കുട്ടിയും അയാളും
ഉരുണ്ടൊരാവേശം വന്നു തോണ്ടി,
അപ്പയും കുറുന്തോട്ടിയും കൂവയും
കല്ലുമൊക്കെ കാലിലുരുട്ടിത്തട്ടി
കുന്നിറങ്ങിപ്പാഞ്ഞു മെലിഞ്ഞൊരു കുട്ടി
കറ്റകളുടെ,യവശേഷിപ്പമര്ന്ന്
വേനല്‍ വിള്ളലിട്ട പാടത്ത്
വേഗതയും വീറുമാര്പ്പുവിളികളും,
വിയര്‍പ്പില്‍ കുതിച്ചും കിതച്ചുമവന്
കിക്കുകളും ഗോളും പെനാല്റ്റിയുമെടുക്കുന്നു.
കതിരോന്‍ യെല്ലോ കാര്‍ഡും
പിന്നെ റെഡ് കാര്ഡുമുയര്ത്തുന്നു
നിവര്ത്തിയില്ലാതവന് പുറത്തും
ദാഹമകത്തുമാകുന്നു
ഉമിക്കരി പോലെയുണങ്ങുന്നയുള്ളില്
അക്കരപ്പറമ്പിലെ ഓടുമേഞ്ഞ വീട്ടിലെ
മണ്‍കൂജ തെളിയുന്നു.
വരമ്പും കുളവും കമുകിന്ത്തോപ്പും
പിന്നിലാക്കിയക്കരക്കവനോടുന്നു.
ചെമ്മണ്‍പാത
ടാറ് നക്കിയെടുത്തു
കൂറ്റന്‍ മതില് മുള്‍വേലിയെ വിഴുങ്ങി
കോട്ടവാതിലാവും ഗെയ്റ്റിലെ
കുഞ്ഞുപാളി
തള്ളിയകത്തു കയറി
താറാവും കോഴിയും ചിക്കിച്ചികഞ്ഞ മുറ്റം
കരിങ്കല്‍ ടൈലിനടിയിലൂടെയവനെ നോക്കി
ഉമ്മറത്തെ മനുഷ്യച്ചിരി മാഞ്ഞിരിക്കുന്നു,
തലചെരിച്ച് സിസിടിവി മുരടനക്കി
“ആരാ എന്താ വേണ്ടത്’’
പിന്നാമ്പുറത്തേക്കോടി
തുറന്നിട്ടയടുക്കളയില് കയറി
മണ്കൂജയിലേക്കേന്തി വെള്ളമെടുത്ത് മടമടാ കുടിച്ച
അവന്റെ തൊണ്ടയിലത് പിടുത്തമിട്ടു,
ഓര്മകളില്നിന്നവനെ
പുറത്തെ കത്തുന്ന വെയിലിലേക്കിട്ടു.
ഞെട്ടിപ്പിണയലില്
ക്ഷീണത്തരിപ്പുകളുള്ളില് പെറ്റു പെരുകി
ദാഹം വീര്ത്തുമുട്ടി
നിലത്തുറക്കുന്നില്ല ചുളിഞ്ഞ കാലുകളും
പ്രായമേറിയ കാഴ്ചയും ഊന്നുവടിയും
വെള്ളിത്തലമുടിയില്‍ ഭൂതകാല വിരലിനാല്‍
കാറ്റൊന്ന് തൊട്ടു, അതേ
തണുപ്പ്
തിരിച്ചോടി പാടം കടന്ന്
കുന്നുകയറാറുള്ള വേലിവിടവും
അവിടെ ഞാന്നുകിടന്നിരുന്ന
പേരമരക്കൊമ്പും
കൗതുകങ്ങളുടെ പരല്‍മീന്‍ വാലുകളും
ആനന്ദത്തിന് തുമ്പിക്കൂട്ടങ്ങളും
മധുരപ്പത്തിരിപോലെ
നാവീന്ന് ഹൃദയത്തിലേക്ക് കിനിയുന്ന
പിന്നീന്നുള്ള കരുതൽ വിളിയും
വര്‍ഷങ്ങളായി തുറക്കാനാവാത്ത
സുഖനിദ്രപ്പൂട്ടുകളുടെ താക്കോല്ക്കൂട്ടങ്ങളുമൊക്കെ
പൊടുന്നനെ മഴയായി പെയ്തുതുടങ്ങി
കുടയെടുക്കാതെ കുട്ടിയുമയാളും നനഞ്ഞുനടന്നു.