ഇരുവരൊരു വഴിയിൽ
പുലർകാലനടത്തത്തിനിറങ്ങുമൊരുവൾക്കു
മുന്നിൽ
നടക്കുന്നിരുവർ*1
പലകാലങ്ങൾ മുന്നേ നടന്നവർ
പക്ഷേ ചിരപരിചിതർ
മൃതരുടെയടയാളങ്ങൾ
മൂടുവാനുയർത്തിയെന്നു തോന്നും
പുൽമേടിനു മീതേ
പണിത കുടിലിൽ*2
ധ്യാനലീനനായിരിക്കാനാകും
മഹാജ്ഞാനിയെ
കണ്ടു മടങ്ങാനെത്തിയ കവിക്കൊപ്പം
നടക്കാനിറങ്ങിയതത്രേ ഗുരു
മഞ്ഞിൽ, പ്രഭാതത്തിൽ
അവരിരുവർ പോയകാലത്തിൽ
പിന്നാലെയറിയാതെ പോയിവൾ
പലകാലങ്ങളിലലയുവാൻ
പിറവിയെടുത്തവൾ
പിന്നിലായൊഴുക്കുവറ്റി
ചീർത്തഴുകും ജലത്തെ നോക്കി
പുലരിയിൽപ്പടരും
കരിംപാലെന്നോർത്തൂ*3 കവി
ഉള്ളിലൊരായിരം
ചോദ്യങ്ങളെങ്കിലും
അരികിലൊപ്പം നടക്കും
അറിവിന്നധിപതിയിൽ
നിന്നെത്രനാളായ്
കാത്തിരിക്കുന്നൊരുത്തരം
നീലക്കണ്ണുകളിൽ നിറയെ
വെറുപ്പ് നിറച്ച്
വിഷക്കാറ്റൂതിപ്പടർത്തിയോർക്കൊപ്പം
നിന്നതിൻ*4 ചരിത്രം
എന്നിട്ടുമാ ധിഷണയുടെ
മാന്ത്രിക ദംശനത്താൽ
മൊഴിയിൻ ഉൾപ്പൊരുൾ തേടി
കൈമാറിയ കുറിപ്പുകൾ
തങ്ങളിൽ തമ്മിലുള്ള മതിപ്പ്
എങ്കിലും വരികൾക്കിടയിൽ
വന്നുപോകുന്ന മരവിപ്പ്
ഇവിടെ, മരണത്തിന്റെ കുന്നിൽ
ഒരുമിച്ചിരുന്നവർ
ഉടമ്പടിച്ചീട്ടിലൊപ്പുവെച്ചവർ
ആശ്രമത്തിലെ വിരുന്നുകാർ
ആ പേരുകൾക്കൊപ്പം
സന്ദർശകരേഖയിൽ
സ്വന്തം പേര് ചേർക്കാനാവാതെ
വിറങ്ങലിച്ചുപോയ വിരലുകൾ
ഒരു മുരടനക്കം;
ഒരു മുരടനക്കത്തിനു പോലും
പതുക്കെയാകുന്നയാളുടെ
ചുവടുകൾ
പ്രതീക്ഷയിൽ
ചുറ്റിത്തിരിയുന്ന ചിന്തയിൽ
കാതോർക്കലിൽ
ആ ഒരൊറ്റ വാക്ക്
അതിനായുള്ള
വിങ്ങൽ
ഇവിടെ, ഈയിരുണ്ട പാതയിലെങ്കിലും
ഈ നിശ്ശബ്ദതയിലെങ്കിലും…
അകലെ മുരളും
അതേ കൊടുങ്കാറ്റിൻ ഗന്ധം
