ആയിരം ചിറകുള്ള മോഹങ്ങൾ
ആയിരം പുസ്തകങ്ങളെ
രണ്ട് തടി സ്റ്റാൻഡുകളിലായി
മേയാൻ വിട്ടിട്ട് അവയ്ക്ക് നടുവിലായി
ഞാനിരുന്ന് ഫെയ്സ്ബുക്ക് നോക്കും
ആയിരം പുസ്തകങ്ങൾക്കുമെന്നെ അറിയാം
അവയെയൊക്കെ മേച്ച് കെട്ടുന്നതും ഞാൻതന്നെ
ചില പുസ്തകങ്ങൾ എന്നോട് ചിരിക്കും
ചിലത് പരിഭവിക്കും
ഇന്നും വാങ്ങി ഒരു കവിതാ പുസ്തകം
മറ്റുള്ള കവിതകൾക്കിടയിൽ വരിതെറ്റാതെ
തിരുകി നിർത്താൻ ഇച്ചിരി പ്രയാസപ്പെട്ടു
തൊഴുത്തു മാറിക്കെട്ടിയതിന്റെ
ഇളക്കമായിരിക്കും
ഫെയ്സ്ബുക്കിൽനിന്നും കണ്ണെടുത്തപ്പോൾ
പുതിയ പുസ്തകം എന്നെ
നിഗൂഢമായി നോക്കുന്നു
ഞാൻ ഫെയ്സ്ബുക്കിൽനിന്നും
ഇടയ്ക്കിടയ്ക്കിറങ്ങി അതിനെ ശ്രദ്ധിച്ചു
പുതുതായി വന്നതിന്റെ പരിചയക്കുറവാകാം
എന്റെ ശ്രദ്ധയിൽപ്പെെട്ടന്നറിഞ്ഞപ്പോൾ
അത് സ്റ്റാൻഡിന്റെ അകത്തേക്ക് ഉൾവലിഞ്ഞു
പിന്നെ നോക്കീട്ട് കണ്ടില്ല
വട്ട്, പാതിരാ പ്രാന്ത്
ഞാൻ മൊബൈൽ ചാർജിനിട്ട്
ലൈറ്റണച്ച്
കിടക്കയിൽ നേരെ ചൊവ്വേ കിടന്നു
ഉറക്കം വന്നില്ല
ചെറിയൊരും മയക്കം അതിലേ ഇതിലേ
അറച്ചറച്ച് കേറിവന്നു
ആരൊക്കയോ തമ്മിൽ
തീരെ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നു
‘‘എവിടെയോ കണ്ട പരിചയമുണ്ടല്ലോ’’
‘‘ഞാനും അതാണ് വന്നപ്പം
മുതലേ ആലോചിക്കുന്നത്’’
പറഞ്ഞു വന്നപ്പോൾ അവരറിയും
ഏതോ നദിക്കരയിൽ
വേരുകളാൽ ചില്ലകളാൽ
മോഹങ്ങൾ പൂത്തുലഞ്ഞവർ
കാറ്റും നീരും
അവരുടെ സന്ദേശവാഹകർ
വെയിലായിരുന്നു അമ്മ
ഇടയ്ക്ക് ലീവിന് വന്ന് പോകുന്ന
മഴയായിരുന്നു അച്ഛൻ
എനിക്ക് കലിവന്നു
എനിക്കിതെന്തോന്നിന്റെ കേട്
നട്ടപ്പാതിരയ്ക്ക് മുഴുപ്രാന്തായാ
ഞാൻ സ്വിച്ചിട്ടു
പ്രകാശംകൊണ്ട് പുളിച്ച പുസ്തകങ്ങൾ
അസ്വസ്ഥതയോടെ കണ്ണുകൾ ഞെരടി
എവിടെ ആ പുതിയ പുസ്തകം
അത് ആ തടി സ്റ്റാൻഡിൽ
മലർന്നടിച്ച് കിടക്കുന്നുണ്ട്
ഒന്നെടുക്കാൻ നോക്കി
ഇല്ല, അത് സ്റ്റാൻഡിൽ പതിഞ്ഞിരിക്കുന്നു
ഇതെന്തൊരു മാരണം
എന്തായാലും നേരം വെളുക്കട്ടെ
നേരം പരപരാ വെളുത്തു
നോക്കുമ്പോഴുണ്ട്
ആ ഒറ്റരാത്രികൊണ്ട്
ചിതലുകൾ സ്റ്റാൻഡിനൊപ്പം
പുസ്തകത്തിനെയും തിന്ന്
ചിറകടിച്ച് പറക്കുന്നു.