പ്രേമംപോലെ ചോര
ഞാനില്ലാത്ത ഈ കവിതകളിൽ നീയുമില്ല. 1 കൊടിയ ദുഃഖത്തിന്റെ ഒരു കവിത അവരെന്നോട് ആവശ്യപ്പെട്ടു. ഞാൻ അവളുടെ പേരെഴുതിവെച്ച് മടങ്ങിപ്പോയി… 2 പച്ചപ്പുല്ല് മണത്തു നദിയിന്നൊലി കേട്ടു അസ്തമയ സൂര്യനെ കണ്ടു കാട്ടുതേൻ നുകർന്നു നിലാവിൽ മണ്ണിനെ തൊട്ടുകിടന്നു നിന്നെ പ്രേമിച്ചു. 3 എന്റെ ജീവിതം ചിലപ്പോഴൊക്കെ അവളെ ബോധിപ്പിക്കുവാൻ വേണ്ടി മാത്രമുള്ളതാണെന്ന് തോന്നിപ്പോകുന്നു. വെറുതെ ഒരു നോട്ടത്തിനു വേണ്ടി ഒരു മുരൾച്ചയ്ക്കുവേണ്ടി. 4 ആരോടും വിട പറയാതെ മരിച്ചു പോകണമെന്നും പിറ്റേന്ന് തന്നെ ഉയിർത്തെണീക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടെന്നോ! എന്നെ പ്രതി അവളുടെ വേദനയെ കാണുവാനും ‘‘നോക്കൂ...
Your Subscription Supports Independent Journalism
View Plansഞാനില്ലാത്ത ഈ കവിതകളിൽ നീയുമില്ല.
1
കൊടിയ ദുഃഖത്തിന്റെ
ഒരു കവിത അവരെന്നോട് ആവശ്യപ്പെട്ടു.
ഞാൻ അവളുടെ പേരെഴുതിവെച്ച് മടങ്ങിപ്പോയി…
2
പച്ചപ്പുല്ല് മണത്തു
നദിയിന്നൊലി കേട്ടു
അസ്തമയ സൂര്യനെ കണ്ടു
കാട്ടുതേൻ നുകർന്നു
നിലാവിൽ മണ്ണിനെ തൊട്ടുകിടന്നു
നിന്നെ പ്രേമിച്ചു.
3
എന്റെ ജീവിതം ചിലപ്പോഴൊക്കെ
അവളെ ബോധിപ്പിക്കുവാൻ വേണ്ടി
മാത്രമുള്ളതാണെന്ന് തോന്നിപ്പോകുന്നു.
വെറുതെ ഒരു നോട്ടത്തിനു വേണ്ടി
ഒരു മുരൾച്ചയ്ക്കുവേണ്ടി.
4
ആരോടും വിട പറയാതെ മരിച്ചു പോകണമെന്നും
പിറ്റേന്ന് തന്നെ ഉയിർത്തെണീക്കണമെന്നും
ഞാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടെന്നോ!
എന്നെ പ്രതി അവളുടെ വേദനയെ കാണുവാനും
‘‘നോക്കൂ ഞാൻ മരിച്ചിട്ടില്ല, എന്റെ മുറിവുകളിൽ
തൊട്ടു നോക്കൂ’’ എന്ന് പറയുവാനുമത്രേ.
5
അവൾ പിണങ്ങിപ്പോയപ്പോൾ
ഞാൻ വേദനിച്ചുവെന്നാണോ നിങ്ങൾ കരുതുന്നത്...
അത് അങ്ങനെയല്ല.
ഞാൻ ഒരു പുഞ്ചിരിയോടുകൂടിത്തന്നെ ജീവിച്ചു.
വേദന ഒരു മടങ്ങിപ്പോകലാണെന്ന് എനിക്കറിയാം;
മരണം മാത്രമാണ് പ്രണയത്തിന്റെ തുടർച്ചയെന്നും!
6
എന്റെ ഹൃദയം പ്രണയത്താൽ നിറഞ്ഞ് തുളുമ്പുന്നു.
അത് വേഗം നുണച്ചിറക്കൂ.
അല്ലെങ്കിൽ അത് അപ്രത്യക്ഷമാകും.
ഞാൻ വെറുതെ പറയുന്നതല്ല
എന്റെ വാക്കുകളിൽ ഉറുമ്പരിക്കുന്നത് കണ്ടില്ലേ
എന്റെ ചലനങ്ങളിൽ തേനീച്ചകൾ കൂടൊരുക്കുന്നത്
കണ്ടില്ലേ
അത് അഴുകിയ ഒരു മാംസത്തുണ്ടാണെന്ന്
ആൾക്കൂട്ടം പറയുന്നുവെന്നോ
ആ ഗന്ധം തേൻ നിറഞ്ഞ ഒരു കാട്ടുപൂവിന്റേതെന്ന്
ചിത്രശലഭങ്ങൾ തർക്കിക്കുന്നുവെന്നോ!
പ്രിയേ
ആ പാണ്ഡിത്യങ്ങൾക്ക് തല കൊടുക്കാതിരിക്കൂ
പതിവുപോലെ എന്നെ വിശ്വസിക്കൂ..!
7
സമൂഹം അസമത്വങ്ങളുടെ വ്യവഹാരമാണ്
നിന്റെ അനുസരണ എന്നെ ഉന്മാദിയാക്കുന്നു
വിനയാന്വിതയായി നീ മടങ്ങിപ്പോകുന്നു
മിണ്ടാതെയാകുന്നു.
എല്ലാം എനിക്ക് മനസ്സിലാകുന്നുണ്ട്!
