എന്ത്രോസ് ആൻഡ് സൺസ്
ബസ് സ്റ്റാൻഡിൽനിന്ന് നേരെ ഠാണാവിലേക്കുള്ള റോഡ് അവിടെനിന്ന് വലത്തോട്ട് ചന്തക്കുന്ന് കേറ്റം അതിനിടയിലെ മുക്കാൽ ഫർലോങ് നിരത്തിൽ
എന്ത്രോസേട്ടന്റെ പീട്യ.
എന്ത്രോസ് ആൻഡ് സൺസ്
വലിയപള്ളി കർത്താവാണേ എന്ത്രോസേട്ടൻ
ഇതുവരെ കള്ളുകുടിച്ചിട്ടില്ല കഞ്ചാവ് വലിച്ചിട്ടില്ല
ഒരു തെറ്റും ചെയ്തിട്ടില്ല
അഞ്ച് പൈസ വിലകൂട്ടി ഒന്നും വിറ്റിട്ടുംല്ല്യ
കല്യാണംപോലും കഴിച്ചിട്ടില്ല
പിന്നെ...
കർത്താവ് നേരിട്ടുവന്ന്
‘‘ന്നാ എന്ത്രോസേ...
നീയ്യിത്തിരി വാറ്റ് കേറ്റിക്കോ’’ എന്ന് പറഞ്ഞാൽ
എതിർക്കാമ്മാത്രം ദൈവദോഷം
എന്ത്രോസ് ചെയ്തിട്ടില്ല
അങ്ങനെ, തല മുതൽ കാലു വരെ
ലഹരി പൂത്ത്, മനം പള്ളിപ്പെരുന്നാളായ നാളിൽ
എന്ത്രോസേട്ടൻ ഠാണാവിറങ്ങി ചെറുപുഷ്പം സ്കൂളും
വെള്ളാനിക്കാരൻമാർടെ വീടോളും
വെൽഫയർ ചിട്ടി ഓഫീസും പ്രകാശം പ്രസ്സും
ബസ്റ്റാൻഡും കൂടൽമാണിക്യോം താണ്ടി
മണ്ണാത്തിക്കുളത്തിനവിടെയെത്തി
‘‘പുണ്യാളന്മാര് വിചാരിച്ചാ നടക്കാത്ത ന്ത് കാര്യാ
ഈ ലോകത്ത് ള്ളത്?’’
ഞങ്ങടെ വീടിന്റെ വടക്കേയറ്റത്തെ കിണറ്റിലേക്ക്
എന്ത്രോസേട്ടൻ എത്തിയത് മുജ്ജന്മ കർമമാണത്രേ!
പൂച്ച വീണാൽ ചാക്കിട്ട് പിടിക്കാം
ഇതിപ്പോ വീണത് മനുഷ്യനല്ലേ?!
കണേ്ഠശ്വരത്തുനിന്നും കാരുകുളങ്ങരനിന്നും
ആളുകൾ വന്നു
എന്ത് ചെയ്താലും കിണറ്റിൽനിന്ന് കേറാൻ
എന്ത്രോസേട്ടൻ കൂട്ടാക്കിയില്ല
‘‘കർത്താവ് കൊണ്ടിട്ടതല്ലേ ഇവിടെ കിടന്നോട്ടെ
ഞാൻ’’
ആരാ വീണത്?
നായരാച്ചാ കണേ്ഠശ്വരക്കാരനാകും
ചോവനാച്ചാ പൊറത്ത്ശേരീന്നാവും
നസ്രാണിയാണോന്നോക്ക്യേ ന്നാ
ചന്തക്കുന്നത്ത് നിന്നാ.
മേത്തനാച്ചാ ആസാദ് റോട്ടിൽന്ന്
കാരുകുളങ്ങരക്കാരും നടയിലുള്ളവരും
മൂന്നാല് സംഘമായി
നായരാച്ചാ കുഴപ്പമില്ല.
കിണർ തേകേണ്ടി വരില്ല്യ.
അല്ലാച്ചാ സൂപ്രണ്ട് സാറിന് പണിയാവും.
വീണതു നസ്രാണിയാണെങ്കിൽ പക്ഷംപിടിക്കാൻ
സ്കൂളിന്റെ മുന്നിൽ പലചരക്ക് കട നടത്തുന്ന
സേവ്യറേട്ടനും പെണ്ണമ്മച്ചേടത്തീം
അരയും തലയും മുറുക്കിയെത്തി.
