Begin typing your search above and press return to search.
പാതാളക്കരണ്ടി
Posted On date_range 21 Oct 2024 8:30 AM IST
Updated On date_range 21 Oct 2024 8:30 AM IST
വായിൽ
പാതാളക്കരണ്ടിയുമായാണ്
ഞാൻ ജനിച്ചത്
എന്റെ ഊര്, പേര്, വേര്
എത്ര ഒളിപ്പിച്ചുവെച്ചാലും
ആർക്കും
ഒറ്റ ചുഴറ്റലിൽ കുരുക്കാൻ
പാകത്തിൽ മെനഞ്ഞത്
അദൃശ്യമായ് തൂങ്ങിയാടും
അതിന്റെ കയർ
ഏഴു വൻകരകളിലേക്കുമിഴഞ്ഞെത്തും
ഒരു പാമ്പുടൽ
പല കാലം പലർ
അതിന്റെ വാലിൽ വിളവിറക്കി
നഷ്ടപ്പെട്ടതെന്തോ തേടും
നാട്യത്തിൽ
പിടിവീണ,
അവിദഗ്ധനല്ലാത്തൊരു
കള്ളനെപ്പോലെ
അപ്പോഴൊക്കെ ഞാൻ
പെരുമാറി
വയറ്റിൽ
ദഹിക്കാതെ കിടന്ന
കറുത്ത ഒരു അലുവക്കഷണം
മാടിൻ കരളായ്
കുപ്പായം മാറി
തോന്നുമ്പോഴൊക്കെ
ദേശക്കൂറളക്കാൻ
ഒരു സർവേ ചങ്ങലയായും
വിടുപണി ചെയ്തു
എത്ര എണ്ണ പാർന്നാലും
കപ്പികൾ ഛർദിക്കും
ആ വൃത്തികെട്ട മോങ്ങൽ
നിവൃത്തികേടാണ്
ആദ്യ പരതലിൽ
വേറിട്ടുപോന്ന
എന്റെ ഒച്ച.