റെസ്റ്റോറന്‍റ്
സ്കൂളിലേക്കുള്ള വഴിമധ്യേ പണ്ട്
ആരെയും ആകർഷിക്കുമാറ്
എപ്പോഴും തുറന്നിരിക്കുന്ന
ഒരു റെസ്റ്റോറന്‍റുണ്ടായിരുന്നു.
ചായക്കടകൾ
കണ്ടും രുചിച്ചും മടുത്തുപോയവരെ
പ്രലോഭിപ്പിക്കാനുള്ളതെല്ലാം
അതു കരുതിയിരുന്നു...
കൂട്ടുകാർക്കൊപ്പം
പറമ്പിലും ഗ്രൗണ്ടിലും
കൂത്താടി ക്ഷീണിക്കുമ്പോൾ
ഏറെയാഴത്തിൽനിന്നും
ദാഹിച്ചുണരുന്ന
നിരാശയുടെ തോതായും
വിശന്നു തുടങ്ങുമ്പോഴേ
രുചികരമായി പെരുകിപ്പടരുന്ന
മോഹഭംഗ സ്മരണകളായും
പൊതിച്ചോറിലെ
അൽപത്തരത്തെ പരിഹസിക്കുന്ന
ഗൾഫുകാരൻ കുട്ടിയുടെ ഗമയായും
കൂട്ടുകാരിയോടു
മിണ്ടാനാശിക്കുമ്പോഴൊക്കെ
പൊന്തിവരുന്ന
ജീൻവാൽജീന്റെ കൊതിയായും
അതെന്റെ ഓർമകളിലും
സദാ തുറന്നിരുന്നു...
കണക്കു ക്ലാസില്‍
കൂട്ടിയതും കിഴിച്ചതും
ഹരിച്ചതും ഗുണിച്ചതും
ശിഷ്ടം െവച്ചതും
ആ കണ്ണാടിക്കൂട്ടിലെ
പത്തിരി,
ബോണ്ട,
വത്സന്‍,
സുഖിയൻ...
തെറ്റായ ഉത്തരങ്ങള്‍ക്ക്
ശിക്ഷയായ് കിട്ടിയിരുന്നതൊക്കെ
ആരോ പറഞ്ഞു നീറ്റിച്ച
അവിടത്തെയാ
ചില്ലിച്ചിക്കനിലെ വറ്റൽമുളകിലെ
ഒടുക്കത്തെ
എരിവ്.
എത്ര ശ്രമിച്ചാലും
ഉത്തരം കിട്ടാതെ
കുഴങ്ങുമ്പോഴൊക്കെ
പൊന്തിവന്നിരുന്നത്
കൊടുമ്പിരിക്കൊണ്ടിരുന്ന
ആ വിശപ്പും
കാലിപ്പോക്കറ്റും.
എല്ലാ ചോദ്യങ്ങള്‍ക്കും
ശരിയുത്തരം കിട്ടിയിരുന്ന
വല്ലാണ്ടിലുമല്ലാതെ
അവിടെനിന്നും
ഉണ്ടിറങ്ങിയതായി
തോന്നിയിരുന്നുമില്ല...
കോപ്പിയടിച്ചതു
പിടിക്കപ്പെട്ടതിനുശേഷമാണ്
തൈരുവടയും പപ്പടവും
കണക്കു പറഞ്ഞിട്ടില്ലെന്ന്
ബോധ്യമുണ്ടായിട്ടും
അറിഞ്ഞ ഭാവം നടിക്കാത്ത
ആ കടയുടമയെ
ഗൗനിക്കാൻ തുടങ്ങിയത്.
കാരണമറിയാത്തൊരു
സമരത്തിന്റെ മുമ്പന്തിയിൽ
‘കൊടിയുടെ നിറമൊന്നേ ശരി’ എന്ന മട്ടിൽ
മുദ്രാവാക്യങ്ങൾ ഉച്ചത്തിലേറ്റു വിളിച്ച്
അതുവഴി കടന്നുപോയ
എന്നോ ആണെന്നു തോന്നുന്നു
അയാളുമെന്നെ
ഗൗനിക്കുകയാണെന്നു
തോന്നിത്തുടങ്ങിയത്.
അതിനുശേഷമാണ്
പട്ടറയിലയാളെ നിത്യം
ഞാനും തിരയാൻ തുടങ്ങിയത്...
കാത്തിരുന്ന് കാത്തിരുന്ന്
ആകാംക്ഷയുടെ പാരമ്യത്തിൽ
പരാജയങ്ങൾ മാത്രം
അന്വേഷിച്ചറിയേണ്ടി വരുന്ന
വേളകളിലേ ഞാനിപ്പോഴാ
റെസ്റ്റോറന്റിനെ കുറിച്ചു
ചിന്തിക്കാറുള്ളൂ.
എത്ര ചികഞ്ഞാലും
കാരണം കണ്ടെത്താനാകാത്ത ചില
പുറത്താക്കി പൂട്ടിപ്പോകലുകളെ കുറിച്ചുള്ള
ഓർമകൾ വന്നു
കുമിയുമ്പോഴല്ലാതെ
പഴുത്തളിഞ്ഞൊരു
റോബസ്റ്റാ കുലയെ
അനുസ്മരിപ്പിക്കുംവിധം
കടയ്ക്കുള്ളിലെന്നോ
ഞാന്നുകിടന്നാടിയൊടുങ്ങിയ
ആ കടയുടമയെ
ഞാനിപ്പോൾ
ഓർക്കാറുമില്ല.
============
*പട്ടറ -ചായക്കടകളിലെയും പലചരക്കു കടകളിലെയും ഓണറുടെ ഇരിപ്പിടത്തെ (പണപ്പെട്ടിയിരിക്കുന്ന മേശയെ) പറയാൻ തെക്കൻ കേരളക്കാർ ഉപയോഗിക്കുന്ന ഒരു പ്രാദേശിക പദം.