സ്വപ്നങ്ങളുടെ പാഠാവലി
ഈ എടുപ്പും
പുക തുപ്പാവുന്ന അടുക്കളക്കുഴലും
എന്റേത്
ഇവയുള്ള പുസ്തകത്തിൽ
ചെറിയ ചതുരത്തിൽ
ഞാൻ പാർക്കുന്നു
ചായ്പിൽ
വിറകുണ്ടായിരുന്നു
കിണറ്റിൽ
വെള്ളവും
അപ്പവും വീഞ്ഞും
ഞാനുണ്ടാക്കി
വേണ്ടതെല്ലാമുള്ള
പുസ്തകത്തിലെ
ചെറിയ ചന്തയിൽനിന്ന്
കുറച്ചു പുകയിലയും
പഴയൊരു പൈപ്പും.
ഞാൻ
നെരിപ്പോടിനെ
ഉണർത്തി
അപ്പവും ഇറച്ചിയും ചുട്ടു
അച്ഛനമ്മമാർ ഇല്ലാത്ത പുസ്തകത്തിൽ
എനിക്കു മാത്രം പാകമാവുന്ന
അറ
മെത്ത
പുതപ്പ്
എന്റെ ശരീരം
വീഞ്ഞുചാറയേക്കാൾ വലുതല്ലായിരുന്നു
വലുതാവാനുള്ള വഴി
പുസ്തകത്തിലും ഇല്ലായിരുന്നു.
കുട്ടിയായിരുന്നു
എന്നാലും കുടിച്ചിരുന്നു
രണ്ടു നേരവും
ഓരോ കോപ്പ
അതെനിക്ക്
വിഷാദവും പ്രതീക്ഷയും തന്നു
പുസ്തകത്തിലില്ലാത്തതൊന്നും ഞാൻ മോഹിച്ചില്ല
എന്റെ ജോലികൾ
ഞാൻ സ്വയം ചെയ്തു
അയൽക്കാരില്ലാത്തതുകൊണ്ട്
തീയ്യിനോടു മിണ്ടി
വീഞ്ഞിനോടു ചിരിച്ചു
മരിച്ച പിതാവിനു വേണ്ടി
പുകയിലയും പൈപ്പും കരുതി.
തലയിണക്ക്
അമ്മയുടെ കണ്ണുകൾ വരച്ചു.
ജനാലപ്പുറത്ത്
ഒരു മഞ്ഞുമുയൽ
എനിക്കുവേണ്ടി മാത്രം
എന്നും വന്നുനിന്നു
ഞാനയച്ച കുറുക്കൻ
ചാടി വീഴും മുമ്പ്
എന്റെ തോക്കുകാരൻ
പൊയ്നിറയൊഴിച്ചു
കുറുക്കൻ ഇല്ലാതായി
തോക്കുകാരനും മുയലും
ഇല്ലാതായി
കൊട്ടയിൽ ശേഷിക്കുന്ന
മയങ്ങുന്ന കളിപ്പാട്ടങ്ങളെ
വാരിയെടുത്ത് മാറോടടക്കി
പെട്ടിയിൽത്തന്നെ അടച്ചുെവച്ച്
വാതിൽ തുറന്ന്
അവരെ തിരഞ്ഞുപോയി
മഞ്ഞുമൂടിപ്പോയ പാതയിലൂടെ
വഴി തെറ്റാതെ ഞാൻ മടങ്ങി
ചൂടുള്ള കൂൺ സൂപ്പും
ഇറച്ചിയും തിന്ന്
പ്രിയപ്പെട്ട മെത്തയിൽ കിടന്നു
തലയിണയെ തലോടി
ഉമ്മ വെച്ചു
ഉറങ്ങി
ഉറക്കത്തിൽ
അമ്മയ്ക്ക്
എന്നുമെഴുതാറുള്ള
എഴുത്തുകൾ എഴുതി
ഉടൻതന്നെ
നെരിപ്പോടിലിട്ടു
എന്റെ സന്ദേശം
പുകഞ്ഞുപുകഞ്ഞ്
മുയലും കുറുക്കനും
ഉന്നമറിയാത്ത തോക്കുകാരനും
പോയ വഴിയെ
അടുക്കളക്കുഴലിലൂടെ ആകാശത്തേക്കുയർന്ന്
താളുകൾക്കപ്പുറത്തേയ്ക്ക്
കാഴ്ചക്കപ്പുറത്തേയ്ക്ക്
എങ്ങുപോയെങ്ങു പോ-
യെങ്ങു പോയി?