മുസ്സിരിസ്സിൽ, ഒരു സന്ധ്യയിൽ
സഹസ്രാബ്ദങ്ങൾ ജലകണ്ണാടിയിൽ വീണലിഞ്ഞ നദി കടലിൽ കലരുന്ന മർമരം കേട്ട് അഴിമുഖത്തെ ഇരുളിൽ നാമിരിക്കുന്നു ദൂരെ, കരിങ്കൽ ഭിത്തികളിൽ തിരമാലകൾ ആഞ്ഞടിച്ച് പുളഞ്ഞു തൂവുന്നു മറുകരയിലെ പട്ടണത്തിൽ നിയോൺ ദീപങ്ങൾ കണ്ണ് ചിമ്മുന്നു കറുത്ത പൊന്നും പവിഴവും തേടി...
Your Subscription Supports Independent Journalism
View Plansസഹസ്രാബ്ദങ്ങൾ
ജലകണ്ണാടിയിൽ
വീണലിഞ്ഞ നദി
കടലിൽ കലരുന്ന
മർമരം കേട്ട്
അഴിമുഖത്തെ
ഇരുളിൽ
നാമിരിക്കുന്നു
ദൂരെ,
കരിങ്കൽ
ഭിത്തികളിൽ
തിരമാലകൾ
ആഞ്ഞടിച്ച്
പുളഞ്ഞു തൂവുന്നു
മറുകരയിലെ
പട്ടണത്തിൽ
നിയോൺ ദീപങ്ങൾ
കണ്ണ് ചിമ്മുന്നു
കറുത്ത പൊന്നും
പവിഴവും തേടി
യവനരുടെയും
റോമക്കാരുടെയും
പായ്ക്കപ്പലുകൾ
ഇവിടെ നങ്കൂരമിട്ടു
പല ദൈവങ്ങൾ പല ഭാഷകൾ
ജനപദങ്ങൾ പണിതു
ചന്ദനവും കുന്തിരിക്കവും
സോളമന്റെ അരമനകളെ
വാസനിപ്പിച്ചു
ചേരൻമാരും
കുലശേഖരരും
ഇതിന്റെ ദാക്ഷിണ്യത്തിൽ
സിംഹാസനാരൂഢരായി
വെള്ളപ്പൊക്ക-
ത്തിലാഴ്ന്നുപോയ
തുറമുഖം
ചരിത്രത്തിലിപ്പോൾ
പാടു മാത്രം
ഇതിന്റെ കരയിൽ
ഒടിഞ്ഞ തൂവച്ചെടികൾപോലെ
നാം ഇരുവർ
ഭൂഖണ്ഡരേഖകളെ
മാറ്റിയെഴുതിയ
നദി
കാലാപാരതയായ്
ഒഴുകുന്നു
ചക്രവാളത്തിൽ
നക്ഷത്രങ്ങൾ ഉദിക്കുന്നു
അവ നമ്മുടെ നിസ്സാരതക്കു നേരെ
കണ്ണിറുക്കി ചിരിക്കുന്നു
ഇവക്കു മുന്നിൽ
നമ്മുടെ ജന്മം
ഞൊടി നേരം
മറക്കാനോ
രസിക്കാനോ
നാം
റം ബോട്ടിൽ
തുറക്കുന്നു
ഞാൻ പാടുന്നു
നീ നൃത്തം ചവിട്ടുന്നു
യുഗസാക്ഷിയായ നദി
നമ്മുടെ അഴുക്കു പുരണ്ട
പാദങ്ങൾക്കരികിലൂടെ
ഇപ്പോഴും ശാന്തമായ് ഒഴുകുന്നു.
=======
*മുസ്സിരിസ് പുരാതനകാലത്തെ ലോകത്തിലെ പ്രസിദ്ധ തുറമുഖം. അത് കൊടുങ്ങല്ലൂരിൽ പെരിയാർ കടലിൽ പതിക്കുന്ന അഴിമുഖത്തായിരുന്നെന്ന് ചരിത്രകാരന്മാർ. പതിനാലാം നൂറ്റാണ്ടിൽ വെള്ളപ്പൊക്കത്തിൽ ഇല്ലാതെയായി.