ചെറിയ ചുവപ്പ് പാവാട
അമ്മമാരുടെ കാലഘട്ടത്തിൽനിന്ന് ഞാൻ ഒരു പഴയ വേഷരീതി കൊണ്ടുവരാൻ പോവുകയാണ്: മനോഹരമായ ചെറിയ പാവാടകൾ. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ ഞാൻ നോക്കിക്കൊണ്ടിരിക്കുന്നു. എല്ലാ വീട്ടിലുമുള്ളതുപോലുള്ള ഭാവനയുടെ ചിത്രപുസ്തകങ്ങളിലൂടെ ഞാൻ നോക്കിക്കൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് വർത്തമാനം അതിന്റെ ഭൂതത്തിൽനിന്ന് നാണിച്ചു പിന്മാറുന്നതെന്ന്...
Your Subscription Supports Independent Journalism
View Plansഅമ്മമാരുടെ കാലഘട്ടത്തിൽനിന്ന്
ഞാൻ ഒരു പഴയ വേഷരീതി
കൊണ്ടുവരാൻ പോവുകയാണ്:
മനോഹരമായ ചെറിയ പാവാടകൾ.
ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ
ഞാൻ നോക്കിക്കൊണ്ടിരിക്കുന്നു.
എല്ലാ വീട്ടിലുമുള്ളതുപോലുള്ള
ഭാവനയുടെ ചിത്രപുസ്തകങ്ങളിലൂടെ
ഞാൻ നോക്കിക്കൊണ്ടിരിക്കുന്നു.
എന്തുകൊണ്ടാണ്
വർത്തമാനം
അതിന്റെ ഭൂതത്തിൽനിന്ന്
നാണിച്ചു പിന്മാറുന്നതെന്ന്
എനിക്ക് മനസ്സിലാകുന്നില്ല.
ഈ ലോകം
വളരെ വിദഗ്ധനായ
ഒരു നുണയനായി മാറിയിരിക്കുന്നു.
ഈ കാവ്യഭാഗം
മഞ്ഞിൽ കഴുകിയെടുത്ത
ചെറുതും ചുവന്നതുമായ
ഒരു പാവാടയണിഞ്ഞ്
നമ്മുടെ കാലഘട്ടത്തിലെ
അംഗീകൃതമായ വസ്ത്രധാരണ രീതികൾക്കിടയിൽ
തെല്ലൊരു ഇച്ഛാഭംഗത്തോടെ
അലഞ്ഞുതിരിയുന്നു.
കാവ്യത്തിന്റെ ഈ ഖണ്ഡികക്ക്
ഒരു കൈയുണ്ട്
ഒരു മുട്ടുണ്ട്.
അത് സ്വാനുരാഗിയും
പോപിപുഷ്പങ്ങളും
പനിനീർ പൂക്കളുമാണ്.
ഞാൻ വളരെ ചെറുതും
വളരെ ചുവന്നതുമായ
പാവാടയണിയുമ്പോൾ
നിങ്ങളെന്നെ അവഗണിക്കുന്നു.
ഒരു ചെറിയ കോപ്പ ആർദ്രത
എനിക്ക് നൽകൂ.
എനിക്കത് കുടിക്കണം.
നിങ്ങൾ എന്നെ വെളിച്ചത്തിൽ
തിരസ്കരിക്കുകയില്ല.
എന്നാൽ, ഇരുളിൽ നിങ്ങൾ
എനിക്കായി മരിച്ചിട്ടില്ല.
നിങ്ങൾ എഴുത്തുപോലെ
തീക്ഷ്ണതയുള്ള
വെളിവാക്കപ്പെടുന്ന തൊലിപോലെ
തീക്ഷ്ണതയുള്ള
ഒരു പാപത്താൽ
ആശയക്കുഴപ്പത്തിലായവർ.
എങ്ങനെയാണ്
എന്റെ ഹൃദയത്തിന്
മാലാഖമാരെയും ദോഗ്ദോവയെയും
അനുകരിക്കാനാവുക!
നിങ്ങൾക്ക് വിശ്വസിക്കാനാവുകയില്ല:
എന്റെ ജീവിതം
എന്നെ തൃപ്തയാക്കുന്നു.
എനിക്ക് പറയേണ്ടതുണ്ട്:
എന്റെ കവിത എന്നെ അനുകരിക്കുന്നു.
നിങ്ങൾക്ക് വിശ്വസിക്കാനാവുകയില്ല:
ഞാൻ എന്റെ ജീവിതത്തോട്
അത്രമേൽ പ്രതിപത്തിയുള്ളവൾ.
മരണത്തിന് മരിക്കാം-
എന്റെ ഒരു ചുംബനത്തിനായി.
ഞെട്ടിത്തരിച്ചുള്ള നോട്ടങ്ങൾക്ക്
നിങ്ങളോട് പറയാനാവും
ഞാൻ എവിടെ എത്തിയിരിക്കുന്നു എന്ന്.
ആ നഗരവീഥികളിലൂടെ
ഞാൻ നടക്കുമ്പോൾ
പൂച്ച കരച്ചിലുകൾ
തിരമാലകൾ തീർക്കുന്നു.
ഒരു കുഞ്ഞു ചുവപ്പു പാവാടയാൽ
ഞാൻ പ്രഖ്യാപിക്കുന്നു:
‘‘വസന്തം വന്നിരിക്കുന്നു
ജനലുകൾ തുറക്കു
അത് അധികകാലം
നിലനിൽക്കുകയില്ല.’’
എന്റെ നാവ്
തേനും പഞ്ചസാരയും
മധുരലായനിയും.
എന്നിട്ടും
ഈ കാലഘട്ടത്തിന്റെ കഠിനഹൃദയം
എന്നെ കയ്പുള്ളതാക്കി തീർക്കുന്നു.
അധികം താമസിയാതെ
ശിശിരകാലത്തിന്റെ ഒരു ചിത്രം
എന്റെ കലണ്ടറിൽ തെളിഞ്ഞുവരും.
അതോടെ ഞാൻ അവസാനിച്ചുപോകും.
പക്ഷേ,
അപ്പോൾ അടിച്ചമർത്താനാവാത്ത
മറ്റൊരു വസന്തം
അതിന്റെ സ്വന്തം
ചെറിയ ചുവപ്പ് പാവാടയോടുകൂടി
എത്തിച്ചേരും.
മൊഴിമാറ്റം: പി.എസ്. മനോജ് കുമാർ