തണുപ്പിൽ തുരങ്കങ്ങളിലൂടിഴഞ്ഞെത്തും
പുരാതന ജീവികൾ
പൂതലിച്ച
വൻമരത്തിൽ
പടർന്നുകയറുന്നു
വള്ളികൾ
വേരുകളിൽ
നിറമുള്ള
വിഷക്കൂണുകൾ
ഈ നിമിഷത്തിലെങ്കിലും
തിരമാലകളെന്നപോൽ
വാക്കുകൾ വിടർത്തുമാ
വിരലുകൾ നെഞ്ചോടു ചേർത്ത്
തെറ്റായതൊന്നിനെ
തിരഞ്ഞെടുത്തതിന്റെ
തലതാഴ്ത്തൽ…
ചിന്തകന്റെയുള്ളം
ചില്ലുപാളികളൊന്നൊന്നായടുക്കും സ്വരം
ഒന്നിനുമഭേദ്യമാം വിധം
മുള്ളുവേലികൾ
ചുരുളുമിടങ്ങൾ
ചതുരച്ചുമരുകൾക്കുള്ളിൽ
മനുഷ്യരെ
ചുരുക്കുമിടങ്ങൾ
പുകച്ചുരുളുകൾ
ചവച്ചുതുപ്പുമവരുടെ
മുടിയിഴകളിൽക്കുരുങ്ങിക്കിതച്ച്
തൊണ്ടയിൽ തടവിലായ
വാക്കുകൾ
അവ പിറന്നുവീണ
വീടുകളിൽ പൊഴിയുന്ന
പ്രാവിൻ തൂവലുകൾക്കിടയിൽ
മുറിഞ്ഞുപോയ വാക്കുകളിൽ
ചിതറുന്നു കവി
എന്നിട്ടും കാതോർക്കുന്നയാൾ–
മഞ്ഞ്
പൂക്കൾ
മറവി
ഓർമയുടെ
കുഞ്ഞുവേര്
വേദനിപ്പിക്കുന്നത്
വിട്ടുപോകാത്തത്
അതിറങ്ങിച്ചെല്ലുന്ന
മണ്ണിലൊഴുകി
മുറിവുണക്കാതെ
ജലം
ഒറ്റ നക്ഷത്രത്തിനു താഴെ
ധാരയായി*5
എത്ര കോരിമാറ്റിയാലും
നിറയുന്ന നീര്
അതിലെയോളങ്ങളിൽ
ഗുരുവയാൾ
ഓരോ വാക്കിലുമേറെ നേരം
തലോടി പതുക്കെ നീങ്ങുമ്പൊഴും
ഒരിക്കൽപോലുമതിൻ
കലമ്പൽ
കേൾക്കാതെ
ഉപ്പ് നുണയാതെ
നിലം തൊടാതെ
ജലത്തിന് മീതെ
രക്തത്തിന് മീതെ
അയാളുടെ പാദങ്ങൾ
അവയ്ക്ക് താങ്ങായ്
താമരകൾ...
ചതുപ്പിനു മേലെ
വിരിയും പൂക്കൾക്കിടയിൽ
പതിയിരിക്കയാണാ നോട്ടം
ഉടലിലേക്ക്
ഉള്ളിലേക്ക്
മാത്രമാ കാഴ്ചയുടെ വട്ടം
‘ആയിരിക്കൽ’*6 -
മിഴികൾ പാതി തുറന്നൊരാ
ആണ്ടുപോകലിൽ
അകലങ്ങൾ മാത്രം
എത്ര നടന്നിട്ടും
എത്രയറിഞ്ഞിട്ടും
മറികടക്കാനാവാഞ്ഞൊരാ
ആന്ധ്യത്തിന്നാഴമേറും
വെറുപ്പ്.
