ശംഖ്
കാഴ്ചയുടെ ഇത്തിരി വട്ടത്തില്‍
ഇപ്പോള്‍,
ഒരു ശംഖ് മാത്രം
പൂർവകാലത്തിന്റെ മണ്ണടിഞ്ഞ സ്മരണകളും,
വരും കാലത്തിന്റെ നിറമുള്ള കിനാക്കളും,
ഈ ശംഖിന്റെ ഉണ്‍മയില്‍ വന്ന്-
ചിറകൊതുക്കുന്നു.
ഈ ശംഖ്-
ദുരന്തതീരത്തെ തിരുശേഷിപ്പ്!
രാക്ഷസത്തിരകള്‍ പിന്‍വാങ്ങിയ-
സമുദ്രതീരത്തെ അനാഥ ജന്മം!
ജലകുടീരത്തിനുള്ളില്‍,
വാപിളര്‍ന്ന ഭൂമിയുടെ വിശപ്പിലേക്ക്,
ഈയാംപാറ്റയായ് പറന്നു വീഴാതെ,
മഹാസാഗരത്തിന്റെ ഉള്ളടരുകളിലെങ്ങോ
ആരും കാണാത്ത സൗന്ദര്യമാ
യടിഞ്ഞുപോകാതെ,
തിരച്ചുഴികളിൽ കൈമറിഞ്ഞ്,
കരയിലുപേക്ഷിക്കപ്പെട്ട ശംഖ്!
കടല്‍ പിന്‍വാങ്ങിയ ചാലുകളില്‍,
അനാഥ ശവങ്ങളും ജീവിതസ്വപ്നങ്ങളും-
വീണലിഞ്ഞ നനവുള്ള മണ്ണില്‍,
ഈ ശംഖ് ഒരോർമത്തെറ്റുപോലെ!
വിറപൂണ്ട കൈക്കുമ്പിളിലൊതുക്കി,
ഹൃദയത്തോടു ചേര്‍ത്തുപിടിക്കുമ്പോള്‍,
അലമുറകളും അടക്കിയ തേങ്ങലുകളും
നെഞ്ചു പിളരുന്ന തീരാനൊമ്പരവും
ഇതില്‍നിന്നുയരുന്നുവോ?
കടലെടുത്തുപോയ ജന്മങ്ങളുടെ-
ദീനവിലാപങ്ങള്‍!
ഇനിയൊരിക്കലും തിരിച്ചുവരാത്ത-
പ്രിയപ്പെട്ടവരുടെ നിശ്വാസങ്ങള്‍!
അരിമണി സൂക്ഷിച്ച എറുമ്പുകളുടെ
ശൂന്യ ദൃഷ്ടികള്‍!
ഒഴിഞ്ഞ കിളിക്കൂടുകള്‍!
ഒരിക്കലിവിടെ ജീവിതമുണ്ടായിരുന്നു-
വെന്നോർമപ്പെടുത്തുന്ന-
പൊളിഞ്ഞ കല്‍ത്തറകള്‍!
എന്നോ തകര്‍ന്നടിഞ്ഞുപോയ-
പുരാതന ജീവിത സംസ്കാരത്തിന്റെ
ചരിത്രാവശിഷ്ടംപോലെ കടല്‍ത്തീരം!
ദൃശ്യവിഭ്രമത്തിന്റെ കൊടും ക്ഷോഭമുണര്‍ത്തുന്ന-
മാന്ത്രികപ്പഴുതായ്, ദുരന്തതീരത്തെ ഈ ശംഖ്.