അന്നേരം മുറിയിൽ
മുറിയിൽ
മുഷിഞ്ഞ വിരിപ്പിൽ ചുരുണ്ടുകിടക്കുന്നുണ്ട്
ഒരു കിളി.
കസേരയിൽ ചാഞ്ഞിരുന്നു
പകൽക്കിനാവ് കാണുന്നുണ്ട്
ഒരു പശു.
മേശപ്പുറത്തിരുന്ന്
ലാപ്ടോപ്പിൽ
തുരുതുരാ എഴുതിക്കൂട്ടുന്നുണ്ട്
ഒരു ചെമ്പരത്തിച്ചെടി.
ജനാലക്കരികിൽ നിന്ന് സ്വൽപം വിഷാദത്തോടെ
Dance me എന്നെഴുതിയ കപ്പിൽ ചായമൊത്തുന്നു
ഒരു കുളം.
ഞാൻ അവിടെയുണ്ടെന്നൊരു ഭാവം ആർക്കുമില്ല.
ബാത്റൂമിൽനിന്ന് ഇറങ്ങിവന്ന അവനെ
ഓടിച്ചെന്ന് കെട്ടിപ്പിടിച്ച തുമ്പിക്കുപോലും അതില്ല.
കിളിയേ, എന്റെ പുതപ്പ് താ...
പശുവേ, എന്റെ കസേര താ...
ചെമ്പരത്തീ, എനിക്കെഴുതണം...
കുളമേ ആ കപ്പെടുക്കല്ലേ...
തുമ്പീ, അവനെന്റെയാ...
എന്നൊക്കെ കരയാൻ വന്നത് ചങ്കിൽ കല്ലിച്ചു,
വിയർത്തു, വിറച്ചു...
നൂറ്റാണ്ടുകളായി ഞാൻ പാർത്തിരുന്ന മുറി.
എന്റെ
എന്റെ
എന്റെ...
‘‘കരയുകയാണോ?’’ അവനെെന്റ
മൂക്കിൽ നുള്ളി.
ആഫ്റ്റർഷേവിന്റെ മണം...
‘‘പരിഭ്രമിക്കരുത്...
ഒരു മഹാനഗരത്തിലെ,
ഉയരമുള്ള കെട്ടിടത്തിലെ,
വിശാലമായൊരു മുറിയിൽ കിടന്ന്,
പനിക്കോളിൽ
നമ്മുടെ കുഞ്ഞു കാണുന്ന കിനാവിനകത്താണ് നമ്മൾ.’’
അപ്പോൾ
കിളി കരയുകയും ചിരിക്കുകയും ചെയ്തു.
ചെമ്പരത്തി കരയുകയും ചിരിക്കുകയും ചെയ്തു.
കുളം കരയുകയും ചിരിക്കുകയും ചെയ്തു.
തുമ്പി കരയുകയും ചിരിക്കുകയും ചെയ്തു.
ഓ എനിക്കത് മനസ്സിലാകുന്നു!
ഞാൻ ഹാങ്ങറിൽ ഊരിവെച്ചിരുന്ന
നീല മാക്സി എടുത്തിട്ടു.
‘‘നമ്മൾ ഇപ്പോൾ മറ്റെവിടെയും ഇല്ലല്ലേ?’’
അവൻ ചിരിച്ചുപറഞ്ഞു.
‘‘നമ്മളല്ല. നീ...’’
അന്നേരം മുറിയിൽ ഞാനൊറ്റക്കായി.
കുഞ്ഞുണർന്നിരിക്കണം.