ആരു വിളിച്ചിട്ടും
എന്തൊക്കെ പറഞ്ഞിട്ടും എന്ത്രോസേട്ടൻ കിണറ്റിലേക്ക് വേരോടിയ കൂവളവേരിൽ തൂങ്ങിക്കിടന്നു
‘‘എന്നെക്കൊണ്ട് ഇവിടെ ഇട്ടത്
കർത്താവാണെങ്കിൽ കർത്താവ് വരട്ടെ
അങ്ങേര് നേരിട്ട് വന്നാൽ ഞാൻ കയറാം’’
പാട്ടു ക്ലാസിനു വന്ന പെൺകുട്ടികളെ കണ്ട്
എന്ത്രോസേട്ടൻ കിണറാഴത്തിലേക്ക് നോക്കി
നാണിച്ചു ചിരിച്ചു
മരത്തടി അറക്കുന്നവർ വന്നു അമ്പലത്തിലേക്ക്
പൂ പൊട്ടിക്കുന്ന വാരസ്യാരമ്മമാർ വന്നു
മുറ്റമടിക്കുന്ന കല്യാണിയുടെ പേരക്കുട്ടി
ക്യാമറയുമായി വന്നു ഇനിയിപ്പോ
ആരെയാ വിളിക്കേണ്ടത്?
വൃദ്ധസദനത്തിലെ പാട്ടുകാരനച്ചൻ
കൊന്ത നീട്ടി ചോദിച്ചു.
‘‘ക്കറീലച്ചോ...
ക്ക് ഭൂമി മടുത്തു’’
കിണറ്റിലെ
വേരിൽ തൂങ്ങിനിന്ന് ഗുരുത്വാകർഷണമെന്തെന്ന്
എന്ത്രോസേട്ടൻ ആദ്യമായി അറിഞ്ഞു.
കാറളത്ത് മരണവീട്ടിൽ പ്രാർഥിക്കാൻ പോയ കന്യാസ്ത്രീകൾ തിരിച്ചു പോണവഴിക്ക് വീട്ടിൽ ഇറങ്ങി.
‘‘കെണറ്റില് വീണ ആളെ ഒന്ന് കാണാലോ...’’
കണ്ടു
എന്ത്രോസേട്ടൻ അവരെയും കണ്ടു.
കിണറ്റിൽനിന്ന് എന്ത്രോസേട്ടൻ
മുകളിലേക്ക് നോക്കിയപ്പോൾ
ഏഴ് മാലാഖമാർ ആകാശത്തിൽനിന്ന്
എന്ത്രോസേട്ടനെ നോക്കി കൈ നീട്ടുന്നു.
എന്ത്രോസേട്ടനും കൈ നീട്ടി
പിന്നെ പുറത്തേക്ക് എടുത്തത് എളുപ്പത്തിലായിരുന്നു
‘‘എന്ത്രോസേ... എങ്ങനീണ്ട്പ്പൊ?’’
പാട്ടുകാരനച്ചൻ അനുതാപത്തോടെ ചോദിച്ചു
‘‘ക്കൊരു പെണ്ണ് കെട്ടണം, അച്ചോ’’
എന്ത്രോസേട്ടൻ ഉറക്കെ കരഞ്ഞു.
പിന്നെ നിശ്ശബ്ദനായി മരിച്ചുകിടന്നു
വേരിൽ പിടിച്ചുതൂങ്ങിച്ചുവന്നുപോയ
കൈവെള്ളയിൽ കർത്താവ് കൊടുത്ത
ഒരു വെള്ളിക്കാശ്
‘‘കർത്താവ് പോലും
ഇത്ര സമാധാനത്തോടെ ജീവൻ വെടിഞ്ഞിട്ടില്ല’’
ആളുകൾ ഒഴിഞ്ഞ പാതിരയിൽ
കിണറ്റിൽ നിലാവിന്റെ പാല് ഒഴുകിയെത്തിയപ്പോൾ
ഞാൻ കിണറ്റിലേക്ക് ഒന്നു പാളിനോക്കി.
വെള്ളം വീഞ്ഞാക്കുന്ന വിദ്യ
എന്ത്രോസേട്ടൻ കർത്താവിനെ
പഠിപ്പിക്കുകയായിരുന്നു
കർത്താവ് എന്നെ നോക്കി കണ്ണിറുക്കി.