധാനമായി,
കയത്തിന്റെ ശ്വാസമില്ലാത്ത
അവസാനപടിയിലേക്ക്
മുങ്ങിത്താണു.
അവസാന ശ്വാസത്തിലും,
ഒരിക്കല്‍ കടന്നുപോയ വഴികളെപ്പറ്റി,
പൂമ്പാറ്റയും ഉറുമ്പും തേളും
കുരങ്ങുമൊക്കെ ചിന്തിക്കും.
ഞാനും.