പക്ഷേ, വിചാരണകൾക്കു വിധേയമാകാത്ത
എന്റെ ഹൃദയം
കടിഞ്ഞാൺ നഷ്ടപ്പെടുംവരെ മദ്യപിച്ച
പ്രണയത്തിനു പിന്നാലെ കുതിക്കുന്നു
ഈ ദുരിതങ്ങൾ മുഴുവൻ പിടിച്ചു വാങ്ങുന്ന
ദുർബലനായ നാടോടിയെപ്പോലെ.
8
ഭൗതികവാദികളുടെ മരണ സങ്കൽപനങ്ങളിൽ പ്രിയേ
ഞാൻ വിശ്വസിക്കുന്നില്ല.
മരിക്കുമ്പോൾ നമുക്കെല്ലാം ഉപേക്ഷിക്കേണ്ടി വരുമെന്ന്
അവർ പറയുന്നു;
നിന്നോടുള്ള പ്രണയംപോലും…
മരണം ആ യുക്തിയാണ് പിന്തുടരുന്നതെങ്കിൽ
അസംബന്ധമെങ്കിൽകൂടിയും
ഈ യൗവനവുമായി
ഞാൻ അനശ്വരതയിലേക്ക് ഓടിയൊളിക്കും.
നിന്റെ പരിഭവം എനിക്ക് മനസ്സിലാകും!
ആൾക്കൂട്ടമിപ്പോൾ മാന്ത്രികനായ
ഒരു കവിയെ കല്ലെറിയുന്നു.
9
അനന്തരം
കോമ്പല്ലുകൾ നീയെന്റെ
കഴുത്തിൽനിന്ന് വലിച്ചെടുത്തു
ചോര നക്കിത്തുടച്ചു
ഇതിനുമാത്രം എന്താണ് ഞാൻ മുരണ്ടതെന്നോ
പ്രണയം മാത്രമാണ് ഒരു ശിശുവിന് പാർക്കുവാനുള്ള ഏറ്റവും പരിശുദ്ധമായ ഇടമെന്ന്!
10
ചുരുങ്ങിയത് അര നൂറ്റാണ്ടായി
നീ എന്നോട് മിണ്ടിയിട്ട്
അതുകൊണ്ടാണ് എനിക്കിപ്പോൾ
കവിതയെഴുതേണ്ടിവന്നത്.
ഈ കവിതയിലെ പെണ്ണുങ്ങൾ
ആരാണെന്ന് ചോദിച്ച്
നീ എന്റെ അടുത്തേക്ക് വരുമല്ലോ!
11
മലിനമായ തെരുവുകളിൽ
അനുസരണയില്ലാതെ കിടക്കുന്നു
കത്തുന്ന വേനലിൽ അലഞ്ഞു തിരിയുന്നു
ദാഹിക്കുന്നു, വരണ്ടുണങ്ങിപ്പോകുന്നു.
അന്നേരവും
ഉണക്കമരത്തിൽ ഇലകൾ തളിർക്കുംപോലെ
എന്റെ കണ്ണുകളിൽ പൊടിയും
നീര് മാത്രമാണ് എനിക്ക് നിന്നോടുള്ള
പ്രണയത്തിന്റെ തെളിവ്.
അത്ഭുതം അല്ലേ
നമ്മൾ കരുതിയ മറ്റൊന്നും
അതിന് സാക്ഷ്യം നിന്നില്ല!
12
വാക്കുകളുടെ ഒരു നദി രൂപപ്പെടുന്നുവെന്ന്
പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല.
അവളതിൽ ഒഴുകി നടക്കുന്നു
നദി കടക്കാൻ അവൾ പറയുന്നു
ആർക്കറിയാം ഒരുപക്ഷേ അവൾ
ജലസ്വരൂപിയല്ലായെന്ന്!
എന്തായാലും അവളുടെ സാഹസികതകൾകൊണ്ട്
ഞാൻ അപകടത്തിലായിരിക്കുന്നു.
13
നിന്റെ സന്ദേശം താഴ്മയോടെ ഞാൻ കൈപ്പറ്റി
തുണ്ട് കടലാസിൽ പൊതിഞ്ഞ ഒരു മുറിവ്!
എന്റെ ഭൂതകാലം മുഴുവൻ
അതിനാൽ തകർക്കപ്പെട്ടു
നിന്ദിതനായി ആൾക്കൂട്ടത്തിന്
അരികിൽ നിന്നു.
ഇതുവരെയും എനിക്ക് പാദങ്ങളേ
നഷ്ടപ്പെട്ടിരുന്നുള്ളൂ;
ഇപ്പോഴാകട്ടെ-
നിന്നിലേക്കുള്ള വഴിയും പ്രിയേ…
14
നിന്നെ ഓർക്കുമ്പോൾ പെട്ടെന്ന് കരച്ചിൽ വരും
തൊഴിൽരഹിതനായതു കൊണ്ടായിരിക്കുമോ
അവിവാഹിതനായത് കൊണ്ടായിരിക്കുമോ
ദരിദ്രനും അലഞ്ഞു തിരിയുന്നവനും
ആയതു കൊണ്ടായിരിക്കുമോ
കുടിലും കന്നുകാലികളും നഷ്ടപ്പെട്ടതു
കൊണ്ടായിരിക്കുമോ
എന്നിങ്ങനെ, ആളുകളുടെ സന്ദേഹം
അപ്പോൾ ഇരട്ടിക്കും.
ഉച്ചവെയിലത്ത് ഒരു പൂവിനെ
കാണുമ്പോൾ പുഞ്ചിരിക്കും.
പ്രിയേ-
പരിഗണിക്കാത്ത സങ്കടങ്ങൾക്ക്
അധികം ആയുസ്സില്ലല്ലോ!