പിന്നാലെയെത്തുമിവളുടെ
വിഭ്രാന്തിയിൽ,
കാഴ്ചയിൽ
കരിമരുന്നു മണക്കും
ഇടുങ്ങിയ വഴിയ്ക്കൊടുവിലെ
മൈതാനത്തിൽ
ഒറ്റക്കിണറ്റിൽ
നിലക്കാതെ
നുരയുമോളങ്ങൾ
ഇരുൾ തുരന്നെത്തും
തീവണ്ടി മുരൾച്ചയിൽ
ആണ്ടുകൾ പഴകും ശ്വാസം
ചുറ്റിത്തിരിയും പിടച്ചിൽ
കഴുത്തിലെരിയുന്ന
ചക്രങ്ങൾ
അയൽപക്കത്തുനിന്നും
കൂർത്ത നാവുകൾ മുളച്ച്
ഉടൽതുളച്ച്
തോലുരിച്ച്
തീയിലെറിയുന്നത്
സ്വന്തം പേരുകൾ
രാകിത്തിളക്കി
കൊലപാതകികൾ–
ദൈവങ്ങൾ,
ഇരുപുറവും
നിന്ന് തിന്നുതീർക്കുന്ന
കുഞ്ഞുങ്ങളുടെ കണ്ണുകൾ
അപ്പോഴുമിപ്പൊഴും
എപ്പോഴും മൗനത്തിൽ
ആയിരിക്കുന്നവർ
ഉടമ്പടിയെഴുത്തുകാർ
മറ്റേതോ ലോകത്തിൽ
ആകാശചാരികൾ
വാക്കുകളുടെ വിൽപനക്കാർ
മുറിവേറ്റ വാക്കുകളിൽ
പുരട്ടാനിറ്റ് നേര്
ചിന്തയുടെ വേര്–
ഒരു വാക്ക്
തേടിത്തളർന്ന്
ഒഴിഞ്ഞ കൈയുമായ്
കലങ്ങിയ മനസ്സുമായൊരാൾ
ഇറങ്ങിപ്പോയൊരൊഴുക്കിൽ
തൊടാൻപോലുമാകാതെ
മാറിനിന്നയാൾ
മഹാമൗനി.
മുകളിലെ പർണശാലയിൽ
മൃദുലമാം മരണക്കിടക്കയിൽ
മരിച്ചുപോകലേ വിധി
ഉള്ളിലൊരു വാക്കിന്റെ
ശ്വാസം തടഞ്ഞതിൻ
തുടിപ്പടക്കിയതിനാൽ
ഒരേയൊരു രക്ഷകനെ
കാത്തിരുന്നഴിഞ്ഞുപോകൽ
ദിനം പരിശീലിക്കലേ ഗതി
മൂടൽമഞ്ഞുവീണ
വഴികളിലൊപ്പം നടക്കവേ
ഉറഞ്ഞുപോയ മൗനത്തിൻ
മറുപടി
കവിയയാളുടെ
മുറിവുകളുടെ മറുമൊഴികൾ
ചോരയിറ്റും
പിറവിത്തളിരുകൾ
ചില്ലുകുപ്പിയിലടച്ചിട്ട്
പുഴയിലൊഴുകാൻ വിട്ട്
ഒഴുക്കിനൊപ്പമലഞ്ഞ്
ഏതുകാലത്തും
പിന്നെയും പിറവി നേടൽ
ചിറകുയർത്തി കാറ്റിനെതിരേ
കാറൽ
മുറിവിൻ കുറിപ്പുകൾ–
കരിംപാലു പടർന്ന്
ഒഴുക്കറ്റ ജലത്തിൽ
നിന്നതെന്റെ മുന്നിൽ
നിവരുമ്പോൾ
വിറയ്ക്കുന്നു വിരലുകൾ
മഞ്ഞാകെയുരുകിയെത്തുന്നു
കാഴ്ച.
==========
1 . വിഖ്യാത ജർമൻ കവി പോൾ സെലാൻ, പ്രശസ്ത ജർമൻ തത്ത്വചിന്തകൻ മാർട്ടിൻ ഹൈദഗർ
2. ഹൈദഗറുടെ കുടിൽ
3. സെലാന്റെ ‘ഡെത്ത് ഫ്യൂഗ്’ എന്ന പ്രശസ്ത കവിതയിൽ ഫാഷിസത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന രൂപകം
4. ഹൈദഗറുടെ നാസി ബന്ധം
5. ഹൈദഗറുടെ കുടിലിന് മുന്നിലെ ജലധാര
6. ഹൈദഗറുടെ ‘ബീയിങ്െനസ്’ എന്ന ആശയം