കറുപ്പുസൂര്യൻ
ഉദയം മുറ്റത്ത് വിടർത്തിയിട്ട
പരമ്പിൽ ചവിട്ടാതെ
ഒരു പകലിലേക്ക്
ഓടിക്കയറുന്നു.
കഴിഞ്ഞതല്ല
വരാനുള്ളതാണ്
വലിയ പുലരികളെന്ന്
ആളുകൾ ഉറക്കെ
പറഞ്ഞു പോവുന്നു.
ഇപ്പോഴുള്ള അനക്കങ്ങളെ
വേലി കെട്ടി തിരിച്ചിരിക്കുന്നു
അകലങ്ങളില്ല, അടുപ്പങ്ങളെന്ന്
ആവർത്തിച്ചാവർത്തിച്ച്
ഒരു പുതിയ ദിവസത്തിന്റെ
തോളിൽ കയറിയിരിക്കുന്നു.
വേലികൾക്കപ്പുറത്ത് വേറെ
ആളുകളുണ്ടാവുമോ?
അവർക്കൊക്കെ
പേരുകളുണ്ടാവുമോ?
വേലിക്കിടയിലൂടെ
ഒരു ചെടിക്കുഞ്ഞ്
തല നീട്ടുന്നുണ്ട്
ഒരു രേഖകളുമില്ലാതെ,
വേലിക്കപ്പുറമുള്ള
മരക്കൈകളത്
തൊട്ടു നോക്കുമ്പോൾ
അതിർത്തികൾ മാഞ്ഞു
രാത്രിയവിടെ
തലെവച്ചു കിടന്നു.
ഇരുട്ട് പിറ്റേന്നത്തെ സൂര്യനെയുണ്ടാക്കാൻ
കറുപ്പ് കുഴയ്ക്കാൻ തുടങ്ങി.