Begin typing your search above and press return to search.
proflie-avatar
Login

പൂമ്പാറ്റയാകാതിരിക്കുന്ന പുഴു ജീവിതം

poem
cancel

അയാൾ എന്തു വിചാരിക്കും

എന്ന തോന്നലിൽ

എത്ര മാത്രം ചിന്തകളെയാണ്

വാക്കുകളായി പരിണമിക്കാൻ

ഇട നൽകാതെ

പ്യൂപ്പാ ദശയിൽ

തളച്ചിടുന്നത്

പറഞ്ഞു തുടങ്ങിയാൽ

പുഴുവരിക്കുമെന്നറിയാം

ചൊറിച്ചിലും തിണർപ്പും

ചുവന്നു നീറ്റലും കഴിഞ്ഞ്

വികിരണത്തിന്റെ നിറപ്പകർച്ചയായി

വിസ്മയച്ചിറകുകളാൽ

വിഭ്രമങ്ങളൊക്കെയും

പറന്നുല്ലസിച്ചേക്കാമെന്ന

മരീചികയിൽ

ഒളിപ്പിച്ചു വെക്കുകയാണ്

വെട്ടിമാറ്റാൻ പോലുമാകാത്ത

കാടു കയറുന്ന

ചിന്തക്കുരുക്കുകളെ

തീ പടരും

ചിലപ്പോഴൊക്കെ.

ആളിപ്പടരുന്ന ഓർമകളിൽനിന്ന്

കുതറി മാറാനാവാത്ത

വെയിൽച്ചിത്രമായി

നീയും…

ഒരു മഞ്ഞു തുള്ളിയെ

ദാഹത്തിന്റെ

ഞരമ്പുകളിലേക്ക്

ചേർത്തുവെക്കാനായി

അരളിയില പോലെ

ഇടറുന്ന ഞാനും

മറി കടക്കണമെന്നുണ്ട്

ഈ നിഗൂഢ ആനന്ദങ്ങളെ.

ഒരിക്കലെങ്കിലും-

പകർന്നു തരാനാവാത്ത

വെറുപ്പിന്റെ ഇരുൾച്ചീളിനെ.

നിലനിൽപിനെ തന്നെ

വകഞ്ഞുമാറ്റാനായുന്ന

നിന്റെ ഓർമകളുടെ

ഒന്നുമില്ലായ്മയിലേക്ക്

കൂപ്പു കുത്തുന്ന

നിറമില്ലാത്ത കാറ്റിനെ.

ഇനിയും എത്ര വസന്തം

അടയിരിക്കണം?

മറവിയിലേക്ക്

അസ്തമിച്ചു പോകാത്ത വിധം

അസ്തിത്വത്തിന്റെ

മരവിപ്പിൽനിന്ന്,

മൗനത്തിന്റെ ഇരുൾ മുറിയിൽനിന്ന്

നിന്നോട് എന്തെങ്കിലും

മിണ്ടിപ്പറയുന്ന വിധത്തിൽ

ഒന്ന് ഉയിർത്തെഴുന്നേൽക്കാൻ


Show More expand_more
News Summary - weekly literature poem