സന്തോഷം സന്താപം സമ്മിശ്രം
മുറ്റത്ത്
പിച്ച െവച്ച കുഞ്ഞ്
ആദ്യമായ് അതുകണ്ടു
തലചരിച്ച്
അമ്മയെ നോക്കി
അമ്മ പറഞ്ഞു
‘കല്ല്’
എന്തോ ഒച്ച കേള്‍പ്പിച്ചു
കുഞ്ഞ്
പറയാന്‍ പറ്റിയില്ല
ഭാഷ വന്നില്ല
അങ്ങനെ ഒരുനാള്‍
‘കല്ല്’ എന്നു പറഞ്ഞു
‘മുള്ള്’ എന്നു പറഞ്ഞു
‘മുള്ളു കൊള്ളി’ എന്നു പറഞ്ഞു
ഞങ്ങള്‍ ചിരിച്ചു
അഷ്ടമിരോഹിണിക്ക്
കണ്ണന് കെട്ടിയപ്പോള്‍ എന്നപോലെ
കുഞ്ഞുകുസൃതിയെ എടുത്തുയര്‍ത്തി
പിന്നെ ഒരുനാള്‍ അവന്
കല്ല് എന്തുപോലെ എന്നു പറഞ്ഞു
എന്ത് എന്തുപോലെ
എന്നു പറഞ്ഞു
ഓരോന്നും എന്തുപോലെ എന്ത്
എന്തുപോലെ എന്നു പറഞ്ഞു
മഹാത്മാ ഗാന്ധി യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്ന്
കവി അന്‍വര്‍ അലിയുടെയും മറ്റും ഒപ്പമിരുന്ന്
ഹാരിസ് മാഷിന്റെ ക്ലാസു കേട്ടു
തിയറി പഠിച്ച്
കേമനായി
‘ഡെറിഡ’ എന്നെഴുതിയ കേക്കു മുറിച്ചു
പിറന്നാള്‍ ആഘോഷിച്ചു
നാടകക്കാരന് ബാലേട്ടന്
അവനെ ‘നീര്വചനവീരന്’ എന്നു വിളിച്ചു
അവന് വാക്കുകളുടെ ഉസ്താദ് ആയി
അവനോടു ചോദിക്കൂ.
ജനിച്ച ഗ്രാമത്തെക്കുറിച്ച്
ബാല്യകൗമാരങ്ങളെക്കുറിച്ച്
പ്രണയത്തെക്കുറിച്ച്
വാക്കുകളുടെ ആനന്ദനടനം ആടുമവന്
എപ്പോഴുമുണ്ട് കൈയില്‍
ഒരു അദൃശ്യമൈക്ക്
വാക്ക്, ഓരോ വാക്കിെന്റയും ഉറവ്
കാര്യം പോട്ടെ
മിനിമം കല്‍പ്പറ്റ നാരായണന്റെ പ്രഭാഷണം കേട്ട
കുളിര് എങ്കിലും ഉണ്ടാകും
പോരേ
ആള് പ്രഫസറായി
കവിയായി
അവാര്ഡുകാരനായി ആദരണീയനായി
പുള്ളിയുടെ ഒരു അഭിമുഖവും വന്നു.
പറക്കുന്ന വാക്കുകള്‍
ഒന്നു വിശദീകരിക്കാന്‍ മറ്റൊന്ന്
സമാനപദങ്ങള്‍ ഉപമ രൂപകം
അഹമഹമികയാ വാക്കുകള്‍
ഇത് ചുഴലിയോ
വ്യവസ്ഥ ആവാസം
വഴിവിളക്കുകള്‍
എല്ലാം
പറക്കുകയാണോ
മനുഷ്യര്‍ വാഹനങ്ങള്‍
തല കീഴായ് പറക്കുകയാണോ
വാക്കുകളുടെ മനോഹാരിതയാല്‍
പുള്ളിയെ കെട്ടിപ്പിടിച്ചു
ഉമ്മെവച്ചു
എന്നെ നോക്കിയതുപോലുമില്ല
വന്നു മൂടി
ഒരുപറ്റം മായികപദങ്ങള്
ലോകം കണ്ടുകൊണ്ടിരുന്ന
പ്രകാശജാലകവും
മൂടിപ്പോയി
ആഞ്ഞാഞ്ഞു വലിച്ച്
അപ്പോഴും വാക്കുകള്‍ പറത്തി
അത് സര്‍വസ്വം എന്നു നിനച്ച്
ദാ ഇരിക്കുന്നു പുള്ളി
ശ്വാസം മുട്ടിയിരിക്കുന്ന
ആ മനുഷ്യന്
ഇത്തിരി വെള്ളം കൊടുക്കാമെന്നു കരുതി
ഏന്തി വലിഞ്ഞ്
പുള്ളി ഗ്ലാസ് വാങ്ങി
ഒരു മിന്നലില്‍
അപാരപ്രഭയില്
വെള്ളം ഒരു വാക്കായി
കുടിക്കാന്‍ പറ്റാതായി.
===========
പി. ബാലചന്ദ്രൻ (1952-2021) നാടകകൃത്ത്്, അഭിനേതാവ്.