Begin typing your search above and press return to search.
proflie-avatar
Login

വേഗത്തിൽ ചെയ്യാനുണ്ട്, മറ്റെന്തോ..!

വേഗത്തിൽ ചെയ്യാനുണ്ട്,   മറ്റെന്തോ..!
cancel

ഓരോന്നും ചെയ്യുമ്പോൾ അതിലും വേഗത്തിൽ മറ്റെന്തോ ചെയ്യാനുണ്ടെന്ന് ഒരു ഗുണ്ടുമുളക് എരിയുന്നു. ദിവസത്തെ, സ്കൂൾകുട്ടിയുടെ നോട്ടുബുക്കിലെ സമയക്കളത്തിലേക്ക് പിടിച്ചിടാനാവുന്നില്ല. പകലുകൾ കുറുകി ഒറ്റത്തുള്ളിയിൽ പൊട്ടിത്തീരുന്നു. കുതിർക്കുവാൻ തുറന്നിട്ട പൈപ്പുവെള്ളം കവിഞ്ഞൊഴുകുംപോൽ മറ്റെന്തോ വേഗത്തിൽ, വേഗത്തിൽ എനിക്ക്. തൊട്ടുമുമ്പത്തെ സമയത്തെ, കയ്യിൽ ഇറുക്കി പിടിച്ച്. വേവിക്കാനുള്ളവ കയ്യിലമർന്ന് പിടച്ച്. അതവിടെ നിന്നെടുത്ത് അടുപ്പിലേക്ക് ചാടുമെന്നും, തുള്ളിമറിഞ്ഞ് എനിക്കായി പാകമാവുമെന്നും കരുതുമ്പോൾ, ഒരു പ്രാതൽ വിശപ്പ് കയറിവരുന്നു. അങ്ങനെയൊന്നിനെ...

Your Subscription Supports Independent Journalism

View Plans

ഓരോന്നും ചെയ്യുമ്പോൾ അതിലും വേഗത്തിൽ മറ്റെന്തോ ചെയ്യാനുണ്ടെന്ന് ഒരു ഗുണ്ടുമുളക് എരിയുന്നു.

ദിവസത്തെ,

സ്കൂൾകുട്ടിയുടെ നോട്ടുബുക്കിലെ സമയക്കളത്തിലേക്ക്

പിടിച്ചിടാനാവുന്നില്ല.

പകലുകൾ കുറുകി

ഒറ്റത്തുള്ളിയിൽ പൊട്ടിത്തീരുന്നു.

കുതിർക്കുവാൻ തുറന്നിട്ട പൈപ്പുവെള്ളം

കവിഞ്ഞൊഴുകുംപോൽ

മറ്റെന്തോ

വേഗത്തിൽ, വേഗത്തിൽ എനിക്ക്.

തൊട്ടുമുമ്പത്തെ സമയത്തെ, കയ്യിൽ ഇറുക്കി പിടിച്ച്.

വേവിക്കാനുള്ളവ കയ്യിലമർന്ന് പിടച്ച്.

അതവിടെ നിന്നെടുത്ത് അടുപ്പിലേക്ക് ചാടുമെന്നും,

തുള്ളിമറിഞ്ഞ് എനിക്കായി പാകമാവുമെന്നും കരുതുമ്പോൾ,

ഒരു പ്രാതൽ വിശപ്പ് കയറിവരുന്നു.

അങ്ങനെയൊന്നിനെ ഓമനിച്ചിരുത്തേണ്ടതുണ്ടെന്ന് ഓർക്കുമ്പോൾ,

മറന്നുവച്ചൊരാൾ ചെമ്പരത്തി നീട്ടുന്നു.

ഞാനതിലേക്കു ചാടി,

പുകയുന്ന മണത്തിലേക്ക് കലരുന്നു.

രാവിന്റെ തിക്കുമുട്ടലിലുന്തി

ഒരോറഞ്ച് അടർന്നുവീഴുന്നു.

ഇരുട്ടിലിരുന്നു അപ്പപുളിപ്പിനായി മാവരച്ചത്,

ആരോ ചുട്ടു തളികയിൽവച്ചതു കണ്ടുറങ്ങിപ്പോവുന്നു.

അർധ പൂർത്തീകരണത്തിൽ വരയ്ക്കുന്ന വരകളിൽ ഇങ്ങനൊരാൾ നിരന്തരം മാഞ്ഞുമാഞ്ഞു പോവുന്നു.


News Summary - weekly literature poem