Begin typing your search above and press return to search.
proflie-avatar
Login

അറസ്‌റ്റ്‌

Malayalam poem
cancel

വണ്ടി വരുമ്പോൾ,

കോളനിപ്പടിക്കേന്ന്

കേറാതിരിക്കാൻ

പരമാവധി നോക്കിയിട്ടുണ്ട്.

വേലിപ്പച്ചയുടെ അരികുപറ്റി

കുനിഞ്ഞു നടന്ന്,

അമ്പലംമുക്ക് സ്റ്റോപ്പിലെത്തി

വണ്ടികാത്തു നിൽക്കും.

വെട്ടും മഴുവും തൂക്കിപ്പോകുന്ന

വെല്ല്യച്ചാച്ചന്റെ

വിളിയെ ഒളിച്ച്.

കടയിൽ,

പറ്റ്പറയാൻ പതറി നിൽക്കുന്ന മെയ്യ അമ്മായിയെ

അറിയില്ലെന്നുറപ്പിച്ച്

ആൾക്കൂട്ടത്തെ വാരിപ്പുതച്ച്

ഉരുകിനിന്നിട്ടുണ്ട് വണ്ടിയെത്തുംവരെ

പാന്റിട്ടു...

പൗഡറിട്ടു...

എന്നിട്ടും പിടിക്കപ്പെട്ടു.

സ്റ്റൈപന്റിന് ക്യൂനിൽക്കുമ്പോഴായിരുന്നു

ആദ്യത്തെ അറസ്റ്റ്.

സ്വന്തം ജാമ്യത്തിലിറങ്ങിയ ഞങ്ങ​െളല്ലാവരും കൂടി

ക്ലാസിന്റെ പിൻബെഞ്ചിലൊരു

കോളനി തന്നെ​െവച്ചു.

പിന്നീടങ്ങോട്ട് വെട്ടംകണ്ടുനടന്നു

പിടിക്കപ്പെടാത്ത ചിലരൊക്കെ

പിന്നെയുമുണ്ടായിരുന്നു

ക്ലാസിൽ വെളുത്തു കിട്ടിപ്പോയ

ശരീരത്തിൽ ഒളിച്ചൊളിച്ചിരുന്ന

ഒരുവൾ.

ഒടുവിൽ

അവളും പിടിക്കപ്പെടുന്നു.

വാങ്ങാൻ വൈകിയ സ്റ്റൈപന്റിന്റെ

വാറന്റുമായ് വന്ന്

ഏതാണ്ട് സൂക്കേട് തീർക്കും പോലെ,

ക്ലാസ്ടീച്ചറാണ് ആ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഒരു പിടികിട്ടാപ്പുള്ളിയെ കുടുക്കിയതിന്റെ ആരവം

ടീച്ചറോടൊപ്പം ഞങ്ങളും ആഘോഷിച്ചു.

പിന്നീടവൾ വന്നിട്ടേയില്ല.

തൂങ്ങിച്ചത്തെന്ന്

കൂട്ടുകാരികളാണ് പറഞ്ഞത്.

ഉച്ചയ്ക്ക് ശേഷംമതി അവധിയെന്ന് പ്രിൻസിപ്പാൾ.

മരിച്ചടക്കിന് ടീച്ചറോടൊപ്പം

ഞങ്ങളും പോകുന്നു.

നല്ലൊരു കുട്ടിയായിരുന്നു

അവളെന്ന്,

വരുംവഴി ടീച്ചർ.

ചത്തത് ലോക്കപ്പിലായതിനാൽ

മരണകാരണം മാറ്റിയെഴുതാം.

ഇവരൊക്കെയല്ലേ ഇങ്ങനെയൊക്കെയല്ലേ ചെയ്യൂ...

നിങ്ങൾക്ക് അടക്കം പറയാം.

എങ്കിലുമൊന്ന് ചോദിച്ചോട്ടേ?

ആൾക്കൂട്ടത്തിന്റെ അരണ്ട നോട്ടങ്ങളിൽ

ജാതി ഇങ്ങനെ വെട്ടപ്പെടുമ്പോൾ

ഉടുമുണ്ടഴിഞ്ഞപോലൊരു കാളൽ.

നേരാണ് ഞങ്ങളിലൊക്കെയുണ്ട് അപ്പോഴും

പേര് പറയേണ്ടടത്തെല്ലാം

ജാതിയും കൂട്ടിപ്പറഞ്ഞ്

നിങ്ങൾക്കിനിയും ഊറ്റം കൊള്ളാം.


Show More expand_more
News Summary - weekly literature poem